പുതിയ തലമുറയെ മിസ്‌ലീഡ് ചെയുന്നെന്നും ഓൾഡ് സ്കൂൾ ആണെന്നും വിമർശിക്കുന്നു; അത് എന്റെ ചോയ്‌സാണ്: സ്വാസിക
Malayalam Cinema
പുതിയ തലമുറയെ മിസ്‌ലീഡ് ചെയുന്നെന്നും ഓൾഡ് സ്കൂൾ ആണെന്നും വിമർശിക്കുന്നു; അത് എന്റെ ചോയ്‌സാണ്: സ്വാസിക
നന്ദന. ടി
Thursday, 9th July 2026, 1:43 pm

മലയാള സിനിമയിലും ടെലിവിഷനിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരമാണ് സ്വാസിക. ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരം, ‘വാസന്തി’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും സ്വന്തമാക്കിയിരുന്നു. തുടർന്ന് ‘ചതുരം’, ‘കുമാരി’ , ‘പൊറിഞ്ചു മറിയം’ ജോസ് തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെയും, തമിഴിൽ ‘ലബ്ബർ പന്തു’, ‘മാമൻ’, ‘നൂറു സാമി’ തുടങ്ങിയ ചിത്രങ്ങളിലൂടെയും അഭിനയമികവ് തെളിയിച്ച സ്വാസിക, അടുത്തിടെ തമിഴ് പ്രേക്ഷകരുടെയും പ്രശംസ നേടിയിരുന്നു.

സ്വാസിക.photo.screen grab/youtube

ഇപ്പോൾ ഒരു ആരോഗ്യകരമായ വിവാഹജീവിതത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ പങ്കുവെക്കുകയാണ് താരം. ജെ.എഫ്.ഡബ്ല്യു ബിഞ്ച് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

‘ഒരു ഹെൽത്തി മാര്യേജിന് തീർച്ചയായും പരസ്പരമുള്ള ഒരു അണ്ടർസ്റ്റാൻഡിങ് ആവശ്യമാണ്. എന്നാൽ അത് ഒരാളുടെ ഭാഗത്തുനിന്ന് മാത്രം ഉണ്ടായാൽ പോരാ, രണ്ടുപേരും തുല്യമായി ശ്രമിക്കണം. ചില സമയങ്ങളിൽ അത് 50-50 ആവാം, ചിലപ്പോൾ 10-90 വരെയായെന്നും വരാം. അപ്പോൾ എന്ത് സംഭവിച്ചാലും ആ സാഹചര്യത്തെ ഉൾക്കൊള്ളാനും ക്ഷമിക്കാനുമുള്ള മനസ് രണ്ടുപേർക്കും വേണം. അല്ലാതെ, പെട്ടെന്ന് വന്നിട്ട് ഞാൻ എന്തിനാണ് എന്റെ ശീലങ്ങൾ മാറ്റുന്നത് എന്ന് ചിന്തിക്കരുത്.

ഞാൻ എന്റെ കരിയറിൽ എല്ലാം വളരെ സൂക്ഷിച്ചാണ് തിരഞ്ഞെടുത്തത്. അവിടെ പരാജയങ്ങളോ പ്രതിസന്ധികളോ വന്ന സമയത്തെല്ലാം ഞാൻ അതിനെതിരെ പൊരുതിയിരുന്നു. എല്ലാം ശരിയാകും എന്നൊരു ചിന്ത എനിക്കുണ്ടായിരുന്നു. അതുപോലെ തന്നെയാണ് വിവാഹജീവിതവും. നമ്മൾ നമ്മുടെ കരിയറിനായി ദിവസവും വർക്ക് ചെയ്യുന്നത് പോലെ വിവാഹജീവിതത്തിലും ദിവസവും അധ്വാനിക്കണം. അത് തനിയെ ശരിയായി വരും എന്ന് വിചാരിക്കരുത്.

ഇപ്പോൾ എന്റെ റിലേഷൻഷിപ്പിൽ ഞങ്ങൾ എന്നും എടുക്കുന്ന ഒരു എഫർട്ട് ഉണ്ട്. എത്ര വൈകിയാലും, എല്ലാ തിരക്കുകളും കഴിഞ്ഞ് വീഡിയോ കോൾ വിളിക്കുമ്പോൾ ഞങ്ങൾ ഒരുമിച്ചിരുന്ന് ഒരു ചോക്ലേറ്റോ അല്ലെങ്കിൽ ഗ്രീൻ ടീയോ കഴിച്ച് പരസ്പരം വിശേഷങ്ങൾ പങ്കുവെക്കും. അത് ഞങ്ങൾ കോൺസ്റ്റന്റ് ആയി ചെയാറുണ്ട്. ജോലിയുടെ ഭാഗമായി ഒരു മാസത്തോളം തമ്മിൽ കാണാൻ പറ്റാതെ വരുമ്പോഴും ഞങ്ങൾ ആ ബന്ധം അങ്ങനെയാണ് മെയിന്റൈൻ ചെയ്യുന്നത്. ഭാര്യ പറയുന്നതിലും ഭർത്താവ് പറയുന്നതിലും ഉള്ള നല്ല കാര്യങ്ങൾ ഉൾക്കൊണ്ട്, ഈക്വൽ ആയി ഒരു പോയിന്റിൽ എത്തിച്ചേരാനാണ് രണ്ടുപേരും ശ്രമിക്കേണ്ടത്.

ഷൂട്ടിങ് ഇല്ലാത്തപ്പോൾ വീട്ടിലുള്ള ദിവസങ്ങളിൽ രാവിലെ എഴുന്നേറ്റ് ഭർത്താവിന് ഭക്ഷണം പാകം ചെയ്തു കൊടുക്കാൻ ഒക്കെ എനിക്ക് വലിയ ഇഷ്ടമാണ്. അത് എന്റെയൊരു ഫാന്റസിയാണ്. അത് എല്ലാവരും ചെയ്യണം എന്നില്ല, അത് അത്ര എളുപ്പമുള്ള കാര്യവുമല്ല. ഒരു വൈഫ് ആയാൽ ഇതൊക്കെ ചെയ്യണം എന്ന് നിർബന്ധമില്ല, അതൊക്കെ ഓരോരുത്തരുടെ ചോയ്‌സ് ആണ്. പക്ഷേ, എനിക്ക് ഇതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വരാറുണ്ട്. ഒരുപക്ഷേ, ഈ ഇക്വാലിറ്റിക്ക് വേണ്ടി സംസാരിക്കുന്നവർക്ക് അത് മനസിലാവണം എന്നില്ല.

ഞാൻ പറയുന്നത് ഞാൻ ചെയ്യുന്നത് എന്റെ ചോയ്‌സ് ആണ്. സ്ത്രീകൾ ഇങ്ങനെ തന്നെ ചെയ്യണമെന്നോ, ഭർത്താവിന് വേണ്ടി ഉറക്കമൊഴിച്ച് ഇരിക്കണമെന്നോ ഞാൻ പറയുന്നില്ല. അത് എന്റെ ഇഷ്ടമാണ്. അത് ചെയ്യാൻ പാടില്ലെന്ന് നിങ്ങള്‍ക്ക് എന്നോട് പറയാനോ, അത് ചെയ്യണമെന്ന് എനിക്ക് നിങ്ങളോട് പറയാനോ പറ്റില്ല.

ഞാൻ പുതിയ തലമുറയെ മിസ്‌ലീഡ് ചെയ്യുകയാണെന്നും, ‘ഓൾഡ് സ്കൂൾ’ ചിന്താഗതിക്കാരിയാണെന്നുമാണ് എനിക്ക് എപ്പോഴും കിട്ടുന്ന വിമർശനം. ഞാൻ ഇങ്ങനെ പറഞ്ഞത് കൊണ്ട് ആരെങ്കിലും അതേപടി ചെയ്യുമെന്ന് കരുതുന്നുണ്ടോ. ഭർത്താവ് കഴിച്ച പാത്രം കഴുകി അതിൽ തന്നെ ഭാര്യ ഭക്ഷണം കഴിയ്ക്കുമോ. അപ്പോൾ ഞാൻ എങ്ങനെ ജീവിക്കുന്നു എന്നത് എന്റെ മാത്രം ചോയ്‌സ് ആണ്.

കുടുംബജീവിതത്തിൽ ഭാര്യയും ഭർത്താവുമായിരിക്കുമ്പോൾ ഇത്തരത്തിലുള്ള ചെറിയ ചെറിയ കാര്യങ്ങൾ ചെയ്താൽ നന്നായിരിക്കും എന്ന് ഞാൻ കരുതുന്നു. അതുകൊണ്ട് അതൊക്കെ ഞാൻ ചെയ്തുനോക്കാറുണ്ട്. ഞങ്ങൾ വിവാഹിതരായിട്ട് ഒരുപാട് കാലമൊന്നും ആയിട്ടില്ല. ഒരു റിലേഷൻഷിപ്പ് ഹെൽത്തിയായി നിലനിർത്താൻ എന്തൊക്കെ ചെയ്യാം എന്ന് ഓരോ കാര്യങ്ങളായി ട്രൈ ചെയ്തു നോക്കുകയാണ്, അതിൽ എനിക്ക് സന്തോഷവുമുണ്ട്,’ സ്വാസിക പറഞ്ഞു.

സ്വാസിക.photo.X

Content Highlight: Swasika talks about her relationship concepts and the criticism  she faced while sharing her thoughts on it

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം