ലോകകപ്പ് ആരവങ്ങള്‍ അവസാനിച്ച് ഇനി ക്രിക്കറ്റ് ലോകം ഐ.പി.എല്ലിന്റെ ആവേശത്തിലേക്ക് മുഴുകാന്‍ ഒരുങ്ങുകയാണ്. മാര്‍ച്ച് 28ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ 19ാം പതിപ്പില്‍ പത്ത് ടീമുകള്‍ കിരീടത്തിനായി മാറ്റുരയ്ക്കും.
ആറാം കിരീടം തേടിയാണ് മുംബൈ ഇന്ത്യന്‍സ് ഐ.പി.എല്‍ 2026നിറങ്ങുന്നത്. എന്തിനും പോന്ന ടീം തന്നെയാണ് ടീമിന്റെ കരുത്ത്.
റിയാന്‍ റിക്കല്‍ടണ്‍, വില്‍ ജാക്‌സ്, കോര്‍ബിന്‍ ബോഷ്, ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ് എന്നിവരടക്കമുള്ള ഫോറിന്‍ ഗണ്ണുകള്‍ക്കൊപ്പം തിലക് വര്‍മയും ജസ്പ്രീത് ബുംറയുമടക്കം ടി-20 ലോകകപ്പിലെ നിരവധി മാച്ച് വിന്നേഴ്‌സ് ടീമിനൊപ്പമുണ്ട്. ആറാം കിരീടമെന്ന ലക്ഷ്യത്തിലേക്ക് മുംബൈ അനായാസം ഓടിയെത്തുമെന്ന് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നതിനും കാരണം ഈ സ്‌ക്വാഡ് ഡെപ്ത് തന്നെയാണ്.
ടി-20 ലോകകപ്പ് ഫൈനലിലെ രണ്ട് ക്യാപ്റ്റന്‍മാരും മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാണ് എന്നതാണ് മറ്റൊരു ഹൈലൈറ്റ്. ഇന്ത്യയെ തങ്ങളുടെ മൂന്നാം കിരീടത്തിലേക്ക് കൈപിടിച്ചുനടത്തിയ നായകന്‍ സൂര്യകുമാര്‍ യാദവും ഫൈനലില്‍ സ്വപ്‌നങ്ങള്‍ പൊട്ടിത്തകര്‍ന്നുപോയ മിച്ചല്‍ സാന്റ്‌നറും പുതിയ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായാണ് കളത്തിലിറങ്ങുന്നത്.
സൂര്യയും സാന്റ്‌നറും ഫൈനലിലെ ടോസിനിടെ
ഇതിന് പുറമെ 2024 ടി-20 ലോകകപ്പ് വിന്നിങ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ദില്‍ സേ ആര്‍മിയുടെ ഭാഗമാണ്.
രോഹിത് 2024 ടി-20 ലോകകപ്പുമായി
ഈ മൂന്ന് ക്യാപ്റ്റന്‍മാരുടെയും ക്യാപ്റ്റനാകട്ടെ ഹര്‍ദിക് പാണ്ഡ്യയും.
രോഹിത്തിനെ മറികടന്ന് ക്യാപ്റ്റന്‍സിയേറ്റെടുത്തെങ്കിലും ആരാധകര്‍ക്ക് ഓര്‍മിക്കാന്‍ പോന്ന ഒരു സീസണ്‍ നല്‍കാന്‍ ഹര്‍ദിക്കിന് സാധിച്ചില്ല. ഹര്‍ദിക് ക്യാപ്റ്റനായ ആദ്യ സീസണില്‍ (2024) മുംബൈ ഇന്ത്യന്‍സ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. കളിച്ച 14ല്‍ പത്തിലും തോറ്റ് വെറും എട്ട് പോയിന്റ്. സീസണില്‍ അഞ്ച് മത്സരം വിജയിക്കാത്ത ഏക ടീമും മുംബൈ മാത്രമായിരുന്നു.
കഴിഞ്ഞ സീസണില്‍ പോയിന്റ് പട്ടികയിലെ നാലാം സ്ഥാനക്കാരായി പ്ലേ ഓഫില്‍ പ്രവേശിച്ചെങ്കിലും പഞ്ചാബ് കിങ്‌സിനോട് തോറ്റ് കിരീടമോഹം അടിയറവ് വെച്ച് മടങ്ങി.
ഇത്തവണ കിരീടമെന്ന മോഹം മനസിലുറപ്പിച്ച് തന്നെയായിരിക്കും ദൈവത്തിന്റെ പോരാളികള്‍ കളത്തിലിറങ്ങുന്നത്.
മാര്‍ച്ച് 29നാണ് സീസണില്‍ മുംബൈ ആദ്യ മത്സരത്തിനിറങ്ങുന്നത്. സ്വന്തം തട്ടകമായ വാംഖഡെ സ്റ്റേഡിത്തില്‍ നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് എതിരാളികള്‍.
സ്വന്തം മണ്ണില്‍, സ്വന്തം കാണികള്‍ക്ക് മുമ്പില്‍ ജയിച്ചുതുടങ്ങുക എന്നതിന് പുറമെ ആദ്യ മത്സരം ജയിക്കാത്ത ടീം എന്ന നാണക്കേട് മറികടക്കുക എന്ന ലക്ഷ്യവും ടീമിനുണ്ടാകും.