അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി ടീമില്‍ ശാന്തത കൊണ്ടുവരും; ഇന്ത്യന്‍ താരത്തെ കുറിച്ച് സുരേഷ് റെയ്‌ന
Cricket
അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി ടീമില്‍ ശാന്തത കൊണ്ടുവരും; ഇന്ത്യന്‍ താരത്തെ കുറിച്ച് സുരേഷ് റെയ്‌ന
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 7th June 2022, 8:24 am

വളരെ ആവേശകരമായ ഐ.പി.എല്‍ സീസണായിരുന്നു കഴിഞ്ഞ ആഴ്ചയില്‍ സമാപിച്ചത്. ഐ.പി.എല്ലിന് ശേഷം അന്താരാഷ്ട്ര മത്സരങ്ങള്‍ക്കുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ.

ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന പരമ്പരക്ക് മുന്നോടിയായി ഐ.പി.എല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകനായ കെ.എല്‍. രാഹുലിനെ പുകഴ്ത്തിയാണ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന സംസാരിച്ചിരിക്കുന്നത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്ക് വിശ്രമം അനുവധിച്ചിരിക്കുന്ന പരമ്പരയില്‍ കെ.എല്‍. രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്.

കെ.എല്‍. രാഹുലിന്റെ ക്യാപ്റ്റന്‌സി ശാന്തത നിറഞ്ഞതാണെന്നും ഇപ്പോഴുള്ള ടീമിന് അതാണ് ആവശ്യമെന്നും റെയ്‌ന അഭിപ്രായപ്പെട്ടു. ഒരുപാട് യുവതാരങ്ങളുമായാണ് ഇന്ത്യ പരമ്പരക്ക് ഇറങ്ങുന്നത്.

‘അടുത്ത കാലത്ത് ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹം വളരെ ശാന്തനാണ്, ക്യാപ്റ്റന്‍ എന്ന നിലയില്‍ ഇവന്‍ അവനെ തന്നെ കംപോസ് ചെയ്യുന്നുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരെ തെരഞ്ഞെടുത്ത കളിക്കാര്‍ക്ക് കെ.എല്‍. രാഹുലിനെപ്പോലെയുള്ള ഒരു ലീഡറിനെ ആവശ്യമുണ്ട്,’ റെയ്‌ന പറഞ്ഞു.

‘പുതിയ ഫാസ്റ്റ് ബൗളര്‍മാര്‍ പ്രതീക്ഷ നല്‍കുന്നവരാണ് – ഉമ്രാന്‍ മാലിക്കും അര്‍ഷ്ദീപ് സിംഗും മികച്ച രീതിയില്‍ പന്തെറിഞ്ഞിരുന്നു. ഐ.പി.എല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത റിഷബ് പന്തും ദിനേശ് കാര്‍ത്തിക്കും രാഹുലിന് ഒപ്പമുള്ളത് ടീമിന് ഗുണം ചെയ്യും. രാഹുലിന്റെ സാന്നിധ്യം ടീമിന് ശാന്തത നല്‍കുമെന്ന് എനിക്ക് തോന്നുന്നു, ദക്ഷിണാഫ്രിക്കന്‍ ടീമാണ്, അതിനാല്‍ ഇത് വളരെ മികച്ചയൊരു പരമ്പരയായിരിക്കും,’ റെയ്‌ന കൂട്ടിച്ചര്‍ത്തു.

അതോടൊപ്പം കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചാഹലും ഒരുമിച്ച് കളിക്കുന്നത് ടീമിന് ഗുണം ചെയ്യുമെന്നും റെയ്‌ന പറഞ്ഞു.

ഐ.പി.എല്ലില്‍ പുതിയ ടീമായ ലഖ്‌നൗവിന്റെ ക്യാപ്റ്റനായിരുന്നു കെ.എല്‍. രാഹുല്‍ തന്റെ കീഴില്‍ കളിച്ച ലഖ്‌നൗവിനെ എലിമിനേറ്റര്‍ വരെ എത്തിക്കാന്‍ രാഹുലിന്‍ സാധിച്ചിരുന്നു. എന്നാല്‍ ഇന്ത്യയെ മൂന്ന് ഏകദിനത്തില്‍ നയിച്ച രാഹുലിന് ഒരു മത്സരം പോലും വിജയിക്കാന്‍ സാധിച്ചിട്ടില്ലായിരുന്നു.

ഒരു ടെസ്റ്റ് മത്സരത്തിലും ഇന്ത്യയെ രാഹുല്‍ നയിച്ചിട്ടുണ്ട് എന്നാല്‍ അതിലും വിജയിക്കാന്‍ ടീമിനായില്ലായിരുന്നു.

Content Highlights : Suresh Raina says KL Rahul is calm as a captain