നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി; സഹോദരന്റെ വാദങ്ങള്‍ തളളി തലാല്‍ ആക്ഷന്‍ കൗണ്‍സിലിന്റെ വക്താവ്
nimisha priya
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി; സഹോദരന്റെ വാദങ്ങള്‍ തളളി തലാല്‍ ആക്ഷന്‍ കൗണ്‍സിലിന്റെ വക്താവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th August 2025, 9:49 pm

സനാ: മതപണ്ഡിതരുടെ ഉന്നത ഇടപെടലുകളെ തുടര്‍ന്ന് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി യെമനിലെ തലാല്‍ ആക്ഷന്‍ കൗണ്‍സിലിന്റെ വക്താവ് സര്‍ഹാന്‍ ഷംസാന്‍ അല്‍-വിസ്വാബി. നിമിഷപ്രിയയുടെ മോചനത്തിലേക്കുള്ള വഴികള്‍ തുറക്കുകയാണെന്നും സര്‍ഹാന്‍ പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയാണ് സര്‍ഹാന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

നേരത്തെ, കൊല്ലപ്പെട്ട യെമന്‍ പൗരന്‍ അബ്ദു മഹ്ദി തലാലിന്റെ സഹോദരന്‍ നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് തീയതി നിശ്ചയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഫതാഹ് മഹ്ദി പുറത്തുവിടുന്ന വിവരങ്ങള്‍ അധികാരികമല്ലെന്നാണ് തലാല്‍ ആക്ഷന്‍ കൗണ്‍സിലിന്റെ വക്താവ് പറയുന്നത്.

ജൂലൈ 28ന് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഓഫീസ് അറിയിച്ചിരുന്നു. മോചനം അടക്കമുള്ള കാര്യങ്ങളില്‍ ചര്‍ച്ച തുടരുകയാണെന്നും കാന്തപുരത്തിന്റെ ഓഫീസ് അറിയിക്കുകയുണ്ടായി.

എന്നാല്‍ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയ വിവരവും കാന്തപുരത്തിന്റെ ഇടപെടലിനെ കുറിച്ചും അറിയില്ലെന്നാണ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചത്.

യെമന്‍ സര്‍ക്കാരില്‍ നിന്ന് തങ്ങള്‍ക്ക് ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പ്രതികരിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് തലാലിന്റെ ആക്ഷന്‍ കൗണ്‍സിലിലെ അംഗം തന്നെ വധശിക്ഷ റദ്ദ് ചെയ്യപ്പെട്ടുവെന്ന് അറിയിക്കുന്നത്.

അതേസമയം കാന്തപുരത്തിന്റെയും യെമനിലെ സൂഫി പണ്ഡിതനായ ഷെയ്ഖ് ഹബീബ് ഉമറിന്റെയും ഇടപെടലുകളെ പൂര്‍ണമായും തള്ളിക്കൊണ്ടാണ് ഫത്താഹ് മഹ്ദി ഫേസ്ബുക്കില്‍ ഉള്‍പ്പെടെ പ്രതികരിക്കുന്നത്.

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ശിക്ഷ മരവിപ്പിച്ചെന്ന വിവരം പുറത്തുവരുന്നത്. തലാലിന്റെ കുടുംബവുമായും ഗോത്ര നേതാക്കളുമായും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചത്.

തലാലിന്റെ മരണം കുടുംബങ്ങള്‍ക്ക് പുറമെ ഗോത്രങ്ങള്‍ക്കിടയിലും ദമാര്‍ പ്രദേശ വാസികള്‍ക്കിടയിലും ഒരു വലിയ വൈകാരിക പ്രശ്നമായിരുന്നു. ഇക്കാരണത്താല്‍ തലാലിന്റെ കുടുംബവുമായി ബന്ധപ്പെടാന്‍ സര്‍ക്കാരിനോ നിമിഷപ്രിയയുടെ ആക്ഷന്‍ കൗണ്‍സിലിനോ സാധിച്ചിരുന്നില്ല.

എന്നാല്‍ കാന്തപുരം വിഷയത്തില്‍ ഇടപെട്ടതോടെ തലാലിന്റെ കുടുംബവുമായി ബന്ധപ്പടാന്‍ അവസരം ലഭിക്കുകയായിരുന്നു. കാന്തപുരത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് യെമനിലെ പ്രമുഖ സൂഫി ഗുരുവായ ഷൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹബീദുലും അദ്ദേഹത്തിന്റെ ശിഷ്യന്മാരുമാണ് യെമനില്‍ നിര്‍ണായകമായ ഇടപെടല്‍ നടത്തിയത്.

Content Highlight: Nimishapriya’s death sentence overturned; Talal Action Council spokesperson rejects brother’s arguments