വില്ലന്‍ അല്ലാത്ത ഒരു കഥാപാത്രം ചെയ്ത സിനിമ; ആ പടത്തിലൂടെ എനിക്ക് ഒരുപാട് കത്തുകള്‍ കിട്ടി: ടി.ജി.രവി
Entertainment
വില്ലന്‍ അല്ലാത്ത ഒരു കഥാപാത്രം ചെയ്ത സിനിമ; ആ പടത്തിലൂടെ എനിക്ക് ഒരുപാട് കത്തുകള്‍ കിട്ടി: ടി.ജി.രവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 25th May 2025, 9:01 am

മലയാള സിനിമയില്‍ ഒരു കാലത്ത് വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ടി.ജി. രവി എന്നറിയപ്പെടുന്ന ടി.ജി. രവീന്ദ്രനാഥന്‍. ബാലന്‍ കെ. നായര്‍ക്കൊപ്പം 1970കളിലും 1980കളിലും മലയാള സിനിമയില്‍ ഒരുപാട് നെഗറ്റീവ് കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഉത്തരായനം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയ ജീവിതം ആരംഭിക്കുന്നത്.

തനിക്ക് ഒരുപാട് കത്തുകള്‍ ലഭിച്ച സിനിമയാണ് സന്ധ്യമയങ്ങും നേരം എന്ന് ടി.ജി രവി പറയുന്നു.നമ്മള്‍ എത്ര നന്നായി അഭിനയിച്ചെന്ന് നമുക്ക് തോന്നിയാലും സംവിധായകന് നമ്മളെ സിനിമയില്‍ കൃത്യമായൊരു ഇടത്തില്‍ പ്ലേസ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ താന്‍ ചെയ്തതിന് ഒരു ഫലവുമുണ്ടാകില്ലെന്നും അതിനനുസരിച്ചിരിക്കും സിനിമയില്‍ നമ്മുടെ സ്ഥാനമെന്നും ടി.ജി രവി പറയുന്നു.

സന്ധ്യ മയങ്ങും നേരം എന്നൊരു സിനിമയില്‍ താന്‍ പണ്ട് അഭിനയിച്ചിരുന്നുന്നെന്നും വില്ലന്‍ വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി സഹോദരിയെ ഒരുപാട് സ്‌നേഹിക്കുന്ന ഒരു സഹോദരന്റെ വേഷമാണ് താന്‍ സിനിമയില്‍ ചെയ്തിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമയില്‍ തന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നുവെന്നും ആ സിനിമക്ക് ശേഷം തനിക്ക് ധാരാളം കത്തുകള്‍ ലഭിച്ചിരുന്നുവെന്നും ടി.ജി രവി പറഞ്ഞു. ജാങ്കോ സ്‌പേസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നമ്മള്‍ എത്ര നന്നായി അഭിനയിച്ചു എന്ന് നമുക്ക് തോന്നിയാല്‍ പോലും, സംവിധായകന്‍ അതിന്റെ കറക്റ്റായിട്ടുള്ള പൊസിഷനില്‍ എന്നെ കൊണ്ടുപോയി ഇട്ടിട്ടില്ലെങ്കില്‍ ഞാന്‍ ചെയ്തതിന് ഒരു ഫലവും ഉണ്ടാകില്ല. തീര്‍ച്ചയായിട്ടും ഡയറക്ടര്‍ എങ്ങനെയാണ് നമ്മളെ പ്ലേസ് ചെയ്യാന്‍ പോകുന്നത് എന്നതിന് അനുസരിച്ചിരിക്കും സിനിമയില്‍ എനിക്ക് കിട്ടുന്ന സ്ഥാനം.

സന്ധ്യ മയങ്ങും നേരം എന്ന് പറഞ്ഞ ഒരു സിനിമയില്‍ ഞാന്‍ പണ്ട് അഭിനയിച്ചിരുന്നു.അന്ന് വില്ലന്‍ കഥാപാത്രങ്ങള്‍ മാത്രം ചെയ്തുകൊണ്ടിരുന്ന ഞാന്‍, ഈ സിനിമയില്‍ സഹോദരിയെ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്ന വിവാഹം കഴിക്കാത്ത ഒരു സഹോദരനായിട്ടാണ് എത്തുന്നത്. അതായിരുന്നു എന്റെ കഥാപാത്രം.

സഹോദരിയും മക്കളും കൂടെ വീട്ടില്‍ വരുന്ന ഒരു സീനുണ്ട്. അവിടെ കുട്ടികള്‍ക്ക് ചിക്കന്‍ കറി കൊടുക്കണം. അപ്പോള്‍ അവിടെ ഉണ്ടായിരുന്ന കോഴി ഓടി പോയി, എന്നിട്ട് കോഴിയെ പിടിക്കാന്‍ വേണ്ടി ഞാനും കൂട്ടികളും കൂടെ ഓടുന്ന ഒരു സീനുണ്ട്. അങ്ങനെ വളരെ വ്യത്യസ്തമായൊരു ക്യാര്കടറാണ് ചെയ്തത്. ആ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്ന് ആ സിനിമക്ക് ശേഷം എനിക്ക് ഒരുപാട് കത്തുകള്‍ കിട്ടിയിരുന്നു. അത്രമാത്രം കത്തുകള്‍ എനിക്ക് വന്നിരുന്നു,’ ടി.ജി. രവി പറയുന്നു.

1983ല്‍ ജോണ്‍പോള്‍ കഥ, തിരക്കഥ സംഭാഷണമെഴുതി ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണ് സന്ധ്യ മയങ്ങും നേരം. ബോബന്‍ കുഞ്ചാക്കോ നിര്‍മിച്ച ഈ ചിത്രത്തില്‍ ഭരത് ഗോപി, ശ്രീനാഥ്, ടി ജി രവി, ജയഭാരതി, ഫിലോമിന, ഉണ്ണിമേരി തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു.

Content Highlight: T.G. Ravi says that Sandhyamayangum Neram is the film that has given him a lot of letters.