അന്ന് ആ സിനിമയുടെ സെറ്റില്‍ വെച്ച് സിഗരറ്റ് വലിക്കാന്‍ അറിയില്ലെന്ന് പറഞ്ഞത് അപമാനമായി തോന്നി: സൂര്യ
Indian Cinema
അന്ന് ആ സിനിമയുടെ സെറ്റില്‍ വെച്ച് സിഗരറ്റ് വലിക്കാന്‍ അറിയില്ലെന്ന് പറഞ്ഞത് അപമാനമായി തോന്നി: സൂര്യ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 20th July 2025, 8:07 pm

മണിരത്‌നം നിര്‍മിച്ച നേര്‍ക്കു നേര്‍ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് സൂര്യ. ആദ്യകാലങ്ങളില്‍ അഭിനയത്തിന്റെ പേരില്‍ ഒരുപാട് പഴി കേള്‍ക്കേണ്ടി വന്ന സൂര്യ പിന്നീട് ഇന്ത്യയിലെ മികച്ച നടന്മാരിലൊരാളായി മാറി. സൂരറൈ പോട്ര് എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് താരം തന്റെ പേരിലാക്കി.

സിനിമയിലെത്തിയ സമയത്ത് സിഗരറ്റ് വലിക്കാനറിയില്ലായിരുന്നെന്ന് പറയുകയാണ് സൂര്യ. പുകവലിക്കുന്നതിനോട് താത്പര്യമില്ലാത്തതിനാല്‍ അത് ചെയ്തുനോക്കിയിട്ടിയില്ലായിരുന്നെന്ന് സൂര്യ പറഞ്ഞു. നന്ദ എന്ന സിനിമയുടെ ഷൂട്ടിന്റെ സമയത്ത് അതില്‍ സിഗരറ്റ് വലിക്കുന്ന സീനുണ്ടായിരുന്നെന്നും ഒരു ടെറസില്‍ വെച്ചായിരുന്നു ഷൂട്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

ലൈറ്റും ക്യാമറയുമൊക്കെയായി യൂണിറ്റ് മുഴുവന്‍ ആ ടെറസില്‍ വന്നെന്നും ഷോട്ടിനുള്ളത് തയാറാക്കിയെന്നും അദ്ദേഹം പറയുന്നു. ആക്ഷന്‍ പറഞ്ഞിട്ടും താന്‍ വെറുതേ നിന്നെന്നും എങ്ങനെയാണ് സിഗരറ്റ് വലിക്കേണ്ടതെന്ന് അറിയില്ലെന്ന് പറയാന്‍ തോന്നിയില്ലെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു. താന്‍ കാരണം യൂണിറ്റ് മുഴുവന്‍ പണിയെടുക്കേണ്ടി വന്നെന്നും അത് തനിക്ക് അപമാനമായി തോന്നിയെന്നും താരം പറഞ്ഞു.

‘സിനിമയില്‍ വന്ന സമയത്ത് എനിക്ക് സിഗരറ്റ് വലിക്കാന്‍ അറിയില്ലായിരുന്നു. സത്യം പറഞ്ഞാല്‍ അതിനോട് താത്പര്യമില്ലാത്തതുകൊണ്ടായിരുന്നു. ആദ്യകാലത്ത് ചെയ്ത സിനിമകളിലൊന്നും സ്‌മോക്കിങ് സീനുകള്‍ ഉണ്ടായിരുന്നില്ല. നന്ദ എന്ന സിനിമയുടെ സമയത്താണ് ഞാന്‍ സിഗരറ്റ് വലിക്കാന്‍ പഠിച്ചത്. അത് വലിയൊരു കഥയാണ്.

ആ സിനിമയില്‍ ഒരു സ്‌മോക്കിങ് സീനുണ്ട്. ഒരു വീടിന്റെ ടെറസില്‍ വെച്ചുള്ള സീനായിരുന്നു. ക്യാമറയും ലൈറ്റും എല്ലാം എടുത്ത് ക്രൂ മൊത്തം ടെറസിലെത്തി. സിഗരറ്റ് വലിക്കാനറിയില്ലെന്ന് അവരോട് പറയാനും തോന്നിയില്ല. ഷോട്ടിന്റെ സമയമായി. ആക്ഷന്‍ പറഞ്ഞിട്ടും ഞാന്‍ സിഗരറ്റ് കത്തിക്കുന്നില്ല. എല്ലാവര്‍ക്കും അപ്പോള്‍ കാര്യം മനസിലായി.

ആ സീന്‍ ഒഴിവാക്കിയിട്ട് അവര്‍ അടുത്ത സീനിന് വേണ്ടി പോയി. അത്രയും വലിയ ആള്‍ക്കൂട്ടത്തിന്റെ മുന്നില്‍ അപമാനിതനായി തോന്നി. ആ സമയത്ത് എന്റെ കയ്യില്‍ ഒരു തീപ്പെട്ടിയുണ്ടായിരുന്നു. ഓരോ കൊള്ളിയും കത്തിച്ച് കളഞ്ഞ് മനസിലെ ആ നിരാശ മാറ്റി. പിന്നീട് സിനിമക്ക് വേണ്ടി മാത്രം സ്‌മോക്കിങ് പഠിച്ചു. റോളക്‌സിന് വേണ്ടി ചെയ്തതും അതേ സ്‌റ്റൈല്‍ സ്‌മോക്കിങ്ങായിരുന്നു,’ സൂര്യ പറഞ്ഞു.

സൂര്യ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കറുപ്പ്. ആര്‍.ജെ ബാലാജിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മാസ് ആക്ഷന്‍ ഴോണറിലൊരുങ്ങുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. തൃഷ, ശിവദ, സ്വാസിക, ഇന്ദ്രന്‍സ് എന്നിവര്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. സൂര്യയുടെ പിറന്നാള്‍ ദിനമായ ജൂലൈ 23ന് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങും.

Content Highlight: Suriya saying he learned smoking only for movies