'കെ. സുധാകരന് ദേശീയ അധ്യക്ഷനേക്കാള്‍ ആരോഗ്യമുണ്ട്'; കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയതിനെതിരെ സ്വാമി സച്ചിദാനന്ദ
Kerala
'കെ. സുധാകരന് ദേശീയ അധ്യക്ഷനേക്കാള്‍ ആരോഗ്യമുണ്ട്'; കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയതിനെതിരെ സ്വാമി സച്ചിദാനന്ദ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th November 2025, 7:24 pm

കൊച്ചി: കെ. സുധാകരനെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയതില്‍ വിമര്‍ശനവുമായി ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ.

അര്‍ഹതപ്പെട്ട സ്ഥാനത്ത് നിന്ന് കെ. സുധാകരന്‍ തഴയപ്പെട്ടുവെന്നും കെ. സുധാകരന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെക്കാള്‍ ആരോഗ്യമുണ്ടെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.

എം.പിമാരായ ഹൈബി ഈഡന്‍, ഹാരിസ് ബീരാന്‍, മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ പങ്കെടുത്ത പരിപാടിയിലായിരുന്നു സ്വാമി സച്ചിദാനന്ദയുടെ വിമര്‍ശനം.

കെ. സുധാകരനെ വളരെ കാലമായി ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് താന്‍. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയത്.

സുധാകരനോട് താരതമ്യപ്പെടുത്തുമ്പോള്‍ കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷന് ഒന്ന് മുന്നോട്ടുനീങ്ങാന്‍ പോലും ചില ബുദ്ധിമുട്ടുകളുണ്ടെന്ന് നമുക്കറിയാമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.

കെ. സുധാകരന്‍ മാത്രമല്ല, അദ്ദേഹം പ്രതിനിധീകരിക്കുന്ന സമുദായത്തില്‍പ്പെട്ട ആളുകള്‍ ഇന്ന് മുച്ചൂടും തഴയപ്പെടുകയാണെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. എല്ലാ സമുദായങ്ങള്‍ക്കും അര്‍ഹതപ്പെട്ടത് നല്‍കിയില്ലെങ്കില്‍ ഇനിയും പിന്തള്ളപ്പെടുമെന്നും സ്വാമി സച്ചിദാനന്ദ മുന്നറിയിപ്പ് നല്‍കി.

നാല് വര്‍ഷം മുമ്പ് രാഹുല്‍ ഗാന്ധി ശിവഗിരി സന്ദര്‍ശിച്ചപ്പോള്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ ഭരണം ചില പ്രത്യേക സമുദായങ്ങളുടെ നിയന്ത്രണത്തിലാണ് ചുറ്റിക്കറങ്ങുന്നതെന്നും രണ്ടുമൂന്ന് നേതാക്കളാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.

കെ. ബാബു മാത്രമായിരുന്നു സമുദായത്തില്‍ നിന്ന് എം.എല്‍.എയായി ഉണ്ടായിരുന്നത്. ഒരു വാര്‍ഡില്‍ പോലും മത്സരിക്കാന്‍ അനുവദിക്കുന്നില്ലെന്ന പരാതി ശിവഗിരി മഠത്തില്‍ എത്താറുണ്ടെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.

അതേസമയം ശിവഗിരി മഠാധിപതിയുടെ വിമര്‍ശനത്തില്‍ കെ. സുധാകരന്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. മഠാധിപതി അദ്ദേഹത്തിന്റെ അഭിപ്രായമാണ് പറഞ്ഞതെന്നാണ് കെ. സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

Content Highlight: Swami Sachithananda criticizes K. Sudhakaran’s removal from KPCC presidency