ഹാല്‍ദിയ: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ബി.ജെ.പി അധികാരം പിടിച്ചതിന് പിന്നാലെ, നന്ദിഗ്രാമിലെ തന്റെ വിജയത്തിന് പിന്നില്‍ ഹിന്ദു വോട്ടര്‍മാരാണെന്ന വിവാദ പ്രസ്താവനയുമായി ബി.ജെ.പി നേതാവ് സുവേന്ദു അധികാരി.
നന്ദിഗ്രാമിലെ മുസ്‌ലിം വോട്ടുകള്‍ പൂര്‍ണമായും തൃണമൂല്‍ കോണ്‍ഗ്രസിനാണ് ലഭിച്ചതെന്നും വരും ദിവസങ്ങളില്‍ താന്‍ നന്ദിഗ്രാമിലെ ഹിന്ദുക്കള്‍ക്കായി പ്രവര്‍ത്തിക്കുമെന്നും സുവേന്ദു അധികാരി പറഞ്ഞു. ഹാല്‍ദിയയില്‍ വിജയിച്ചതിന് ശേഷമുള്ള സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നന്ദിഗ്രാമില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥി പബിത്ര കാറിനെ 9,665 വോട്ടുകള്‍ക്കാണ് സുവേന്ദു പരാജയപ്പെടുത്തിയത്. ഈ വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ഹിന്ദു ജനതയ്ക്കാണെന്നും സുവേന്ദു അധികാരി പറഞ്ഞു.
‘നന്ദിഗ്രാമിലെ ഹിന്ദു ജനതയാണ് എന്നെ വീണ്ടും വിജയിപ്പിച്ചത്. അവിടെ മുഴുവന്‍ മുസ്‌ലിം വോട്ടുകളും തൃണമൂല്‍ കോണ്‍ഗ്രസിനാണ് പോയത്. അതുകൊണ്ട് തന്നെ നന്ദിഗ്രാമിലെ ഹിന്ദുക്കള്‍ക്കായി ഞാന്‍ പ്രവര്‍ത്തിക്കും,’ സുവേന്ദു അധികാരി പറഞ്ഞു.
തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഒരു പ്രത്യേക വിഭാഗത്തിനായി മാത്രം പ്രവര്‍ത്തിക്കുമെന്ന സുവേന്ദു അധികാരിയുടെ പരസ്യ പ്രസ്താവന സംസ്ഥാനത്ത് വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്.
വിജയാഹ്ലാദത്തിനിടയിലും തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. അഴിമതിയും കുടുംബവാഴ്ചയും മുഖമുദ്രയാക്കിയ തൃണമൂലിന് പ്രത്യയശാസ്ത്രമില്ലെന്നും വരും മണിക്കൂറുകളില്‍ ആ പാര്‍ട്ടി പൂര്‍ണമായും ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.
അമിത് ഷാ പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പുകളും ബി.ജെ.പി സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ബംഗാള്‍ രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തിയ പോരാട്ടത്തിനൊടുവില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ സ്വന്തം മണ്ഡലമായ ഭബാനിപൂരിലും സുവേന്ദു അധികാരി തോല്‍പ്പിച്ചിരുന്നു. 15,105 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മമത പരാജയപ്പെട്ടത്. സുവേന്ദു അധികാരി 73,917 വോട്ടുകള്‍ നേടിയപ്പോള്‍ മമതയ്ക്ക് 58,812 വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ.