ഇലോണ്‍ മസ്‌കിന്റെ വാക്കിലും പെരുമാറ്റത്തിലും മനം മടുത്തു; ട്വിറ്റര്‍ ഉപേക്ഷിച്ച് ഭരണപക്ഷ പാര്‍ട്ടി
World News
ഇലോണ്‍ മസ്‌കിന്റെ വാക്കിലും പെരുമാറ്റത്തിലും മനം മടുത്തു; ട്വിറ്റര്‍ ഉപേക്ഷിച്ച് ഭരണപക്ഷ പാര്‍ട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th November 2022, 10:28 pm

സ്ലോവേനിയ: ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ കേട്ടുകേള്‍വിയില്ലാത്ത നടപടികള്‍ക്കായിരുന്നു ആ സമൂഹമാധ്യമം സാക്ഷ്യം വഹിച്ചത്. ബ്ലൂ ടിക് വെരിഫിക്കേഷന് പണം ഈടാക്കിയതും കൂട്ടപ്പിരിച്ചുവിടലും ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് പുനസ്ഥാപിച്ചതുമടക്കമുള്ള നടപടികള്‍ വ്യാപകമായ വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയത്.

കൂടാതെ പല നടപടികളിലെയും അപ്രായോഗികത ഇലോണ്‍ മസ്‌കിന് തന്നെ തിരിച്ചടിയാവുകയും ചെയ്തിരുന്നു. നേരത്തെ താരതമ്യേനെ വിശ്വാസ്യതയുള്ള സമൂഹമാധ്യമമായി കണക്കാക്കിയിരുന്ന ട്വിറ്ററിന്റെ അടിസ്ഥാന രീതികളില്‍ പോലും വിള്ളലുണ്ടാകുന്നതില്‍ യൂസര്‍മാര്‍ ആശങ്കയും പ്രകടിപ്പിച്ചിരുന്നു.

ഇലോണ്‍ മസ്‌കിന്റെ നടപടികളില്‍ പ്രതിഷേധിച്ചും ട്വിറ്ററിലെ മറ്റ് പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചും ഈ പ്ലാറ്റ്‌ഫോം ഉപേക്ഷിക്കാന്‍ ആലോചിക്കുന്നതായി പലരും പ്രതികരിച്ചിരുന്നു.

ഇപ്പോള്‍ അത്തരമൊരു നടപടിയിലേക്ക് കടന്നിരിക്കുകയാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി, സ്ലോവേനിയ ഭരിക്കുന്ന ഫ്രീഡം മൂവ്‌മെന്റ് പാര്‍ട്ടിയാണ് അത്. തങ്ങള്‍ ട്വിറ്റര്‍ ഉപയോഗിക്കുന്നത് നിര്‍ത്തുകയാണെന്ന് ഇവര്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്.

ട്വിറ്ററില്‍ വ്യാജവാര്‍ത്തകളും വിദ്വേഷ പ്രചരണങ്ങളും ശക്തമാകുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് പാര്‍ട്ടി ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. പുതിയ ട്വിറ്റര്‍ മേധാവിയുടെ നടപടികള്‍ ഇത്തരം രീതികള്‍ വര്‍ധിപ്പിക്കാന്‍ ഇടയാക്കുന്നതാണെന്നും പാര്‍ട്ടി അഭിപ്രായപ്പെട്ടു.

‘ട്വിറ്ററിന്റെ പുതിയ ഉടമയുടെയും മാനേജ്‌മെന്റിന്റെയും പ്രഖ്യാപനങ്ങളില്‍ നിന്നും പെരുമാറ്റത്തില്‍ നിന്നും അവര്‍ കൂടുതല്‍ വിദ്വേഷ പ്രസംഗങ്ങള്‍ക്കും മോശമായ സംഭാഷണങ്ങള്‍ക്കും അവസരം നല്‍കുമെന്ന് തന്നെയാണ് മനസിലാകുന്നത്,’ ട്വിറ്റര്‍ ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചികൊണ്ടുള്ള പ്രസ്താവനയില്‍ പാര്‍ട്ടി അറിയിച്ചു.

രാഷ്ട്രീയത്തില്‍ മര്യാദകളും മെച്ചപ്പെട്ട രീതികളും തിരിച്ചുകൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചായിരുന്നു ഫ്രീഡം മൂവ്‌മെന്റ് പാര്‍ട്ടിയുടെ പ്രധാന നേതാവായ റോബര്‍ട്ട് ഗോലോബ് പ്രധാനമന്ത്രി പദം ഏറ്റെടുത്തത്. ഈ വാഗ്ദാനത്തിന്റെ ഭാഗം കൂടിയാണ് ട്വിറ്റര്‍ ഉപേക്ഷിക്കാനുള്ള തീരുമാനം.

ചില സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസമായി പാര്‍ട്ടിയുടെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്ത നിലയിലായിരുന്നു. ജനങ്ങളോട് സംവദിക്കുന്നതിന് ട്വിറ്റര്‍ അനിവാര്യമല്ലെന്ന് ഈ ദിവസങ്ങളില്‍ നിന്ന് മനസിലായെന്നാണ് പാര്‍ട്ടി പറയുന്നത്.

ചില രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകരും അനുഭാവികളും സമൂഹത്തെ ധ്രുവീകരിക്കാനും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനും തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കാനും വിദ്വേഷം പടര്‍ത്താനും ട്വിറ്റര്‍ ഉപയോഗിക്കുന്നുണ്ടെന്നും അതില്‍ ഭാഗമാകാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്നും പാര്‍ട്ടി പുറത്തുവിട്ട പ്രസ്താവയില്‍ പറയുന്നുണ്ട്.

Content Highlight: Slovenia’s ruling party leaves twitter as it is fed up with Elon Musk’s new policies