മമ്മൂക്കയുടെ കാര്യത്തില്‍ പ്രായം എന്നത് വെറും നമ്പറാണ്, പാറപ്പുറത്തെ ആ ഷോട്ട് കണ്ട് ഞാന്‍ ഞെട്ടി: സഞ്ജു ശിവറാം
Entertainment news
മമ്മൂക്കയുടെ കാര്യത്തില്‍ പ്രായം എന്നത് വെറും നമ്പറാണ്, പാറപ്പുറത്തെ ആ ഷോട്ട് കണ്ട് ഞാന്‍ ഞെട്ടി: സഞ്ജു ശിവറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 10th October 2022, 8:17 pm

വലിയ പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ് മമ്മൂട്ടിയുടെ റോഷാക്ക്. മമ്മൂട്ടിയുടെ ഒപ്പം തന്നെ പ്രശംസനീയമായ പ്രകടനമാണ് മറ്റ് താരങ്ങളും കാഴ്ചവെച്ചത്.

റോഷാക്കിന്റെ വിജയത്തോടനുബന്ധിച്ച് നടത്തിയ പ്രസ് മീറ്റില്‍ ഷൂട്ടില്‍വെച്ചുണ്ടായ ഒരനുഭവം ഓര്‍ത്ത് പറയുകയാണ് സഞ്ജു ശിവറാം. പാറപ്പുറത്തുവെച്ചുള്ള ഷൂട്ടില്‍ മമ്മൂട്ടി പ്രായത്തിനെ വെല്ലുന്ന പ്രകടനം നടത്തി തന്നെ ഞെട്ടിച്ചതിനെക്കുറിച്ച് പറയുകയാണ് സഞ്ജു.

”ഫസ്റ്റ് മമ്മൂക്കയുടെ ഒരു സീക്വന്‍സ് എടുക്കുന്ന സമയത്ത് ഞാന്‍ ഇല്ലായിരുന്നു. പിറ്റേ ദിവസം വന്നപ്പോള്‍ അസോസിയേറ്റ് പറഞ്ഞാണ് ഞാന്‍ തലേദിവസം ഷൂട്ട് ചെയ്ത ഭാഗം കണ്ടത്.

എഡിറ്റ് ചെയ്തത് ഫസ്റ്റ് കണ്ടപ്പോള്‍ എനിക്ക് വല്ലാത്ത വിഷമവും ബുദ്ധിമുട്ടുമാണ് വന്നത്. ഒരു മനുഷ്യനെ ഇത്രത്തോളം കഷ്ടപ്പെടുത്തുന്നത് കണ്ടപ്പോള്‍ അതില്‍ നിന്നെനിക്ക് ഒരു കാര്യം മനസിലായി, ഒരുപാട് വയസായി എന്ന് ഉള്ളില്‍ തോന്നുന്ന ഒരാള്‍ക്കും ഇതൊന്നും ചെയ്യാന്‍ കഴിയില്ല. അത്രക്ക് എനര്‍ജി വേണ്ട സീനായിരുന്നു.

അതുപോലെ വലിയൊരു പാറയുടെ മുകളില്‍ മമ്മൂക്ക ഇരിക്കുന്ന സീനുണ്ട്. അതിരപ്പിള്ളിയില്‍ മഴ പെയ്ത് ഒരുപാട് വഴുക്കലുള്ള സ്ഥലത്ത് വെച്ചായിരുന്നു ഷൂട്ട്. അവിടെ കേറാന്‍ ആര്‍ക്കും എളുപ്പം സാധ്യമല്ല.

അവിടെ വെച്ച് ഒരു ഷോട്ട് വേണമെന്ന് പറഞ്ഞപ്പോള്‍ കേറാന്‍ പറ്റാതെ ആരൊക്കെയോ തെന്നി വീഴുന്നത് മമ്മൂക്ക കാണുന്നുണ്ട്. അതുവേണോ കയറി കഴിഞ്ഞാല്‍ പടവും നില്‍ക്കും പ്രൊഡ്യൂസറും നടനുമുണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

അല്ലെങ്കില്‍ വേണ്ട ആ ഷോട്ട് ഒഴിവാക്കമെന്ന് നിസാം പറഞ്ഞു. ഇപ്പോള്‍ തന്നെയെടുക്കുമോയെന്ന് ചോദിച്ച് കയറാന്‍ പറ്റാത്ത സ്ഥലത്ത് എങ്ങനെയോ മമ്മൂക്ക കയറി.

ആ പാറയുടെ മുകളില്‍ നിന്നും ഈ ഷോട്ട് എടുക്കാന്‍ അദ്ദേഹം കാണിച്ച ധൈര്യം ഉണ്ടല്ലോ, വയസ് എന്ന നമ്പറിനെയൊക്കെ തള്ളികളയുന്നതാണ്. മമ്മൂക്കയെ സംബന്ധിച്ച് പ്രായം എന്നത് വെറും നമ്പറാണ്,” സഞ്ജു പറഞ്ഞു.

Content Highlight: Actor Sanju sivaram talks about how Mammootty shocked him with his age defying performance during the shoot on the rocks