'എന്റെ ഹീറോയിന്‍ ആകാമോ'യെന്ന മമ്മൂക്കയുടെ ചോദ്യം; ജീവിതത്തില്‍ ആദ്യമായി ഞാന്‍ സ്വയം തീരുമാനമെടുത്തു: ശ്വേത മേനോന്‍
Entertainment
'എന്റെ ഹീറോയിന്‍ ആകാമോ'യെന്ന മമ്മൂക്കയുടെ ചോദ്യം; ജീവിതത്തില്‍ ആദ്യമായി ഞാന്‍ സ്വയം തീരുമാനമെടുത്തു: ശ്വേത മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 28th June 2025, 4:00 pm

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് ശ്വേത മേനോന്‍. അഭിനയത്തിന് പുറമെ മോഡലിങ്, ടെലിവിഷന്‍ അവതാരണം എന്നിവയിലും തന്റെ കഴിവ് തെളിയിച്ച ആള്‍ കൂടിയാണ് ശ്വേത. 1994ല്‍ ഫെമിന മിസ് ഇന്ത്യ ഏഷ്യാ പസഫിക് കിരീടം നേടാന്‍ നടിക്ക് സാധിച്ചിരുന്നു.

1991ല്‍ ജോമോന്‍ സംവിധാനം ചെയ്ത അനശ്വരം എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് ശ്വേത തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. ആ സിനിമയില്‍ മമ്മൂട്ടിയുടെ നായിക ആയിട്ടാണ് ശ്വേത എത്തിയത്. പിന്നീട് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും അഭിനയിച്ചു.

പാലേരി മാണിക്യം: ഒരു പാതിരകൊലപാതകത്തിന്റെ കഥ, സാള്‍ട്ട് എന്‍ പെപ്പര്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും നേടി. ഇപ്പോള്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ ആദ്യമായി ജീവിതത്തില്‍ സ്വയം എടുത്ത തീരുമാനത്തെ കുറിച്ച് പറയുകയാണ് ശ്വേത മേനോന്‍.

‘ഞാന്‍ എന്റെ ജീവിതത്തില്‍ ആദ്യമായി സ്വയം തീരുമാനം എടുത്തത് അനശ്വരം എന്ന സിനിമയ്ക്ക് വേണ്ടി മമ്മൂക്ക വിളിച്ചപ്പോഴാണ്. ആ ഫോണ്‍ കോളിലാണ് ആദ്യമായി ഞാന്‍ സ്വയം ഒരു തീരുമാനം എടുക്കുന്നത്.

അന്ന് ഞാന്‍ സ്‌കൂളില്‍ പഠിക്കുകയാണ്. അതുവരെ അച്ഛനും അമ്മയുമാണ് എന്റെ എല്ലാം കാര്യങ്ങളും തീരുമാനിച്ചിരുന്നത്. ഞാന്‍ ആ സിനിമക്ക് സമ്മതം അറിയിച്ചാല്‍ എന്റെ അച്ഛനും അമ്മക്കും ദേഷ്യം വരുമോ അതോ അവര്‍ക്ക് സന്തോഷമാകുമോ എന്ന പേടിയുണ്ടായിരുന്നു.

അന്ന് മമ്മൂക്ക ഫോണില്‍ എന്നോട് ചോദിച്ച കാര്യം എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. ‘നാളെ തനിക്ക് വരാന്‍ പറ്റുമോ? സ്‌ക്രീന്‍ ടെസ്റ്റുണ്ട്. എന്റെ ഹീറോയിന്‍ ആകാന്‍ പറ്റുമോ?’ എന്നാണ് അദ്ദേഹം എന്നോട് ചോദിച്ചത്.

ആ സമയത്ത് ഞാന്‍ അച്ഛനെ ഒരു സെക്കന്റ് നേരത്തേക്ക് നോക്കി. ഞാന്‍ സമ്മതം പറഞ്ഞാല്‍ അച്ഛന്‍ അടിക്കുമോയെന്ന് പേടിച്ചിരുന്നു. എന്നിട്ടും ആദ്യമായി ഞാന്‍ സ്വയം ഒരു തീരുമാനമെടുത്തു. അത് പിന്നീട് എന്റെ കരിയറായി മാറുമെന്ന് ഞാന്‍ പ്രതീക്ഷിച്ചതല്ല.

അന്ന് എനിക്ക് അമ്പതിനായിരം രൂപയാണ് സാലറി ഉണ്ടായിരുന്നത്. ഞാന്‍ അന്ന് ഒരുപാട് സന്തോഷിച്ചു. 1991ലാണ് ഇതെന്ന് ഓര്‍ക്കണം. സിനിമയേക്കാള്‍ ആ പൈസ കിട്ടുമല്ലോ എന്നായിരുന്നു ഞാന്‍ ഓര്‍ത്തത്.

എന്നാല്‍ നാല് സിനിമകള്‍ കഴിഞ്ഞപ്പോള്‍ മിസ് ഇന്ത്യയായി. അതിന് ശേഷമാണ് ഞാന്‍ സിനിമയെ സീരിയസായി കാണുന്നത്. ഒരു പ്രൊഫഷനായി തെരഞ്ഞെടുക്കുന്നത് അപ്പോള്‍ മാത്രമാണ്,’ ശ്വേത മേനോന്‍ പറയുന്നു.


Content Highlight: Swetha Menon Talks About Anaswaram Movie And Mammootty