മുസ്‌ലിങ്ങള്‍ മുഖ്യമന്ത്രിയാകരുതെന്ന് ഭരണഘടനയില്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? വെള്ളാപ്പള്ളിയോട് ടി.എസ്. ശ്യാംകുമാര്‍
Kerala News
മുസ്‌ലിങ്ങള്‍ മുഖ്യമന്ത്രിയാകരുതെന്ന് ഭരണഘടനയില്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? വെള്ളാപ്പള്ളിയോട് ടി.എസ്. ശ്യാംകുമാര്‍
ആദര്‍ശ് എം.കെ.
Thursday, 30th April 2026, 5:36 pm

 

കോഴിക്കോട്: യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ മുസ്‌ലിം ലീഗില്‍ നിന്നും മുഖ്യമന്ത്രിയുണ്ടായേക്കാമെന്ന എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്‌ക്കെതിരെ അധ്യാപകനും സാമൂഹിക നിരീക്ഷകനുമായ ടി.എസ്. ശ്യാംകുമാര്‍.

ഇന്ത്യന്‍ ഭരണഘടനയില്‍ മുസ് ലിങ്ങള്‍ മുഖ്യമന്ത്രി ആകരുതെന്ന് ഇന്ത്യന്‍ ഭരണഘടനയില്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ശ്യാംകുമാര്‍ ചോദിച്ചു.

ഒരു പ്രത്യേക വിഭാഗത്തില്‍ പെട്ട ആള്‍ക്കാരുടെ അമിതപ്രാതിനിധ്യം അധികാര രംഗത്തുണ്ടായിട്ടും ഒരിക്കല്‍ പോലും അത് ചോദിക്കാത്തവരാണ് തുടര്‍ച്ചയായി വിദ്വേഷ പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മുസ്‌ലിം ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനത്തെ കുറിച്ച് നിരന്തരം സംസാരിക്കുന്നവര്‍ ഒരു പ്രത്യേക വിഭാഗത്തില്‍ പെട്ടവരുടെ അമിതാധികാര കുത്തകയെ ഒരിക്കലും ചോദ്യം ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയാകാനും, അധികാര പദവികള്‍ അലങ്കരിക്കാനും വരേണ്യര്‍ മാത്രം മതിയെന്ന പൊതുധാരണ പ്രബലമായിട്ടുണ്ട്. ആത്യന്തികമായി ഇത്തരം ധാരണകളും പ്രസ്താവനകളും മുസ്‌ലിങ്ങളെയും പാര്‍ശ്വവത്കൃതരെയും അധികാരത്തില്‍ നിന്ന് പുറത്താക്കി അംബേദ്കര്‍ പറഞ്ഞ വരേണ്യ ഒളിഗാര്‍ക്കി സ്ഥാപിക്കാനുള്ള ശ്രമമാണെന്നും ശ്യാംകുമാര്‍ കുറ്റപ്പെടുത്തി.

ശ്യാംകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ലീഗ് മുഖ്യമന്ത്രി വന്നാലും അത്ഭുതപ്പെടാനില്ലെന്നാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവന. ഇന്ത്യന്‍ ഭരണഘടനയില്‍ മുസ്‌ലിങ്ങള്‍ മുഖ്യമന്ത്രിയാകരുതെന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?

ഒരു പ്രത്യേക വിഭാഗത്തില്‍ പെട്ട ആള്‍ക്കാരുടെ അമിതപ്രാതിനിധ്യം അധികാര രംഗത്തുണ്ടായിട്ടും ഒരിക്കല്‍ പോലും അത് ചോദിക്കാത്തവരാണ് തുടര്‍ച്ചയായി വിദ്വേഷ പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കൂടാതെ, പട്ടികജാതി വിഭാഗത്തില്‍ പെട്ട ഒരു മന്ത്രിയില്ലാത്ത അവസ്ഥ വരെ ഉണ്ടായി.

മുസ്‌ലീം ലീഗിന്റെ അഞ്ചാം മന്ത്രിയെ പറ്റി നിരന്തരം പറയുന്നവര്‍ ഒരു പ്രത്യേക വിഭാഗത്തില്‍ പെട്ടവരുടെ അമിതാധികാര കുത്തകയെ ഒരിക്കലും ചോദ്യം ചെയ്തില്ല. പരശുരാമന്‍ ബ്രാഹ്‌മണര്‍ക്ക് ദാനം നല്‍കിയതാണ് കേരളം എന്ന കഥയെ പിന്തുടര്‍ന്നുകൊണ്ടാണെന്ന് തോന്നുന്നു മന്ത്രിയാകാനും, അധികാര പദവികള്‍ അലങ്കരിക്കാനും വരേണ്യര്‍ മാത്രം മതി എന്ന പൊതുധാരണ പ്രബലമായിട്ടുണ്ട്.

ആത്യന്തികമായി ഇത്തരം ധാരണകളും പ്രസ്താവനകളും മുസ്‌ലിങ്ങളെയും പാര്‍ശ്വവത്കൃതരെയും അധികാരത്തില്‍ നിന്ന് പുറത്താക്കി അംബേദ്കര്‍ പറഞ്ഞ വരേണ്യ ഒളിഗാര്‍ക്കി സ്ഥാപിക്കാനുള്ള ശ്രമമാണ്.

എക്‌സിറ്റ് പോളിനെ കുറിച്ചുള്ള വിലയിരുത്തലിനിടെയാണ് വെള്ളാപ്പള്ളി മുസ്‌ലിം ലീഗിനെതിരെ വിമര്‍ശനമുന്നയിച്ചത്. യു,ഡി,എഫ് ഭരണത്തിലെത്തിയാല്‍ ഭരണം നിയന്ത്രിക്കുക ലീഗായിരിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്.

കോണ്‍ഗ്രസ് മുഖ്യമന്ത്രി ആരാകണമെന്ന് ലീഗ് പറയരുതായിരുന്നു. കോണ്‍ഗ്രസില്‍ ആര് മുഖ്യമന്ത്രിയാകണമെന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണ്, ലീഗല്ല. എന്നാല്‍ സതീശന്‍ മുഖ്യമന്ത്രിയാകണമെന്ന് ലീഗ് നേതാക്കള്‍ പറയുന്നത് അംഗീകരിക്കാനാവില്ല. യു.ഡി.എഫിലെ മറ്റു ഘടകകക്ഷികള്‍ ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കുന്നവരായി മാറിയെന്നും വെള്ളാപ്പള്ളി നടേശന്‍ പരിഹസിച്ചു.

 

Content highlight: T.S. Shyamkumar opposes Vellappally Natesan’s statement that if the UDF comes to power, the Chief Minister may be from the Muslim League.

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.