2009ല്‍ റിലീസായ വൈഗ എന്ന തമിഴ്ചിത്രത്തിലൂടെ സിനിമാജീവിതം ആരംഭിച്ച നടിയാണ് സ്വാസിക. ആദ്യകാലങ്ങളില്‍ മലയാളത്തിലും തമിഴിലും ചെറുതും വലുതുമായ വേഷങ്ങളില്‍ തിളങ്ങിയ സ്വാസിക സീരിയല്‍ രംഗത്തും തന്റെ സാന്നിധ്യമറിയിച്ചു. 2020ല്‍ വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വാസികയെ തേടിയെത്തി.
മലയാളത്തിന് പുറമെ തമിഴിലും തിരക്കുള്ള നടിയാണ് സ്വാസിക. കഴിഞ്ഞ വര്‍ഷമിറങ്ങിയ ലബ്ബര്‍ പന്ത് എന്ന ചിത്രത്തിലെ സ്വാസികയുടെ കഥാപാത്രം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റെട്രോ, മാമന്‍ തുടങ്ങിയ സിനിമയിലും സ്വാസിക എത്തിയിരുന്നു. മാമനില്‍ സ്വാസികയോടൊപ്പം ഐശ്വര്യ ലക്ഷ്മിയും അഭിനയിച്ചിരുന്നു.
ഇപ്പോള്‍ ഐശ്വര്യ ലക്ഷ്മിയെ കുറിച്ച് സംസാരിക്കുകയാണ് സ്വാസിക. തന്റെ കൂടെ വര്‍ക്ക് ചെയ്ത ബെസ്റ്റ് കോ സ്റ്റാറായിരുന്നു ഐശ്വര്യ ലക്ഷ്മിയെന്ന് സ്വാസിക പറയുന്നു. ക്യാമറ, ലെന്‍സ്, ലൈറ്റിങ്, ഷോട്ട് കമ്പോസിഷന്‍ തുടങ്ങി സിനിമ സെറ്റിലെ എല്ലാ കാര്യത്തെ കുറിച്ചും ഐശ്വര്യയ്ക്ക് അറിയാമെന്നും അവളുടെ ഉള്ളില്‍ ഒരു സംവിധായികയുണ്ടെന്നും നടി വ്യക്തമാക്കി. സിനിമ വികടന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സ്വാസിക.
‘ഉള്ളത് പറഞ്ഞാല്‍ എന്റെ കൂടെ വര്‍ക്ക് ചെയ്തതില്‍ ബെസ്റ്റ് കോ സ്റ്റാറാണ് ഐശ്വര്യ ലക്ഷ്മി എന്ന് വേണമെങ്കില്‍ പറയാം. കാരണം സെറ്റിലെ എല്ലാ കാര്യത്തെ കുറിച്ചും അവള്‍ക്കറിയാം. അതിലെല്ലാം അവള്‍ ഭയങ്കര അലേര്‍ട്ട് ആയിട്ടുണ്ടാകും.
അവളുടെ ഉള്ളില്‍ ഒരു സംവിധായികയുടെ പോയിന്റ് ഓഫ് വ്യൂ ഉണ്ട്. എല്ലാ വിഷയത്തെ കുറിച്ചും അവള്‍ പഠിക്കാന്‍ ശ്രമിക്കും. ക്യാമറ, ലെന്‍സ്, ലൈറ്റിങ്, ഷോട്ട് കമ്പോസിഷന്‍ തുടങ്ങിയവയെല്ലാം അവള്‍ക്കറിയാം,’ സ്വാസിക പറയുന്നു.