ബെര്‍ലിന്‍: റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നീക്കങ്ങളുടെ ആദ്യപടിയായി നാറ്റോയില്‍ ചേരാനുള്ള ആഗ്രഹം ഉപേക്ഷിക്കുകയാണെന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കി.
‘യഥാര്‍ത്ഥ സുരക്ഷ ഉറപ്പുനല്‍കുന്ന നാറ്റോയില്‍ ചേരുക എന്നതായിരുന്നു തുടക്കം മുതല്‍ ഉക്രൈന്റെ ആഗ്രഹം. യു.എസും യൂറോപ്പില്‍ നിന്നുള്ള പ്രതിനിധികളും ഉക്രൈന്റെ ഈ ആഗ്രഹത്തിനൊപ്പം നിന്നില്ല. പകരമായി യു.എസ്, യൂറോപ്പ്, കാനഡ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സുരക്ഷാ ഉറപ്പുകള്‍ ലഭിച്ചിട്ടുണ്ട്. റഷ്യന്‍ അധിനിവേശം തടയാന്‍ അവ സഹായിക്കുമെന്നാണ് പ്രതീക്ഷ‘,’ സെലന്‍സ്‌കി പ്രതികരിച്ചു.
ബെര്‍ലിനില്‍ വെച്ച നടന്ന യു.എസ് പ്രതിനിധികളുമായി നടത്തിയ അഞ്ച് മണിക്കൂര് നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് സെലന്‍സ്‌കിയുടെ പ്രതികരണം. ബെര്‍ലിന്‍ ചര്‍ച്ചയ്ക്ക് മുമ്പ് തന്നെ സെലന്‍സ്‌കി പിന്മാറാനുള്ള താത്പര്യം പ്രകടിപ്പിച്ചിരുന്നു.
തിങ്കളാഴ്ചയാണ് ചര്‍ച്ചകള്‍ അവസാനിക്കുക, അതിനുമുമ്പ് സെലന്‍സ്‌കി യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് സംസാരിക്കുമെന്ന് അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് ദിമിത്രോ ലിറ്റ്‌വിന്‍ അറിയിച്ചിരുന്നു. നിലവില്‍ കരട് രേഖകള്‍ പരിഗണിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.
അതിര്‍ത്തിയിലെ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ നാറ്റോയില്‍ ചേരാന്‍ ഉക്രൈന്‍ നീക്കങ്ങള്‍ നടത്തിയതാണ് റഷ്യയുമായുള്ള നാല് വര്‍ഷം നീണ്ട യുദ്ധത്തിലേക്ക് വഴിതെളിയിച്ചത്. അതുകൊണ്ടു തന്നെ ഉക്രൈന്റെ വിട്ടുവീഴ്ചയ്ക്കുള്ള തീരുമാനം വലിയ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
നാറ്റോയില്‍ ചേരാനുള്ള തീരുമാനം പിന്‍വലിക്കുക, ഉക്രൈന്റെ കൈവശമുള്ള ഡോണ്‍ബാസ് പ്രദേശത്തുനിന്നും 10 ശതമാനം സൈന്യത്തെ പിന്നോട്ട് വലിക്കുക, നിഷ്പക്ഷ രാജ്യമായതിനാല്‍ തന്നെ നാറ്റോ സൈനികരെ ഉക്രൈനില്‍ പ്രവേശിപ്പിക്കരുത് തുടങ്ങിയവയാണ് യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യ മുന്നോട്ട് വെച്ചിരുന്ന നിര്‍ദേശങ്ങള്‍.
ഉക്രൈന്‍ നാറ്റോ മോഹം അവസാനിപ്പിക്കണമെന്ന നിര്‍ദേശം, യുദ്ധം അവസാനിപ്പിക്കാനായി യു.എസ് മുന്നോട്ട് വെച്ച സമാധാന പദ്ധതിയിലെ പ്രധാനപ്പെട്ട പോയിന്റായിരുന്നു. സമാധാന പദ്ധതി ഉക്രൈന്‍ അംഗീകരിക്കുന്നതിനായി യു.എസ് കടുത്ത സമ്മര്‍ദവും ചെലുത്തിയിരുന്നു. നിരവധി തവണ യു.എസ് പ്രതിനിധികള്‍ റഷ്യയുമായും ഉക്രൈനുമായും ചര്‍ച്ചകളും നടത്തി.
യു.എസ് പ്രസിഡന്റ് ഡൈാണാള്‍ഡ് ട്രംപും അദ്ദേഹത്തിന്റെ മരുമകന്‍ ജാരെഡ് കുഷ്‌നറും സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തിയത് നിര്‍ണായകമായെന്ന് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞിരുന്നു. ഈ കൂടിക്കാഴ്ചയുടെ വിശദ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല.
നാറ്റോയില്‍ നിന്നുള്ള പിന്മാറ്റം അംഗീകരിച്ചെങ്കിലും മറ്റ് വിഷയങ്ങളില്‍ ഉക്രൈന്‍ നയം വ്യക്തമാക്കിയിട്ടില്ല. യു.എസിന്റെ 20 പോയിന്റ് സമാധാന പദ്ധതി അവതരിപ്പിച്ച സമയത്ത് തന്നെ ഉക്രൈന്‍ അന്തസുള്ള സമാധാന പദ്ധതിയാണ് തങ്ങള്‍ക്കാവശ്യമെന്ന് പ്രതികരിച്ചിരുന്നു.
തുടക്കത്തില്‍ സമാധാന പദ്ധതിയോട് മുഖം തിരിച്ച ഉക്രൈന് നേരെ റഷ്യ ആക്രമണം കടുപ്പിച്ചിരുന്നു. മാരകമായ ബോംബാക്രമണങ്ങളാണ് റഷ്യയുടെ ഭാഗത്ത് നിന്നുണ്ടായത്.
തുടര്‍ന്ന്, വൈദ്യുതി, ജലവിതരണങ്ങള്‍, എണ്ണ ശുദ്ധീകരണ ശാലകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ നിലച്ചിരുന്നു. ഉക്രൈന്‍ ജനതയുടെ ദൈനംദിന ജീവിതവും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയും തകര്‍ന്നതോടെയാണ് ഉക്രൈന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരിക്കുന്നത്.
Content Highlight: Surrender to end war; Zelensky says Ukraine is giving up on joining NATO membership bid