സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഹൈപ്പില്‍ പുറത്തിറങ്ങിയ ചിത്രങ്ങളിലൊന്നായിരുന്നു അഞ്ചാന്‍. സോഷ്യല്‍ മീഡിയ അത്രകണ്ട് സജീവമല്ലാത്ത കാലത്ത് പോലും ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ തരംഗമുണ്ടാക്കയിരുന്നു. എന്നാല്‍ ആദ്യദിനം തന്നെ സമ്മിശ്ര പ്രതികരണം നേടിയ അഞ്ചാന്‍ ബോക്‌സ് ഓഫീസില്‍ അത്രകണ്ട് ശോഭിച്ചിരുന്നില്ല.
ഇപ്പോഴിതാ അഞ്ചാന്‍ റീ റിലീസിനൊരുങ്ങുന്നു എന്നാണ് പുതിയ വാര്‍ത്തകള്‍. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. റീ എഡിറ്റ് ചെയ്ത പതിപ്പാണ് വീണ്ടും ബിഗ് സ്‌ക്രീനിലേക്കെത്തുകയെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. അനാവശ്യമായ പാട്ടുകളും രംഗങ്ങളുമായിരുന്നും അഞ്ചാന് തിരിച്ചടിയായത്.
റീ റിലീസില്‍ ചിത്രത്തിന്റെ കഥപറച്ചില്‍ രീതി തന്നെ മാറ്റിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. നോണ്‍ ലീനിയറായിട്ടാണ് ആദ്യ വരവില്‍ ചിത്രത്തിന്റെ കഥ പറച്ചില്‍. എന്നാല്‍ ഇത്തവണ ലീനിയര്‍ നരേഷനാകും ചിത്രത്തിന്റേതെന്നാണ് അഭ്യൂഹങ്ങള്‍. നവംബര്‍ 28നാണ് ചിത്രം വീണ്ടും തിയേറ്ററുകളിലെത്തുക. അഞ്ചാന്‍ റീ റിലീസ് ആരാധകര്‍ ആഘോഷമാക്കുമെന്ന് ഉറപ്പാണ്.
കരിയറിലെ ഏറ്റവും സ്റ്റൈലിഷായിട്ടുള്ള ലുക്കിലാണ് സൂര്യ അഞ്ചാനില്‍ പ്രത്യക്ഷപ്പെട്ടത്. മുംബൈയിലെ ഡോണായ രാജു ഭായ് എന്ന കഥാപാത്രം സൂര്യയില്‍ ഭദ്രമായിരുന്നു. ഫസ്റ്റ് ലുക്ക് മുതല്‍ ആരാധകര്‍ ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ അമിതമായ ഹൈപ്പ് ചിത്രത്തിന് വലിയ തിരിച്ചടിയായി മാറി.
പയ്യാ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം ലിംഗുസ്വാമി സംവിധാനം ചെയ്ത ചിത്രമായിരുന്നു അഞ്ചാന്‍. റിലീസിന് മുമ്പ് സംവിധായകന്‍ ചിത്രത്തിന് നല്‍കിയ ഹൈപ്പെല്ലാം അന്നത്തെ കാലത്ത് വലിയ ചര്‍ച്ചയായിരുന്നു. തുടര്‍ച്ചയായ ബോക്‌സ് ഓഫീസ് പരാജയങ്ങള്‍ സൂര്യക്ക് നേരിടേണ്ടി വന്നത് അഞ്ചാന്‍ മുതല്‍ക്കായിരുന്നു. റീ റിലീസോടെ ബോക്‌സ് ഓഫീസില്‍ സൂര്യ നേരിടുന്ന കഷ്ടകാലം അവസാനിക്കാന്‍ സാധ്യതയുണ്ടെന്നും ചില പോസ്റ്റുകളില്‍ അഭിപ്രായപ്പെടുന്നുണ്ട്.
സൂര്യക്കൊപ്പം ബോളിവുഡ് താരം വിദ്യുത് ജംവാളും അഞ്ചാനില്‍ പ്രധാനവേഷം കൈകാര്യം ചെയ്തിരുന്നു. സമന്തയായിരുന്നു ചിത്രത്തിലെ നായിക. ബോളിവുഡ് താരം മനോജ് ബാജ്‌പേയ് വില്ലനായി വേഷമിട്ട ചിത്രത്തില്‍ ടെക്‌നിക്കല്‍ മേഖലയും ശക്തമായിരുന്നു. സന്തോഷ് ശിവന്റെ ഛായാഗ്രഹണവും യുവന്‍ ശങ്കര്‍ രാജയുടെ സംഗീതവും ചിത്രത്തെ താങ്ങിനിര്‍ത്തിയ ഘടകങ്ങളായിരുന്നു.
Content Highlight: Suriya’s Anjaan movie going to re release with re edited version