ഉന്നതന്റെ പേരില്‍ സ്വപ്‌ന കളിക്കുന്നത് നാടകമെന്ന നിലപാടില്‍ ജയില്‍വകുപ്പ്; സി.സി ടിവി പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ല
Kerala
ഉന്നതന്റെ പേരില്‍ സ്വപ്‌ന കളിക്കുന്നത് നാടകമെന്ന നിലപാടില്‍ ജയില്‍വകുപ്പ്; സി.സി ടിവി പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th December 2020, 11:56 am

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ ഉന്നതന്റെ പേര് പറയരുതെന്നാവശ്യപ്പെട്ട് തന്നെ ജയിലില്‍ ചിലര്‍ വന്നു കണ്ടെന്ന സ്വപ്‌നയുടെ വാദം കള്ളമെന്ന നിഗമനത്തില്‍ ജയില്‍ വകുപ്പ്.

സ്വപ്ന ആരോപിച്ചതുപോലുള്ള സന്ദര്‍ശകര്‍ ജയിലില്‍ എത്തിയിട്ടില്ലെന്ന് ജയില്‍ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇത് ഉറപ്പിക്കാന്‍ ജയിലിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ വീണ്ടും പരിശോധിക്കും.

ജയിലില്‍ ഭീഷണിയെന്ന സ്വപ്നയുടെ നിലപാട് തന്ത്രമാണെന്നും ജാമ്യം ലഭിക്കാനാണ് സ്വപ്ന ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നുമാണ് ജയില്‍ വകുപ്പിന്റെ നിഗമനം.

ജയിലില്‍ തനിക്ക് ഭീഷണിയുണ്ടെന്നും പൊലീസുകാരെന്ന് സംശയിക്കുന്ന ചിലര്‍ തന്നെ ജയലില്‍ സന്ദര്‍ശിച്ച് ഉന്നതരുടെ പേര് പറയരുതെന്നും അന്വേഷണ ഏജന്‍സികളോട് സഹകരിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നെന്നുമാണ് സ്വപ്ന കോടതിയെ അറിയിച്ചത്.

ഇതിന് പിന്നാലെ ഉദ്യോഗസ്ഥരെന്ന് സംശയിക്കുന്ന ആളുകള്‍ ജയിലിലെത്തി സ്വപ്നയെ കണ്ടിരുന്നോ എന്ന കാര്യം ജയില്‍ വകുപ്പ് പരിശോധിച്ചു. സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചെങ്കിലും സ്വപ്‌ന പറയുന്ന രീതിയില്‍ ആരും അവിടെ എത്തിയിട്ടില്ലെന്നാണ് വ്യക്തമായത്.

സ്വപ്നയുടെ വാദം തെറ്റാണെന്നാണ് ജയില്‍ വകുപ്പ് പറയുന്നത്. അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. അതിനാല്‍ തന്നെ സ്വപ്നയുടെ നിലപാട് തന്ത്രമാകാം. ജാമ്യം ലഭിക്കാനോ ജയിലില്‍ താമസിക്കുന്നത് ഒഴിവാക്കാനോ ഉള്ള ശ്രമമാകാം ഇതിന് പിന്നില്‍.

ജയിലില്‍ 24 മണിക്കൂറും സി.സി.ടി.വി ക്യാമറ നിരീക്ഷണമുണ്ട്. അന്വേഷണ ഏജന്‍സികള്‍ക്ക് തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാം. സ്വപ്നയ്ക്കു നിലവില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ടെന്നു കോടതിയെ അറിയിക്കാനും ജയില്‍ വകുപ്പ് തീരുമാനിച്ചു.

പ്രാഥമിക പരിശോധനയില്‍ അട്ടക്കുളങ്ങര ജയിലില്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചതായി ജയില്‍ വകുപ്പ് കണ്ടെത്തിയിട്ടില്ല. ഇത് സംബന്ധിച്ച് കൂടുതല്‍ പരിശോധന നടത്താന്‍ ജയില്‍ ഡിജിപി ഋഷിരാജ് സിങ്, ദക്ഷിണ മേഖലാ ജയില്‍ ഡി.ഐ.ജിയോട് നിര്‍ദേശിച്ചിട്ടുണ്ട്.

അന്വേഷണം നടത്തി ഉടന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജയില്‍ ഡി.ജി.പി അറിയിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ട ഉന്നതരുടെ പേര് വെളിപ്പെടുത്തരുതെന്നും, പേര് പുറത്തുപറഞ്ഞാല്‍ പ്രത്യാഘാതം ഉണ്ടാകുമെന്നും ജയിലിലെത്തിയ ചിലര്‍ ഭീഷണിപ്പെടുത്തിയതായാണ് സ്വപ്ന മജിസ്ട്രേറ്റിന് നല്‍കിയ പരാതിയില്‍ അറിയിച്ചത്.

ജയിലിലെത്തിയത് പൊലീസ് ഉദ്യോഗസ്ഥരാണെന്ന് സംശയിക്കുന്നതായും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. തന്റെയും കുടുംബത്തിന്റെയും ജീവനും സുരക്ഷയ്ക്കും ഭീഷണി ഉണ്ടെന്നും സ്വപ്ന പരാതിയില്‍ പറഞ്ഞിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സ്വപ്നയ്ക്ക് ജയിലില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ മജിസ്ട്രേറ്റ് ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Swapna Suresh Gold Smuggling case