പരിശീലനമായാലും ഫൈനലായാലും ഇവന് ഒരേ മൈന്‍ഡാ; പേസും ബൗണ്‍സുമൊക്കെ സൂര്യകുമാര്‍ യാദവിന് സിമ്പിള്‍ പരിപാടിയല്ലേ
Sports
പരിശീലനമായാലും ഫൈനലായാലും ഇവന് ഒരേ മൈന്‍ഡാ; പേസും ബൗണ്‍സുമൊക്കെ സൂര്യകുമാര്‍ യാദവിന് സിമ്പിള്‍ പരിപാടിയല്ലേ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 10th October 2022, 9:53 pm

അടിച്ചുമിന്നിച്ചു മുന്നേറാന്‍ തന്നെയാണ് സൂര്യകുമാര്‍ യാദവിന്റെ തീരുമാനം. പരിശീലന മാച്ചായാലും ലോകകപ്പ് ഫൈനലായാലും ബാറ്റ് വീശിയാല്‍ ബൗണ്ടറി കണ്ടേ അടങ്ങൂവെന്ന വാശിയിലാണ് താരം.

ടി20 ലോകകപ്പിന് മുന്നോടിയായി, വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയുമായി നടന്ന പരിശീലന മത്സരത്തിലും ഉഗ്രന്‍ ഫോമിലായിരുന്നു താരം.

മൂന്ന് ദിവസമായി പെര്‍ത്തില്‍ ട്രെയ്‌നിങ് തുടരുകയാണ് ഇന്ത്യന്‍ ടീം. ഇതിന്റെ ഭാഗമായിട്ടായിരുന്നു കഴിഞ്ഞ ദിവസം പരിശീലന മത്സരം നടന്നത്. മാച്ചില്‍ 13 റണ്‍സിനാണ് ഇന്ത്യ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചത്.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് എടുത്തപ്പോള്‍ ചേയ്‌സ് ചെയ്യാനിറങ്ങിയ ഓസ്‌ട്രേലിയയുടെ ഇന്നിങ്‌സ് 145ല്‍ അവസാനിച്ചു.


ഓപ്പണര്‍മാരില്‍ ചെറിയ പരീക്ഷണങ്ങള്‍ നടത്തിയായിരുന്നു ഇന്ത്യ മത്സരത്തിനിറങ്ങിയത്. കെ.എല്‍. രാഹുലിന് പകരം റിഷബ് പന്തായിരുന്നു രോഹിത് ശര്‍മക്കൊപ്പം ഇറങ്ങിയത്. ഇരുവര്‍ക്കും മത്സരത്തില്‍ കാര്യമായൊന്നും ചെയ്യാനായില്ല.

മൂന്നും ഒമ്പതും റണ്‍സ് നേടിയാണ് ഇവര്‍ ക്രീസ് വിട്ടത്. എന്നാല്‍ സൂര്യ കുമാര്‍ യാദവിന്റെ പ്രകടനം ഇന്ത്യക്ക് തുണയായി. 35 പന്തില്‍ 52 റണ്‍സെടുത്തായിരുന്നു സ്‌കൈയുടെ പ്രകടനം.

മൂന്ന് ഫോറും മൂന്ന് സിക്‌സറുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്ങ്‌സ്. ടി20 ഐ റാങ്കില്‍ താന്‍ രണ്ടാം സ്ഥാനത്ത് തുടരുന്നത് വെറുതെയല്ലെന്ന് തെളിയിക്കുന്ന ഇന്നിങ്‌സില്‍ ഒരിക്കല്‍ പോലും പിച്ചിന്റെ പേസും ബൗണ്‍സും ഭീഷണിയായില്ല.

17ാം ഓവറില്‍ സ്‌കൈ ഔട്ടായപ്പോള്‍ ഇന്ത്യ ഒന്ന് പതറിയെങ്കിലും ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ അവസാന ഓവറുകളില്‍ അടിച്ചുമിന്നിച്ചതോടെ സ്‌കോര്‍ ഉയര്‍ന്നു. 20 ബോളില്‍ നിന്നും 29 റണ്‍സായിരുന്നു ഹാര്‍ദിക് പാണ്ഡ്യയുടെ സംഭാവന. 22 റണ്‍സ് നേടിയ ദീപക് ഹൂഡയും
പുറത്താവാതെ 19 റണ്‍സ് നേടിയ ദിനേഷ് കാര്‍ത്തിക്കും ഇന്ത്യന്‍ നിരയില്‍ മികച്ചുനിന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റേണ്‍ ഓസ്ട്രേലിയക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതോടെ ഇന്ത്യ 13 റണ്‍സിന്റെ വിജയം ആഘോഷിക്കുകയായിരുന്നു.

അര്‍ഷ്ദീപ് സിങ്ങിന്റെ ബൗളിങ് പ്രകടനമാണ് ഇന്ത്യക്ക് തുണയായത്. മൂന്ന് ഓവര്‍ എറിഞ്ഞ അര്‍ഷ്ദീപ് ആറ് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് കൊയ്തത്.

അര്‍ഷ്ദീപിന് പുറമെ ഭുവനേശ്വര്‍ കുമാറും യൂസ്വേന്ദ്ര ചഹലും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഭുവി 26 റണ്‍സ് വഴങ്ങിയപ്പോള്‍ ചഹല്‍ 15 റണ്‍സ് വഴങ്ങിയാണ് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

ലോകകപ്പിന് മുമ്പ് ബൗളര്‍മാര്‍ തങ്ങളുടെ മികച്ച പ്രകടനം തന്നെ പുറത്തെടുത്തത് ഇന്ത്യക്ക് ആശ്വസിക്കാനുള്ള വക നല്‍കുന്നുണ്ട്.

Content Highlight: Suryakumar Yadav’s terrific innings against Australia in practice match before T20 World Cup