കുനിച്ചുനിര്‍ത്തി നട്ടെല്ല് ലാക്കാക്കി കരിക്കിന്‍ തൊണ്ടുകൊണ്ട് എറിഞ്ഞു വീഴ്ത്തി; അടിയന്തരാവസ്ഥക്കാലത്ത് നേരിട്ട മര്‍ദനങ്ങള്‍ ഓര്‍ത്തെടുത്ത് ടി.പി. രാമകൃഷ്ണന്‍
Kerala News
കുനിച്ചുനിര്‍ത്തി നട്ടെല്ല് ലാക്കാക്കി കരിക്കിന്‍ തൊണ്ടുകൊണ്ട് എറിഞ്ഞു വീഴ്ത്തി; അടിയന്തരാവസ്ഥക്കാലത്ത് നേരിട്ട മര്‍ദനങ്ങള്‍ ഓര്‍ത്തെടുത്ത് ടി.പി. രാമകൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th June 2025, 11:00 am

കോഴിക്കോട്: അടിയന്തരാവസ്ഥയുടെ 50ാം വാര്‍ഷികത്തില്‍ അക്കാലത്ത് താന്‍ നേരിട്ട മര്‍ദനങ്ങള്‍ ഓര്‍ത്തെടുത്ത് എല്‍.ഡി.എഫ് കണ്‍വീനറും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവും പേരാമ്പ്ര എം.എല്‍.എയുമായ ടി.പി. രാമകൃഷ്ണന്‍. അടിയന്തരവാസ്ഥക്കാലത്ത് സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറിയും ട്രേഡ് യൂണിയന്‍ നേതാവുമായിരുന്ന ടി.പി. രാമകൃഷ്ണന് ക്രൂരമായ മര്‍ദനങ്ങളാണ് ഏല്‍ക്കേണ്ടി വന്നിട്ടുള്ളത്.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തനിക്കും കൂടെയുണ്ടായിരുന്നവര്‍ക്കും ഏല്‍ക്കേണ്ടി വന്ന മര്‍ദനങ്ങളെ കുറിച്ച് വിവരിക്കുന്നത്. കക്കയം ക്യാമ്പില്‍ വെച്ചും അതിന് മുമ്പ് ലോക്കപ്പില്‍ വെച്ചും നേരിടേണ്ടി വന്ന മര്‍ദനങ്ങളും അനുഭവങ്ങളുമാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിവരിച്ചിരിക്കുന്നത്.

ചക്കിട്ടപ്പാറിയില്‍ അടിയന്തരാവസ്ഥക്കെതിരെ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത സി.പി.ഐ.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തപ്പോള്‍ അവരുടെ കുടുംബങ്ങളെ സഹായിക്കാനായി അന്നത്തെ ലോക്കല്‍ സെക്രട്ടറിയായിരുന്ന താനും സഹപ്രവര്‍ത്തകരും മുന്നിട്ടിറങ്ങിയെന്നും അതിനെ തുടര്‍ന്നാണ് പേരാമ്പ്ര പാര്‍ട്ടി ഓഫീസില്‍ വെച്ച് തന്നെ അറസ്റ്റ് ചെയ്യുന്നതെന്നും ടി.പി. രാമകൃഷ്ണന്‍ പറയുന്നു.

1976 ഫെബ്രുവരി 26നാണ് പൊലീസ് ലോക്കപ്പിലേക്ക് മാറ്റിയതെന്നും തീര്‍ത്തും വൃത്തിഹീനമായതും ഭക്ഷണവും വെള്ളവും ലഭിക്കാതെ അടിവസ്ത്രം മാത്രം ധരിക്കാന്‍ അനുവദിച്ചിരുന്ന ദിനങ്ങളായിരുന്നു അത് എന്നും ടി.പി. രാമകൃഷ്ണന്‍ ഓര്‍ത്തെടുക്കുന്നു. കൊടിയ മര്‍ദനങ്ങളും അവിടെ വെച്ച് ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.

എന്നാല്‍ കായണ്ണ പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിന് പിന്നാലെയാണ് തന്നെയും സഹപ്രവര്‍ത്തകരെയും കക്കയം ക്യാമ്പിലേക്ക് കൊണ്ടുപോയതെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. നെക്‌സലൈറ്റുകള്‍ നടത്തിയിട്ടുള്ള കായണ്ണ പൊലീസ് ആക്രമണം തന്നെയും സഹപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തതിലുള്ള പ്രതികാരമായി ചിത്രീകരിക്കാനും തൊഴിലാളികളെ കൊണ്ട് അത്തരത്തില്‍ പറയിപ്പിക്കാനുമാണ് പൊലീസ് ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനായി തൊഴിലാളികളുടെ ക്വോര്‍ട്ടേഴ്‌സുകളില്‍ പൊലീസ് നിരന്തരം റെയ്ഡുകള്‍ നടത്തിയെന്നും തന്നെയും സഹപ്രവര്‍ത്തകരെയും കായണ്ണ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയെന്നും അദ്ദേഹം ഓര്‍ത്തെടുക്കുന്നു.

കക്കയം ക്യാമ്പില്‍വെച്ചാണ് ഏറ്റവം ക്രൂരമായ മര്‍ദനങ്ങള്‍ തനിക്കും സഹപ്രവര്‍ത്തകര്‍ക്കും ഏല്‍ക്കേണ്ടി വന്നതെന്നും ടി.പി. രാമകൃഷ്ണന്‍ പറയുന്നു. പഴയൊരു കെ.എസ്.ഇ.ബി. വര്‍ക്ക് ഷെഡില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പിലായിരുന്നു തങ്ങളെ പാര്‍പ്പിച്ചിരുന്നതെന്നും തുരുമ്പെടുടത്ത ഇരുമ്പ് പൈപ്പിലൂടെ വരുന്ന വെള്ളമായിരുന്നു തങ്ങള്‍ക്ക് ദാഹം മാറ്റാനായി ലഭിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു.

ക്യാമ്പിന് പുറത്തുള്ള ഒരു ടെന്റില്‍ വെച്ചാണ് തങ്ങളെ ക്രൂരമായ മര്‍നങ്ങള്‍ക്കിരയാക്കിയതെന്നും അദ്ദേഹം ഓര്‍ത്തെടുക്കുന്നു. ജയറാം പടിക്കല്‍, ലക്ഷ്മണ, പുലിക്കോടന്‍ നാരായണന്‍ തുടങ്ങിയവരാണ് അന്ന് മര്‍ദനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്നും അദ്ദേഹം പറയുന്നു. പ്ലാന്റേഷന്‍ ലേബര്‍ യൂണിയന്റെ സെക്രട്ടറായിയിരുന്ന തന്നെയും സഹപ്രവര്‍ത്തകനായ ആര്‍. രവീന്ദ്രനെയും അവര്‍ ക്രൂരമായി മര്‍ദിച്ചെന്നും ടി.പി. രാമകൃഷണന്‍ കൂട്ടിച്ചേര്‍ത്തു.

‘തുടര്‍ച്ചയായ മര്‍ദനങ്ങള്‍ക്ക് ശേഷം രത്‌നവേലു എന്ന പൊലീസുകാരന്‍ കക്കയം ക്യാമ്പില്‍വെച്ച് എന്നെ ജയില്‍ മുറിയിലെ ചുമരിനോട് കുനിച്ചുനിര്‍ത്തി നട്ടെല്ല് ലാക്കാക്കി കരിക്കിന്‍ തൊണ്ടുകൊണ്ട് എറിഞ്ഞുവീഴ്ത്തുകയായിരുന്നു. ബോധരഹിതനായി ഞാന്‍ നിലത്തുവീണു. പൊലീസ് മര്‍ദനം മൂലം എനിക്ക് പുറത്തെയും നെഞ്ചിലെയും നീര്‍ക്കെട്ട് ക്രമാതീതമാവുകയും ചെയ്തു. ആരോഗ്യ സ്ഥിതി അത്യധികം മോശമായതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്കുശേഷം എന്നെ പേരാമ്പ്ര ലോക്കപ്പിലേക്ക് കൊണ്ടുവന്നു’ ടി.പി. രാമകൃഷ്ണന്‍ പറയുന്നു.

കക്കയം ക്യാമ്പില്‍ നിന്ന് പേരാമ്പ്ര ലോക്കപ്പിലേക്ക് തന്നെയും സഹപ്രവര്‍ത്തകരെയും എത്തിച്ചതിനെ കുറിച്ചും ടി.പി. രാമകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പൊലീസ് സ്‌റ്റേഷനിലേക്ക് പാര്‍ട്ടി നിര്‍ദേശ പ്രകാരം തങ്ങള്‍ക്ക് ചായയും പഴവും കൊണ്ടു വന്നിരുന്നവര്‍ പഴത്തിനകത്ത് മര്‍മാണി ഗുളിക ഉള്‍പ്പെടുത്തിയിരുന്നതും അദ്ദേഹം ഓര്‍ത്തെടുക്കുന്നു. ലോക്കപ്പില്‍ വെച്ച് സഹതടവുകാര്‍ പൊലീസ് കാണാതെ ആ ഗുളിക ഉപയോഗിച്ച് തന്നെ ശുശ്രൂഷിച്ചിരുന്നതെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ ഓര്‍ത്തെടുക്കുന്നു.

content highlights: T.P. Ramakrishnan Remembering the beatings he faced during the Emergency