ആ ഫഹദ് ഫാസില്‍ ചിത്രത്തില്‍ മാത്രമാണ് ഈ ട്രാക്ക് ഞാന്‍ പാടി നോക്കട്ടേയെന്ന് ചോദിക്കുന്നത്: സുഷിന്‍ ശ്യാം
Entertainment
ആ ഫഹദ് ഫാസില്‍ ചിത്രത്തില്‍ മാത്രമാണ് ഈ ട്രാക്ക് ഞാന്‍ പാടി നോക്കട്ടേയെന്ന് ചോദിക്കുന്നത്: സുഷിന്‍ ശ്യാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 17th June 2025, 8:27 am

ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ മികച്ച മ്യൂസിക് ഡയറക്ടറായി മാറിയ ആളാണ് സുഷിന്‍ ശ്യാം. സപ്തമശ്രീ തസ്‌കരാഃ എന്ന ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിക്കൊണ്ടാണ് അദ്ദേഹം സിനിമാജീവിതം ആരംഭിക്കുന്നത്.

2019ല്‍ റിലീസായ കുമ്പളങ്ങി നൈറ്റ്‌സിലൂടെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും സുഷിന്‍ സ്വന്തമാക്കി. പിന്നീട് മികച്ച നിരവധി സിനിമകളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

ഇപ്പോള്‍ സംഗീതസംവിധാനമാണോ ആലാപനമാണോ കൂടുതല്‍ ആസ്വദിക്കുന്നത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് സുഷിന്‍ ശ്യാം. രണ്ടും ഒരുപോലെ ആസ്വദിക്കുന്ന ആളാണ് താന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഒരു പാട്ട് കമ്പോസ് ചെയ്ത് അതിന് അനുയോജ്യമായ ശബ്ദം കിട്ടാതെ വരുമ്പോള്‍ മാത്രമാണ് സ്വയം പാടിനോക്കുകയെന്നും ഒരിക്കലും ഈ പാട്ട് താന്‍ പാടുമെന്ന് ഒരു സംവിധായകനോടും പറഞ്ഞിട്ടില്ലെന്നും സുഷിന്‍ പറയുന്നു.

എന്നാല്‍ കുമ്പളങ്ങി നൈറ്റ്സ് സിനിമയില്‍ മാത്രമാണ് എഴുതാക്കഥ എന്ന ട്രാക്ക് താന്‍ പാടി നോക്കട്ടെ എന്ന് ചോദിക്കുന്നതെന്നും മറഡോണ സിനിമയില്‍ തന്നോട് ഇങ്ങോട്ട് ‘സുഷിന്‍ പാടിയാല്‍ മതി’യെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വരത്തന്‍, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങി സംഗീതം ചെയ്ത ചില സിനിമകളിലെല്ലാം ഗായകന്റെ റോളും ഞാന്‍ ഏറ്റെടുത്തിട്ടുണ്ട്. എനിക്ക് പാടാന്‍ പറ്റുന്ന രീതിയില്‍ കമ്പോസ് ചെയ്ത പാട്ടുകള്‍ മാത്രമേ പാടാറുള്ളൂ.

അല്ലാതെ നമ്മളെ കൊണ്ട് പാടിപ്പിടിക്കാന്‍ പറ്റാത്തതൊന്നും എടുക്കില്ല. ഒരു പാട്ട് കമ്പോസ് ചെയ്ത് അതിന് അനുയോജ്യമായ ശബ്ദം കിട്ടാതെ വരുമ്പോള്‍ സ്വയം പാടിനോക്കും. ഒരിക്കലും ഈ പാട്ട് ഞാന്‍ പാടുമെന്ന് ഒരു സംവിധായകനോടും പറഞ്ഞിട്ടില്ല.

കുമ്പളങ്ങിയില്‍ മാത്രമാണ് ‘ശ്യാമേട്ടാ എഴുതാക്കഥ എന്ന ട്രാക്ക് ഞാന്‍ പാടി നോക്കട്ടെ’ എന്ന് ചോദിച്ചത്. ‘നിനക്ക് ഓക്കെ ആണെങ്കില്‍ പാടെടാ’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

മറഡോണയില്‍ എന്നോട് ഇങ്ങോട്ട് ‘സുഷിന്‍ പാടിയാല്‍ മതി’യെന്ന് ആവശ്യപ്പെടുകയായിരുന്നു.
ഞാന്‍ സംഗീതസംവിധാനവും ആലാപനവും ഒരുപോലെ ആസ്വദിക്കുന്നുണ്ട്,’ സുഷിന്‍ ശ്യാം പറയുന്നു.

Content Highlight: Sushin Shyam Talks About Kumbalangi Nights Song