മലയാള സിനിമയില്‍ ഒരു കാലത്ത് വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ടി.ജി. രവി എന്നറിയപ്പെടുന്ന ടി.ജി. രവീന്ദ്രനാഥന്‍. ബാലന്‍ കെ. നായര്‍ക്കൊപ്പം 1970കളിലും 1980കളിലും മലയാള സിനിമയില്‍ ഒരുപാട് നെഗറ്റീവ് കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഉത്തരായനം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയ ജീവിതം ആരംഭിക്കുന്നത്. ചോര ചുവന്ന ചോര, പാദസരം എന്നീ സിനിമകള്‍ അദ്ദേഹം നിര്‍മ്മിച്ചിട്ടുമുണ്ട്.
ഇപ്പോള്‍ മലയാളത്തിന്റെ പ്രമുഖ നടന്‍ ജയനെ കുറിച്ച് സംസാരിക്കുകയാണ് ടി.ജി.രവി.
താനും ജയനും ചോര ചുവന്ന ചോര, ചാകര എന്നിങ്ങനെ കുറച്ച് സിനിമകളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ചാകര എന്ന സിനിമക്ക് ശേഷമാണ് തങ്ങള്‍ തമ്മില്‍ നല്ല സൗഹൃദത്തിലാവുന്നതെന്നും ട.ജി രവി പറയുന്നു. ഒരു സിനിമയില്‍ അദ്ദേഹത്തെ എടുത്താല്‍ നന്നായിരിക്കുമെന്ന് തനിക്ക് തോന്നിയെന്നും അതിനായി കഥ പറയാന്‍ ജയനെ കാണാന്‍ പോയെന്നും ടി.ജി.രവി പറഞ്ഞു.
സുധാര ലോഡ്ജിലേക്കാണ് താന്‍ അദ്ദേഹത്തെ കാണാന്‍ പോയതെന്നും അവിടെ എത്തിയപ്പോഴാണ് ജയന്റെ മരണ വാര്‍ത്ത അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു. അത് തനിക്ക് വലിയൊരു ഷോക്കായിരുന്നുവെന്നും ടി.ജി രവി കൂട്ടിച്ചര്‍ത്തു. ജാങ്കോ സ്‌പേസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജയന്റെ കൂടെ ഞാന്‍ സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചോര ചുവന്ന ചോര, ചാകര അങ്ങനെ കുറച്ച് സിനിമകള്‍. ചാകര കഴിഞ്ഞപ്പോളാണ് ഞാന്‍ ജയനുമായി കൂടുതല്‍ അടുപ്പമായത്. അടുത്ത ഒരു പടത്തില്‍ കൂടെ അദ്ദേഹത്തെ എടുത്താല്‍ കൊള്ളാം എന്ന് എനിക്കുണ്ടായിരുന്നു. അപ്പോള്‍ അതിന് ജയനെ ഒന്ന് കാണാന്‍ വേണ്ടി ഞാന്‍ പോയതാണ്. ഒരു കഥ പറയാന്‍ വേണ്ടി. അന്ന് മൊബൈല് ഒന്നും ഇല്ലാത്ത കാലഘട്ടമാണ്.
ഇവിടുന്ന് ട്രെയിനില്‍ കേറി ഞാന്‍ അവിടെ ചെന്ന് ഇറങ്ങി, സുധാര ലോഡ്ജിലേക്ക് പോയി. അവിടെ ചെന്നപ്പോള്‍ നമ്മുടെ സിനിമക്കാര് കുറേ പേര് നില്‍പ്പുണ്ട് അതിനകത്ത്. ‘ചേട്ടന്‍ ഇപ്പോള്‍ വരുന്ന വഴിയാണോ, അറിഞ്ഞില്ലേ’ എന്ന് ചോദിച്ചു. ഞാന്‍ ചോദിച്ചു എന്താണ്. ‘ ജയേട്ടന്‍ മരിച്ചുപോയി’ എന്ന് പറഞ്ഞു. അതെനിക്കൊരു വലിയ ഷോക്കായിരുന്നു. ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോയതാണ്. വലിയ ഷോക്ക് ആയിപോയി,’ ടി.ജി. രവി പറയുന്നു.
Content highlight: T.G. Ravi is talks about actot Jayan