സീരിയല്‍ രംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ താരമാണ് സുരേഷ് കൃഷ്ണ. വിനയന്‍ സംവിധാനം ചെയ്ത കരുമാടിക്കുട്ടനിലെ വില്ലന്‍ വേഷം അവതരിപ്പിച്ചു കൊണ്ടാണ് മലയാളസിനിമയില്‍ അരങ്ങേറിയത്. 24 വര്‍ഷത്തെ കരിയറില്‍ നിരവധി കഥാപാത്രങ്ങളെ താരം പകര്‍ന്നാടി. കരിയറിന്റെ തുടക്കത്തില്‍ വില്ലന്‍ വേഷങ്ങളില്‍ ശ്രദ്ധ നല്‍കിയ സുരേഷ് കൃഷ്ണ പിന്നീട് കോമഡിയിലേക്ക് ചേക്കേറുകയായിരുന്നു.
ഒരു സിനിമയില്‍ നിന്ന് തന്നെ മാറ്റിനിര്‍ത്തിയ അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് സുരേഷ് കൃഷ്ണ. മേക്കപ്പും ചെയ്ത് കോസ്റ്റിയൂമും ഇട്ടതിന് ശേഷം തന്നെ ഒരു സിനിമയില്‍ നിന്ന് മാറ്റിയിട്ടുണ്ടെന്ന് സുരേഷ് കൃഷ്ണ പറയുന്നു. ക്ലബ് എഫ്. എം കേരളക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മേക്കപ്പും കോസ്റ്റിയൂമുമെല്ലാം മാറിയതിന് ശേഷം എന്നെ ഒരു സിനിമയില്‍ നിന്ന് മാറ്റിയിട്ടുണ്ട്. ഞാന്‍ നോക്കുമ്പോഴുണ്ട് എന്റെ അതേ കോസ്റ്റിയുമുമിട്ട് ഒരാള്‍ സൈറ്റിലൂടെ നടന്ന് പോകുന്നു. ഞാന്‍ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന ഒരു നായിക നടിയുടെ കൂടെയായിരുന്നു അന്നത്തെ എന്റെ സീന്‍ ഷൂട്ട് ചെയ്യേണ്ടത്. പക്ഷെ ഷൂട്ടിങ് മുമ്പ് എന്നോട് പൊക്കോളാന്‍ പറഞ്ഞു.
അന്വേഷിച്ചപ്പോള്‍ ആ സിനിമയുടെ നിര്‍മാതാവിന്റെ പെങ്ങളുടെ മകന്‍ കുവൈത്തില്‍ നിന്ന് വന്നിട്ടുണ്ട്. അവന്‍ അവിടെ പഠിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു. കറക്ട് ആ സമയത്ത് അവന്‍ കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് വന്നു. നാട്ടില്‍ ഇങ്ങനെ ഒരു സിനിമയുടെ ഷൂട്ട് നടക്കുന്നുണ്ടെന്ന് അവന്‍ അറിഞ്ഞു. അങ്ങനെ പറഞ്ഞ് വന്നപ്പോള്‍ ഇവനും ഈ നടിയെ ഭയങ്കര ഇഷ്ടമാണ്.
‘ആ വേഷം എനിക്ക് ചെയ്യണം അമ്മാവാ’ എന്ന് പറഞ്ഞപ്പോഴേക്കും സംവിധായകന്‍ ആ വേഷം അവന് കൊടുത്തു. എന്നോടൊന്ന് പറയുകപോലും ചെയ്തിട്ടില്ല. എന്തിനാണ് ആ ചെറുക്കന്‍ കുവൈത്തില്‍ നിന്ന് വന്നതെന്ന് ഞാന്‍ അപ്പോള്‍ ആലോചിച്ചു,’ സുരേഷ് കൃഷ്ണ പറയുന്നു.