മുസ്‌ലിം തീവ്രവാദത്തെ പ്രതിരോധിക്കുന്നതിനിടയില്‍ വെള്ളക്കാരായ വംശീയവാദികളെ ന്യൂസിലാന്റ് മറന്നു; ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണം അന്വേഷണ റിപ്പോര്‍ട്ട്
World News
മുസ്‌ലിം തീവ്രവാദത്തെ പ്രതിരോധിക്കുന്നതിനിടയില്‍ വെള്ളക്കാരായ വംശീയവാദികളെ ന്യൂസിലാന്റ് മറന്നു; ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണം അന്വേഷണ റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th December 2020, 11:26 am

ന്യൂസിലന്റ്: ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണത്തിന്റെ റോയല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ന്യൂസിലാന്റ് ഇന്റലിജന്‍സ് ഏജന്‍സിക്കും സര്‍ക്കാരിനും വിമര്‍ശനം. മുസ്‌ലിം സമൂഹത്തിന് ആവശ്യമായ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഏജന്‍സികള്‍ പരാജയപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

ഇസ്‌ലാമിക തീവ്രവാദത്തെ പ്രതിരോധിക്കുന്നതിന് വലിയ പ്രാധാന്യം നല്‍കിയ ഏജന്‍സികള്‍ ആനുപാതികമായ ഗൗരവത്തോടെ വെള്ളക്കാരുടെ വംശീയ തീവ്രവാദത്തെ കണക്കാക്കിയില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണം നടത്തിയ ബ്രെന്റണ്‍ ടാറന്റിന്റെ ആയുധങ്ങളുടെ ലൈസന്‍സ് കൃത്യമായി പരിശോധിക്കുന്നതില്‍ പോലും പൊലീസ് പരാജയപ്പെട്ടുവെന്നും 800 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

2019 മാര്‍ച്ച് 15നാണ് ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണം നടന്നത്. നഗരത്തിലെ രണ്ട് മസ്ജിദുകളില്‍ ബ്രെന്റണ്‍ നടത്തിയ വെടിവെപ്പില്‍ 51 മുസ്‌ലിങ്ങളാണ് കൊല്ലപ്പെട്ടത്. ന്യൂസിലാന്റിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ തീവ്രവാദ ആക്രമണമായിരുന്നു ക്രെസ്റ്റ് ചര്‍ച്ചിലേത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ബ്രെന്റണ്‍ ലൈവ് സ്ട്രീം ചെയ്യുകയും ചെയ്തിരുന്നു.

ബ്രെന്റണെ ഉടന്‍ തന്നെ പൊലീസ് പിടിയിലാവുകയും ഇയാളെ പരോളില്ലാത്ത ജീവപര്യന്തം തടവിന് കോടതി വിധിക്കുകയും ചെയ്തു. ന്യൂസിലാന്റില്‍ ആദ്യമായിട്ടായിരുന്നു ഒരു കുറ്റവാളിക്ക് പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ വിധിക്കുന്നത്.

ആക്രമണത്തെ കുറിച്ചുള്ള റോയല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ മുസ്‌ലിങ്ങള്‍ക്കെതിരെ നടക്കുന്ന വംശീയ-വിദ്വേഷ പ്രചാരണങ്ങളെക്കുറിച്ചും അധിക്ഷേപ പരാമര്‍ശങ്ങളെകുറിച്ചും പലരും തുറന്നുപറഞ്ഞു.

ഇന്റലിജന്‍സ് ഏജന്‍സിക്കെതിരെ വിമര്‍ശനമുന്നയിച്ച റിപ്പോര്‍ട്ടില്‍ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണം മുന്‍കൂട്ടി കാണുന്നതിനുള്ള സൂചനകളൊന്നും തന്നെ ലഭിച്ചിരുന്നില്ലെന്നും പറയുന്നുണ്ട്. ആക്രമണം ഒഴിവാക്കാനോ തടയാനോ സാധിക്കുന്ന വിവരങ്ങള്‍ പ്രാദേശിക പൊലീസിനോ മറ്റ് ഏജന്‍സികള്‍ക്കോ ലഭിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നതായി പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ പ്രതികരിച്ചു. ആക്രമണം ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു എന്ന് റിപ്പോര്‍ട്ടില്‍ എവിടെയും പറയുന്നില്ലെങ്കിലും വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നത് വ്യക്തമാണ്. സര്‍ക്കാരിന് വേണ്ടി ഇക്കാര്യത്തില്‍ താന്‍ മാപ്പ് ചോദിക്കുകയാണെന്നും ജസീന്ത പറഞ്ഞു.

‘800 പേജുള്ള ഈ റിപ്പോര്‍ട്ട് മുന്നോട്ടുവെക്കുന്നത് ഒരൊറ്റ കാര്യമാണ്, മുസ്‌ലിമുകളായ ന്യൂസിലാന്റുകാര്‍ സുരക്ഷിതരായിരിക്കണം. ജാതിയും മതവും ലിംഗവും ലൈംഗികതയും എന്തുമായിക്കൊള്ളട്ടെ, ന്യൂസിലാന്റാണ് എന്റെ നാടെന്ന് പറയുന്ന എല്ലാവരും സുരക്ഷിതരായിരിക്കണം.’ ജസീന്ത കൂട്ടിച്ചേര്‍ത്തു.

നേരത്തെ ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണത്തോടുള്ള ജസീന്തയുടെ പ്രതികരണം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ആക്രമണത്തില്‍ ബാധിക്കപ്പെട്ട മുസ്‌ലിങ്ങളെ സന്ദര്‍ശിക്കാന്‍ ജസീന്തയെത്തിയത് ശിരോവസ്ത്രം ധരിച്ചുകൊണ്ടായിരുന്നു. ആക്രമണം നടന്നതിന്റെ തൊട്ടടുത്ത വെള്ളിയാഴ്ച കൊല്ലപ്പെട്ടവര്‍ക്കുള്ള ആദരസൂചകമായി ന്യൂസിലന്റ് ടിവിയിലൂടെയും റേഡിയോയിലൂടെയും ബാങ്കുവിളി മുഴങ്ങി. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ഖുര്‍ആന്‍ പാരായണത്തോടെയായിരുന്ന ആരംഭിച്ചത്. ‘അസ്സലാമു അലൈക്കും’ എന്ന് സലാം ചൊല്ലിക്കൊണ്ടായിരുന്നു ജസീന്ത പ്രസംഗം ആരംഭിച്ചത്.

ജസീന്ത നേരത്തെ സ്വീകരിച്ച ഈ നടപടികളുടെ അടിസ്ഥാനത്തില്‍ റോയല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ച ഏജന്‍സികളിലെ പ്രശ്‌നങ്ങളില്‍ കൃത്യമായ പരിഹാര നടപടികളുണ്ടാകുമെന്നാണ് വിലയിരുത്തലുകള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Christ Church Mosque attack New Zealand, Royal commission report findings criticise Intelligence agency