മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് സ്വാസിക. ആദ്യകാലങ്ങളില്‍ മലയാളത്തിലും തമിഴിലും ചെറുതും വലുതുമായ വേഷങ്ങളില്‍ തിളങ്ങിയ സ്വാസിക സീരിയല്‍ രംഗത്തും തന്റെ സാന്നിധ്യമറിയിച്ചു. 2020ല്‍ വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വാസികയെ തേടിയെത്തി. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ലബ്ബര്‍ പന്ത് എന്ന ചിത്രത്തിലെ പ്രകടനം സ്വാസികക്ക് ഒരുപാട് പ്രശംസ നേടിക്കൊടുത്തു.
ഇപ്പോള്‍ ലബ്ബര്‍ പന്ത് എന്ന സിനിമയ്ക്ക് വേണ്ടി നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ച് സംസാരിക്കുകയാണ് സ്വാസിക. ലബ്ബര്‍ പന്തിനുവേണ്ടി വീടിനടുത്തുള്ള ഇറച്ചിക്കടയില്‍ ഒരാഴ്ച്ച പോയി ഇറച്ചിവെട്ടുന്നത് പഠിച്ചെന്ന് സ്വാസിക പറയുന്നു. നാനാ സിനിമ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സ്വാസിക.
‘ലബ്ബര്‍ പന്തിനുവേണ്ടിയാണ് ഇറച്ചിവെട്ടുന്നത് കൃത്യമായി പരിശീലിച്ചത്. വീടിനടുത്തുള്ള ഇറച്ചിക്കടയില്‍ ഒരാഴ്ച്ച പോയി കാര്യങ്ങള്‍ പഠിച്ചു. നാട്ടില്‍ എല്ലാരും അറിയുന്നവര്‍ ആയതുകൊണ്ട് പഠിക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. രക്തമുള്ള ഇറച്ചി കൈകൊണ്ട് എടുക്കുമ്പോള്‍ മുഖത്ത് ഭാവവ്യത്യാസം ഒന്നും ഉണ്ടാകാന്‍ പാടില്ലല്ലോ.
ഈ കാര്യങ്ങളെല്ലാം ഒന്ന് പരിചിതമായി കഴിഞ്ഞാല്‍ അഭിനയത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാന്‍ പറ്റുമല്ലോ. ആക്ടിവിറ്റി ആലോചിച്ച് ടെന്‍ഷന്‍ ആകേണ്ട, അതാണ് ഇങ്ങനെ ചില കാര്യങ്ങള്‍ ഷൂട്ടിന് മുമ്പേ എടുക്കാന്‍ തീരുമാനിച്ചത്,’ സ്വാസിക പറയുന്നു.
നവാഗതനായ തമിഴരസന്‍ പച്ചമുത്തു സംവിധാനം ചെയ്ത സിനിമയാണ് ലബ്ബര്‍ പന്ത്. ചിത്രത്തില്‍ ആട്ടക്കത്തി ദിനേശ്, ഹരീഷ് കല്യാണ്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സ്വാസികയും ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ ലോക്കല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റുകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം ശക്തമായ രാഷ്ട്രീയവും സംസാരിക്കുന്നുണ്ട്.