അമ്മയെ അഗരം ഫൗണ്ടേഷനിലൂടെ എഞ്ചിനീയറാക്കി, മകള്‍ക്ക് ആദ്യാക്ഷരവും കുറിച്ചു, കൈയടി നേടി സൂര്യ
Indian Cinema
അമ്മയെ അഗരം ഫൗണ്ടേഷനിലൂടെ എഞ്ചിനീയറാക്കി, മകള്‍ക്ക് ആദ്യാക്ഷരവും കുറിച്ചു, കൈയടി നേടി സൂര്യ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 7th August 2025, 1:19 pm

തമിഴ് താരം സൂര്യ ചാരിറ്റിക്കായി ആരംഭിച്ച സംഘടനയാണ് അഗരം ഫൗണ്ടേഷന്‍. സമൂഹത്തില്‍ സാമ്പത്തികമായി പിന്നോട്ടുനില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ സഹായിക്കുകയും അവരെ മുന്നോട്ടു കൊണ്ടുവരാനും വേണ്ടിയാണ് താരം അഗരം ആരംഭിച്ചത്. കഴിഞ്ഞദിവസം അഗരത്തിന്റെ 15ാം വാര്‍ഷികം ചെന്നൈയില്‍ വെച്ച് നടന്നിരുന്നു.

15 വര്‍ഷത്തിനിടയില്‍ 8000 കുട്ടികള്‍ക്ക് അഗരത്തിലൂടെ സൗജന്യവിദ്യാഭ്യാസം ലഭിച്ചിട്ടുണ്ട്. ഇതില്‍ 51 പേര്‍ പഠിച്ച് ഡോക്ടറാവുകയും 1500ലധികം പേര്‍ എഞ്ചിനീയറാവുകയും ചെയ്തു. അഗരത്തിലൂടെ പുതിയ ജീവിതം ലഭിച്ചവരെല്ലാം കഴിഞ്ഞദിവസം നടന്ന പരിപാടിയില്‍ പങ്കെടുത്തിരുന്നു. പരിപാടിക്കിടെ പലരുടെയും മനസ് നിറച്ച ഒരു സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

അഗരം ഫൗണ്ടേഷന്റെ 2010 ബാച്ചിലുണ്ടായിരുന്ന തങ്ക കാളീശ്വരി എന്ന യുവതി തന്റെ മകളെയും കൂട്ടിയാണ് പരിപാടിയില്‍ പങ്കെടുക്കാനായി വന്നത്. എഞ്ചിനീയറായ തങ്ക കാളീശ്വരി ഇന്ന് വലിയൊരു കമ്പനിയുടെ മാനേജറാണ്. ആറ് പേരുള്ള കുടുംബത്തില്‍, മഴ പെയ്താല്‍ നനയുന്ന ഓടിട്ട വീട്ടില്‍ നിന്ന് വന്ന അവരുടെ കുട്ടിക്കാലം ദുരിതപൂര്‍ണമായിരുന്നെന്ന് പറഞ്ഞു.

നല്ല മാര്‍ക്കോടെ പത്താം ക്ലാസും പ്ലസ് ടുവും പാസായെങ്കിലും കുടുംബത്തിന്റെ സ്ഥിതി ഉപരിപഠനത്തിന് തടസമായി നിന്നപ്പോള്‍ അഗരമാണ് തനിക്ക് തുണയായതെന്ന് തങ്ക കാളീശ്വരി പറയുന്നു. വെറുതേ കോളേജില്‍ അഡ്മിഷന്‍ കൊടുത്ത ശേഷം പോവുകയല്ല ചെയ്തതെന്നും തനിക്ക് മുന്നേറാനുള്ള പരിശീലനങ്ങളെല്ലാം അഗരം കൂടെ നിന്ന് ചെയ്‌തെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ഇന്ന് എന്റെ കീഴില്‍ 100 പേര്‍ ജോലി ചെയ്യുമെന്നോ ഇത്രയും വലിയ വേദിയില്‍ നിന്ന് പ്രസംഗിക്കാനാകുമെന്നോ 15 വര്‍ഷം മുമ്പ് ഞാന്‍ സ്വപ്‌നം പോലും കണ്ടിട്ടില്ലായിരുന്നു. ഇംഗ്ലീഷ് സംസാരിക്കാനറിയാത്ത എനിക്ക് അതിനുള്ള പരിശീലനവും ഇതിനിടയില്‍ ലഭിച്ചു. അതിനെല്ലാം കാരണം അഗരം ഫൗണ്ടേഷനും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സൂര്യയുമാണ്,’ തങ്ക കാളീശ്വരി പറഞ്ഞു.

മൂന്നര വയസുള്ള തന്റെ മകള്‍ ആതിരയെ സ്‌കൂളില്‍ ചേര്‍ക്കാന്‍ പോവുകയാണെന്നും എന്നാല്‍ അതിന് മുമ്പ് അവളെ സൂര്യയെക്കൊണ്ട് ആദ്യാക്ഷരം എഴുതിക്കണമെന്ന് ആഗ്രഹമുണ്ടെന്നും അവര്‍ പറഞ്ഞു. തങ്ക കാളീശ്വരിയുടെ ആഗ്രഹം അതേ വേദിയില്‍ വെച്ച് സൂര്യ സാധിക്കുകയും ചെയ്തു. ആതിരക്ക് ആദ്യാക്ഷരം കുറിക്കുന്ന വീഡിയോ എല്ലാവരുടെയും കണ്ണ് നിറയിച്ചു.

തലമുറകളെ വിദ്യാഭ്യാസത്തിന്റെ ലോകത്തേക്ക് കൈപിടിച്ചു കൊണ്ടുവരിക എന്നത് ചെറിയ കാര്യമല്ലെന്നും സൂര്യ എന്ന നടന്റെ ഏറ്റവും വലിയ ഗുണം ഇത്തരം കാര്യങ്ങളാണെന്നും പറഞ്ഞുകൊണ്ട് നിരവധി പോസ്റ്റുകള്‍ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. സൂര്യയുടെ അച്ഛന്‍ ശിവകുമാര്‍ കാലങ്ങളായി ചാരിറ്റി പ്രവര്‍ത്തനം നടത്തുന്നുണ്ടെങ്കിലും അതിനെ ഇന്ന് കാണുന്ന അഗരം എന്ന ഫൗണ്ടേഷനാക്കി മാറ്റിയത് സൂര്യയാണ്.

ഒരു തലമുറക്ക് വിദ്യാഭ്യാസം നല്‍കാനും അതിന് വേണ്ടി പ്രവര്‍ത്തിക്കാനും സൂര്യ കാണിക്കുന്ന ഈ ആത്മാര്‍ത്ഥ പ്രശംസ അര്‍ഹിക്കുന്നതാണെന്ന് ചടങ്ങില്‍ പങ്കെടുത്ത സംവിധായകന്‍ വെട്രിമാരന്‍ അഭിപ്രായപ്പെട്ടു. സ്വേച്ഛാധിപത്യത്തിന്റെയും സനാതനത്തിന്റെയും ചങ്ങലകള്‍ പൊട്ടിക്കാന്‍ വിദ്യാഭ്യാസത്തിന് മാത്രമേ സാധിക്കുള്ളൂവെന്ന് നടനും രാജ്യസഭാ എം.പിയുമായ കമല്‍ ഹാസന്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.

Content Highlight: Suriya got appreciation in Agaram Foundation’s 15th anniversary