ഇറച്ചിവെട്ട് പഠിക്കാന്‍ ഒരാഴ്ച ഇറച്ചിക്കടയില്‍ പോയി; ഇന്‍ട്രോ സീനിന് വേണ്ടി ട്രാക്ടറോടിച്ചു: സ്വാസിക
Entertainment
ഇറച്ചിവെട്ട് പഠിക്കാന്‍ ഒരാഴ്ച ഇറച്ചിക്കടയില്‍ പോയി; ഇന്‍ട്രോ സീനിന് വേണ്ടി ട്രാക്ടറോടിച്ചു: സ്വാസിക
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 16th June 2025, 7:33 pm

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് സ്വാസിക. 2009ല്‍ പുറത്തിറങ്ങിയ വൈഗൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നടി തന്റെ സിനിമാജീവിതം ആരംഭിച്ചത്. കരിയറിന്റെ തുടക്കത്തില്‍ മലയാളത്തിലും തമിഴിലുമായി ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്യാന്‍ സ്വാസികക്ക് സാധിച്ചു.

ഫ്‌ളവേഴ്‌സ് ചാനലിലെ സീത എന്ന സീരിയലിലെ ടൈറ്റില്‍ റോളിലൂടെ മലയാളി കുടുംബപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയായി സ്വാസിക മാറി. 2020ല്‍ വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന അവാര്‍ഡും സ്വാസികയെ തേടിയെത്തി.

തമിഴില്‍ ലബര്‍ പന്ത്, റെട്രോ, അപ്പുച്ചി ഗ്രാമം, മാമന്‍ തുടങ്ങിയ മികച്ച സിനിമകളിലും സ്വാസിക അഭിനയിച്ചു. ഇപ്പോള്‍ ലബര്‍ പന്ത് സിനിമക്ക് വേണ്ടി ഇറച്ചിവെട്ടുന്നത് പരിശീലിക്കാന്‍ പോയതിനെ കുറിച്ചും ട്രാക്ടര്‍ ഓടിക്കാന്‍ പഠിച്ചതിനെയും കുറിച്ച് പറയുകയാണ് സ്വാസിക.

ലബര്‍ പന്ത് സിനിമക്ക് വേണ്ടിയാണ് ഇറച്ചിവെട്ടുന്നത് കൃത്യമായി പരിശീലിച്ചത്. വീടിന് അടുത്തുള്ള ഇറച്ചിക്കടയില്‍ ഒരാഴ്ച പോയി കാര്യങ്ങള്‍ പഠിച്ചു. നാട്ടില്‍ എല്ലാരും അറിയുന്നവര്‍ ആയതുകൊണ്ട് പഠിക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല.

രക്തമുള്ള ഇറച്ചി കൈ കൊണ്ട് എടുക്കുമ്പോള്‍ മുഖത്ത് ഭാവവ്യത്യാസം ഒന്നും ഉണ്ടാകാന്‍ പാടില്ലല്ലോ. ഈ കാര്യങ്ങളെല്ലാം ഒന്ന് പരിചിതമായി കഴിഞ്ഞാല്‍ അഭിനയത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാന്‍ പറ്റുമല്ലോ.

ആക്ടിവിറ്റി ആലോചിച്ച് ടെന്‍ഷന്‍ ആകേണ്ട. അതാണ് ഇങ്ങനെ ചില കാര്യങ്ങള്‍ ഷൂട്ടിന് മുമ്പേ എടുക്കാന്‍ തീരുമാനിച്ചത്. ട്രാക്ടര്‍ ഓടിക്കാനും പഠിച്ചിരുന്നു. മൂവാറ്റുപുഴയില്‍ വീടിനടുത്തുള്ള ഒരു ചേട്ടനാണ് എന്നെ അതിന് സഹായിച്ചത്. രണ്ടാഴ്ച പാടത്ത് പോയി ട്രാക്ടര്‍ ഓടിച്ചു പഠിച്ചു.

കാരണം ട്രാക്ടര്‍ ഓടിച്ചു വരുന്നത് ഇന്‍ട്രോ ഷോട്ടാണെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. മുഖത്ത് ആറ്റിറ്റിയൂഡ് വേണം. ട്രാക്ടര്‍ ഓടിക്കാന്‍ ആത്മവിശ്വാസം ഇല്ലെങ്കില്‍ അത് മുഖത്തും ശരീരഭാഷയിലും പ്രകടമാകും. അതുകൊണ്ടാണ് നേരത്തെ അതിനായി തയ്യാറെടുപ്പ് നടത്തിയത്,’ സ്വാസിക പറയുന്നു.

Content Highlight: Swasika Talks About Lubber Pandhu Movie