കോഴിക്കോട്: വടകര നഗരസഭ ഓഫീസിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് നടപടി നേരിട്ട നാല് ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ റദ്ദാക്കി. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് നടപടി പിൻവലിച്ചതെന്നാണ് റിപ്പോർട്ട്.
വടകര നഗരസഭയിലെ കെട്ടിടങ്ങൾക്ക് അനധികൃത പെർമിറ്റും ഒക്യൂപെൻസി സർട്ടിഫിക്കറ്റും നൽകിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തത്.
റെജുല, പ്രിയ, ടി.പി. അനഘ, പി.എം. പ്രഭീഷ് എന്നിവരെയാണ് കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നത്. അസിസ്റ്റൻ്റ് എഞ്ചിനീയർ വി. അജിത് കുമാർ, രണ്ടാം ഗ്രേഡ് ഓവർസീയർ പി. പി അനിഷ എന്നിവരെയും നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.
1960 ലെ കേരള സിവിൽ സർവീസ് ചട്ടം 10 പ്രകാരമാണ് എൽ.എസ്.ജി.ഡി പ്രിൻസിപ്പൽ ഡയറക്ടർ സസ്പെൻഡ് ചെയ്‌തത്. ഇതിനുപുറമെയാണ് അനധികൃത ക്രമക്കേടുകൾക്ക് കൂട്ടുനിന്നെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നാല് ഉദ്യോഗസ്ഥരെ കൂടി സസ്‌പെൻഡ് ചെയ്തത്.
നിലവിൽ ഇവരുടെ സസ്പെൻഷനാണ് തെരഞ്ഞെടുപ്പ് അടുത്തതിന്റെ അടിസ്ഥാനത്തിൽ റദ്ദാക്കിയിരിക്കുന്നത്. ആഭ്യന്തര വിഭാഗം നടത്തിയ അന്വേഷണത്തിൽ ക്രമക്കേട് തെളിഞ്ഞതായാണ് റിപ്പോർട്ടുകൾ.
വടകര നഗരസഭ എഞ്ചിനീയറിംങ് വിഭാഗത്തിൽ
ക്രമക്കേടുകളും ചട്ടലംഘനങ്ങളും നടക്കുന്നതായി ആരോപിച്ച്
സദ്ഭരണ മോണിറ്ററിംങ്ങിൻ്റെ ഭാഗമായുള്ള വാട്‌സ്ആപ്പ്
നമ്പറിൽ ലഭിച്ച പരാതിയുടെയും പൊതുജനങ്ങളിൽ നിന്നും
ലഭിച്ച രഹസ്യവിവരത്തിൻ്റെയും അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്.