കാട്ടാക്കട ബസ് സ്റ്റേഷനിലെ അതിക്രമം; നല് ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍
Kerala News
കാട്ടാക്കട ബസ് സ്റ്റേഷനിലെ അതിക്രമം; നല് ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th September 2022, 8:04 pm

തിരുവനന്തപുരം: കാട്ടാക്കട കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ കണ്‍സഷന്‍ എടുക്കുന്നതിനെ സംബന്ധിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദിച്ച സംഭവത്തില്‍ ഉത്തരവാദികളായ നാല് കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

കെ.എസ്.ആര്‍.ടി.സി ആര്യനാട് യൂണിറ്റിലെ സ്റ്റേഷന്‍ മാസ്റ്റര്‍ എ. മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാര്‍ഡ് എസ്. ആര്‍. സുരേഷ് കുമാര്‍, കണ്ടക്ടര്‍ എന്‍. അനില്‍കുമാര്‍, അസിസ്റ്റന്റ് സി.പി. മിലന്‍ ഡോറിച്ച് എന്നിവരെയണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഡ് ചെയ്തത്.

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ ആക്രമിച്ച ജീവനക്കാര്‍ക്കെതിരെ 45 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി കര്‍ശന നടപടി സ്വീകരിക്കുവാന്‍ കെ.എസ്.ആര്‍.ടി.സി സി.എം.ഡിക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി ആന്റണി രാജു അറിയിച്ചു.

പഞ്ചായത്ത് ജീവനക്കാരനായ കാട്ടാക്കട ആമച്ചല്‍ സ്വദേശി പ്രേമനാണ് ഉദ്യോഗസ്ഥരില്‍ നിന്ന് മര്‍ദനമേറ്റത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ പ്രേമന്റെ മകളുടെ കോഴ്സ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് കൗണ്ടറില്‍ ഇരുന്ന ജീവനക്കാരന്‍ ആവശ്യപ്പെടുകയും എന്നാല്‍, കോഴ്സ് സര്‍ട്ടിഫിക്കറ്റ് വീണ്ടും നല്‍കാതെ കണ്‍സെഷന്‍ തരാന്‍ കഴിയില്ലെന്ന് ജീവനക്കാരന്‍ പറഞ്ഞതോടെ വാക്കുതര്‍ക്കമുണ്ടാകുകയും മായിരുന്നു. തുടര്‍ന്ന് പ്രേമനെ മര്‍ദിക്കുകയുമായിരുന്നു. മകളും സുഹൃത്തും പ്രേമനൊപ്പമുണ്ടായിരുന്നു

പ്രേമനെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മര്‍ദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം പ്രചരിക്കുന്നുണ്ട്. ഉദ്യോഗസ്ഥര്‍ പ്രേമനെ വലിച്ചുകൊണ്ടുപോയി തൊട്ടടുത്തുള്ള മുറിയിലിട്ട് മര്‍ദിക്കുന്നതാണ് വീഡിയോയിലുള്ളത്. മകളുടെ മുന്നിലിട്ട് അടിക്കല്ലേയെന്ന് പ്രേമനും അച്ചനെ തല്ലല്ലേയെന്ന് മകളും പറയുന്നത് വീഡിയോയില്‍ കാണാം.

Content Highlights:  Suspension of four employees Kattakada bus station issue