ന്യൂദല്‍ഹി: ആര്‍.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതിക്ക് തിടുക്കത്തില്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി. കേസുമായി ബന്ധപ്പെട്ട വിചാരണ കോടതിയിലെ മുഴുവന്‍ രേഖകളും പരിശോധിക്കാതെ ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് സഞ്ജയ് കരോള്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം.
ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് ഗുരുതരമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. കേസിലെ മുഖ്യപ്രതി ജ്യോതിബാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. സാക്ഷിമൊഴികള്‍ ഉള്‍പ്പെടെ പരിശോധിക്കേണ്ടതുണ്ടെന്ന് പറഞ്ഞ കോടതി, ഈ ഘട്ടത്തില്‍ പ്രതിക്ക് ഇടക്കാല ജാമ്യം പോലും അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
15 ദിവസത്തിനകം വിചാരണ കോടതിയിലെ രേഖകള്‍ ഹാജരാക്കാനും നിര്‍ദേശമുണ്ട്. ഡിസംബര്‍ അഞ്ചിന് കേസ് വീണ്ടും പരിഗണിക്കും. ശിക്ഷാവിധിയെ ചോദ്യം ചെയ്ത് ടി.പി. വധക്കേസില്‍ മറ്റൊരു പ്രതിയായ പി.പി. റഫീഖ് നല്‍കിയ അപ്പീലിനൊപ്പമാണ് ജ്യോതിബാബുവിന്റെ ജാമ്യാപേക്ഷയും പരിഗണിക്കുന്നത്.
വാദത്തിനിടെ ടി.പി. ചന്ദ്രശേഖരന്റെ പങ്കാളിയും എം.എല്‍.എയുമായ കെ.കെ. രമ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചു. ജാമ്യാപേക്ഷയില്‍ ആവശ്യമായ രേഖകള്‍ ഫയല്‍ ചെയ്യാതെ സംസ്ഥാന സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന് രമയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആര്‍. ബസന്ത് ആരോപിച്ചു.
ഗുരുതരമായ ഒരു രാഷ്ട്രീയക്കൊലക്കേസില്‍ ജാമ്യം നല്‍കുന്നത് നീതിന്യായ വ്യവസ്ഥയില്‍ പൊതുജനങ്ങളുടെ വിശ്വാസം കുറയ്ക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിനുപിന്നാലെ കോടതിയില്‍ വാക്കുതര്‍ക്കമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പി.വി. ദിനേശും ജ്യോതിബാബുവിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ നാഗമുത്തുവും കെ.കെ. രമയുടെ വാദങ്ങള്‍ തള്ളി.
രമ അനാവശ്യമായി സര്‍ക്കാരിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണെന്ന് പി.വി. ദിനേശ് വാദിച്ചു. സര്‍ക്കാര്‍ എന്ത് ഗെയിമാണ് കളിക്കുന്നത് നാഗമുത്തുവും ചോദിച്ചു. പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ ഗാലറിക്ക് വേണ്ടിയാണ് കളിക്കുന്നതെന്ന് ആര്‍. ബസന്ത് പറഞ്ഞു.
ടി.പി. വധക്കേസിലെ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ക്കും ഏഴാം പ്രതിക്കും ഇരട്ട ജീവപര്യന്തമാണ് ഹൈക്കോടതി വിധിച്ചിരുന്നത്. എം.സി. അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, കെ. ഷിനോജ് എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം വിധിച്ചത്. കേസില്‍ പുതുതായി പ്രതി ചേര്‍ക്കപ്പെട്ട കെ.കെ. കൃഷ്ണനും ജ്യോതി ബാബുവിനും കോടതി ജീവപര്യന്തം തടവും വിധിച്ചിരുന്നു.
കേസിലെ ഒമ്പത് പ്രതികള്‍ക്ക് ശിക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ.കെ. രമ നല്‍കിയ അപ്പീല്‍ പരിഗണിച്ചായിരുന്നു വിധി. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷനും കെ.കെ. രമയും ആവശ്യപ്പെട്ടിരുന്നത്.
Content Highlight: T.P. Chandrasekhar murder case is serious; accused cannot be granted bail: Supreme Court