പ്രാദേശിക തെരഞ്ഞെടുപ്പില്‍ തിരിച്ചടി; ഭരണകക്ഷി അധ്യക്ഷസ്ഥാനം രാജിവെച്ച് തായ്‌വാന്‍ പ്രസിഡന്റ്
World News
പ്രാദേശിക തെരഞ്ഞെടുപ്പില്‍ തിരിച്ചടി; ഭരണകക്ഷി അധ്യക്ഷസ്ഥാനം രാജിവെച്ച് തായ്‌വാന്‍ പ്രസിഡന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th November 2022, 9:29 am

തായ്‌പേയ് സിറ്റി: പ്രാദേശിക തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയെ തുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ച് തായ്‌വാന്‍ പ്രസിഡന്റ് സായ് ഇങ്- വെന്‍ (Tsai Ing-wen).

ഭരണകക്ഷിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയുടെ (Democratic Progressive Party) നേതൃസ്ഥാനം രാജിവെക്കുന്നതായാണ് സായ് ഇങ്- വെന്‍ പഖ്യാപിച്ചത്. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തില്‍ ഉത്തരവാദിത്തമേറ്റെടുത്ത് കൊണ്ടാണ് രാജി.

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ശനിയാഴ്ച പുറത്തുവന്നപ്പോള്‍, പ്രോ-ചൈന നിലപാടുകളുള്ള പ്രതിപക്ഷ പാര്‍ട്ടിയായ കുമിന്‍ടാങ് പാര്‍ട്ടിയാണ് (Kuomintang) കൂടുതല്‍ സീറ്റുകളില്‍ വിജയിച്ചത്.

”തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചതുപോലെ ആയിരുന്നില്ല. എല്ലാ ഉത്തരവാദിത്തവും ഞാന്‍ ഏറ്റെടുക്കേണ്ടതുണ്ട്. അതുകൊണ്ട് ഞാന്‍ ഉടന്‍ തന്നെ ഡി.പി.പി അധ്യക്ഷ സ്ഥാനം രാജിവെക്കും,” രാജി തീരുമാനം അറിയിച്ചുകൊണ്ട് സായ് ഇങ്- വെന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പ്രാദേശിക കൗണ്‍സിലുകളിലേക്കും സിറ്റി മേയര്‍മാരെ തെരഞ്ഞെടുക്കുന്നതിനുമുള്ള തെരഞ്ഞെടുപ്പാണ് തായ്‌വാനില്‍ കഴിഞ്ഞത്.

ചൈനയും യു.എസും തമ്മിലുള്ള വാക്‌പോരിനും സംഘര്‍ഷങ്ങള്‍ക്കുമുള്ള ജിയോപൊളിറ്റിക്കല്‍ കാരണമായി നില്‍ക്കുന്നു എന്നതിനാല്‍ തന്നെ തായ്‌വാനിലെ പ്രാദേശിക തെരഞ്ഞെടുപ്പ് അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു.

ചൈനയുമായുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ നടക്കുന്നത് ‘ജനാധിപത്യത്തിന് വേണ്ടിയുള്ള വോട്ടെടുപ്പാണ്’ എന്നായിരുന്നു സായ് നേരത്തെ പ്രതികരിച്ചിരുന്നത്.

എന്നാല്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജി വെച്ചെങ്കിലും തായ്‌വാന്റെ പ്രസിഡന്റായി സായ് ഇങ്- വെന്‍ തന്നെ തുടരും.

ചൈനയുടെ എതിര്‍പ്പ് വകവെക്കാതെ യു.എസ് സ്പീക്കര്‍ നാന്‍സി പെലോസിയെ തായ്‌വാനിലേക്ക് ക്ഷണിക്കുകയും സ്വീകരിക്കുകയും ചെയ്ത നേതാവാണ് സായ് ഇങ്- വെന്‍.

ചൈനയുടെ ഭാഗത്ത് നിന്നുള്ള തുടര്‍ച്ചയായ മുന്നറിയിപ്പുകളും ഭീഷണികളും അവഗണിച്ച് കൊണ്ടായിരുന്നു ഇക്കഴിഞ്ഞ ഓഗസ്റ്റ് രണ്ടിന് നാന്‍സി പെലോസി തായ്‌വാനിലെത്തിയത്. യു.എസിന്റെ യുദ്ധ വിമാനങ്ങളുടെ കനത്ത സുരക്ഷാ അകമ്പടിയോടെയായിരുന്നു പെലോസി തായ്‌വാനില്‍ വിമാനമിറങ്ങിയത്.

സന്ദര്‍ശനത്തോടനുബന്ധിച്ച് ചൈന തായ്‌വാനില്‍ യുദ്ധ വിമാനങ്ങള്‍ വിന്യസിച്ചിരുന്നു.

സന്ദര്‍ശനത്തിന് പിന്നാലെ തായ്‌വാനെ ചുറ്റിപ്പറ്റിക്കൊണ്ട് കടലില്‍ ചൈന സൈനിക അഭ്യാസവും ആരംഭിച്ചിരുന്നു. റഷ്യയുടെ ഭാഗത്ത് നിന്നുള്ള പിന്തുണയും ചൈനക്കുണ്ടായിരുന്നു.

ഏഷ്യാ സന്ദര്‍ശനത്തിന്റെ ഭാഗമായായിരുന്നു പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനവും. സന്ദര്‍ശനത്തിന് പിന്നാലെ പെലോസിക്ക് മേല്‍
ചൈനീസ് വിദേശകാര്യ മന്ത്രാലയം ഉപരോധം പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സന്ദര്‍ശനം അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധത്തില്‍ വീണ്ടും വിള്ളല്‍ വീഴ്ത്തിയിരുന്നു.

Content Highlight: Taiwan President Tsai Ing-wen quits as party chief after failure in local elections