ഞാനുള്‍പ്പെടുന്ന ജനറേഷന് ശേഷം ഇന്ററസ്റ്റിംഗ് സിനിമ ചെയ്യുന്നൊരാള്‍ ആരെന്ന് ചോദിച്ചാല്‍ സന്തോഷത്തോടെ ആ പേര് പറയും: ടി.കെ. രാജീവ് കുമാര്‍
Entertainment
ഞാനുള്‍പ്പെടുന്ന ജനറേഷന് ശേഷം ഇന്ററസ്റ്റിംഗ് സിനിമ ചെയ്യുന്നൊരാള്‍ ആരെന്ന് ചോദിച്ചാല്‍ സന്തോഷത്തോടെ ആ പേര് പറയും: ടി.കെ. രാജീവ് കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 10th June 2021, 4:58 pm

സമൂഹം മാറുന്നതിനനുസരിച്ച് സിനിമ ഉണ്ടാകണമെന്നും അത്തരം സിനിമകളെടുക്കുന്ന സംവിധായകര്‍ ഉണ്ടാവണമെന്നും സംവിധായകന്‍ ടി.കെ. രാജീവ് കുമാര്‍. വലിയ ലാന്‍ഡ്മാര്‍ക്ക് സൃഷ്ടിക്കാനുള്ള സിനിമാ പ്രവര്‍ത്തകര്‍ പുതിയ കാലത്ത് ഉണ്ടായിവരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും രാജീവ് കുമാര്‍ പറഞ്ഞു.

‘ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് കെ.ജി. ജോര്‍ജ്, ഭരതന്‍, പത്മരാജന്‍ എന്നിവരുടെ സിനിമകള്‍ കണ്ടാണ് വന്നത്. അങ്ങനെയുള്ള വലിയ മാറ്റം ഞാന്‍ ഇപ്പോള്‍ പ്രതീക്ഷിക്കുന്നു. അത്തരമൊരു വലിയ കാലത്താണ് നാം ജീവിക്കുന്നത്. ജോര്‍ജ്, ഭരതന്‍, പത്മരാജന്‍ തുടങ്ങിയവരെപ്പോലെ സിനിമയെടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി.

പുതിയ തലമുറയുടെ ഭാഷയും പുതിയ തരം സിനിമ പറയാനുള്ള കഴിവുമുള്ള ആളാണ് അദ്ദേഹം. ഇന്റര്‍നാഷണല്‍ ലാംഗ്വേജ് അദ്ദേഹത്തിനുണ്ട്. ഞാനുള്‍പ്പെടുന്ന നമ്മുടെ ജനറേഷന് ശേഷം ഇന്ററസ്റ്റിംഗ് സിനിമ ചെയ്യുന്നൊരാള്‍ ആരെന്ന് ചോദിച്ചാല്‍ ഞാന്‍ സന്തോഷത്തോടെ പറയും ലിജോ ആണെന്ന്,’ രാജീവ് കുമാര്‍ പറഞ്ഞു.

രാജീവ് കുമാര്‍ സംവിധാനം ചെയ്തുകൊണ്ടിരിക്കുന്ന ചിത്രമാണ് ബര്‍മുഡ. ബര്‍മുഡയുടെ വിശേഷങ്ങളും രാജീവ് കുമാര്‍ അഭിമുഖത്തില്‍ പങ്കുവെച്ചു. സിനിമയുടെ പേര് ബര്‍മുഡ എന്ന് തീരുമാനിച്ചതിനെക്കുറിച്ചാണ് രാജീവ് കുമാര്‍ പറയുന്നത്.

‘യഥാര്‍ത്ഥ ജീവിതവുമായി ബന്ധപ്പെട്ടുള്ള കഥയാണ് ബര്‍മുഡയില്‍ പറയുന്നത്. മിസ്ട്രീസ് ഓഫ് മിസ്സിംഗ് എന്നതാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍. മനുഷ്യന്റെ ജീവിതത്തിലെ മിസ്സിംഗ് എലമെന്റുമായി ചിത്രത്തിന് ബന്ധമുണ്ട്. അതുകൊണ്ടാണ് ബര്‍മുഡ എന്ന പേര് നല്‍കിയത്,’ രാജീവ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: T K Rajeev Kumar says about Lijo Jose Pellissery