1993ല്‍ ചമയം എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടനാണ് സുരേഷ് കൃഷ്ണ. വിനയന്റെ സംവിധാനത്തില്‍ എത്തിയ കരുമാടിക്കുട്ടന്‍ എന്ന സിനിമയില്‍ വില്ലന്‍ കഥാപാത്രമായി എത്തിയതും സുരേഷ് ആയിരുന്നു.
ആ കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തില്‍ ഒരു വഴിത്തിരിവായിരുന്നു. തുടര്‍ന്ന് നിരവധി സിനിമകളില്‍ സുരേഷ് വില്ലന്‍ വേഷങ്ങള്‍ ചെയ്തു. ഒപ്പം ചില സിനിമകളില്‍ സ്വഭാവ നടനായും അഭിനയിച്ചു. നിലവില്‍ സിനിമയില്‍ വില്ലന്‍ വേഷങ്ങളില്‍ നിന്ന് മാറി കോമഡി കഥാപാത്രങ്ങളാണ് സുരേഷ് ചെയ്യുന്നത്.
ഒപ്പം മുമ്പ് ചെയ്ത സിനിമകളുടെ സ്വഭാവം കാരണം കണ്‍വീന്‍സിങ് സ്റ്റാര്‍ എന്ന ടാഗും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവരുടെ സിനിമകളില്‍ അഭിനയിക്കാനും നടന് സാധിച്ചിരുന്നു. ഇപ്പോള്‍ മമ്മൂട്ടിയെ കുറിച്ച് പറയുകയാണ് സുരേഷ് കൃഷ്ണ.
‘മമ്മൂക്കയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ് 1989ലെ മദ്രാസിലേക്ക് വണ്ടികയറും. മദ്രാസ് കേരളസമാജം സ്‌കൂളിലാണ് പത്താം ക്ലാസുവരെ ഞാന്‍ പഠിച്ചത്. അന്ന് മദ്രാസില്‍ മലയാളം സിനിമകള്‍ വിരളമായി മാത്രമേ റിലീസ് ചെയ്യാറുള്ളൂ.
അതുകൊണ്ട് തന്നെ മമ്മൂട്ടിച്ചിത്രങ്ങളോ മലയാളം സിനിമകളോ തിയേറ്ററില്‍ നിന്ന് അധികം കാണാന്‍ കഴിയാറില്ല. വടക്കന്‍ വീരഗാഥ ആ വര്‍ഷം ഏപ്രിലില്‍ ഇറങ്ങി തരംഗമായി. അതോടെ ഞങ്ങള്‍ കുട്ടികള്‍ക്കിടയിലെ പ്രധാന ചര്‍ച്ച മമ്മൂക്ക ഇടുന്ന ഡ്രസ്സുകളെപ്പറ്റിയും അദ്ദേഹം സഞ്ചരിക്കുന്ന കാറിനെ പറ്റിയുമൊക്കെയായി.
ആയിടെയാണ് സ്‌കൂളില്‍ ഓണാഘോഷം വന്നത്. നഗരത്തിലെ പ്രധാന സ്‌കൂളായതിനാല്‍ എല്ലാവര്‍ഷം സിനിമ-സാംസ്‌കാരിക -രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അതിഥികളായെത്തും. ആ വര്‍ഷത്തെ അതിഥികളായി നിശ്ചയിച്ചത് മമ്മൂക്കയെയും ഭാരതിരാജയെയുമായിരുന്നു.
മമ്മൂക്ക വരുന്നെന്ന് അറിഞ്ഞപ്പോള്‍ ഞങ്ങള്‍ ബാക്ക് ബെഞ്ചുകാര്‍ ചില പ്ലാനുകള്‍ തയ്യാറാക്കി. അദ്ദേഹം മൈക്കിനടുത്തെത്തി സംസാരിക്കാന്‍ തുടങ്ങുന്ന നിമിഷം എല്ലാവരും ഒന്നിച്ച് കൈയടിക്കണമെന്നായിരുന്നു പദ്ധതി.
കാരണം അദ്ദേഹത്തിന്റെ സൗന്ദര്യമോ പേഴ്‌സണാലിറ്റിയോ ഒന്നുമല്ല അന്ന് എന്നെയും സുഹൃത്തുക്കളെയും ആകര്‍ഷിച്ചത്. മറിച്ച് ശബ്ദമായിരുന്നു. അത്രയും ഗാംഭീര്യമുള്ള ശബ്ദം അന്ന് മറ്റൊരു നടനില്‍ നിന്ന് ഞാന്‍ കേട്ടിട്ടില്ല.
അങ്ങനെ ഓണാഘോഷ ദിവസമെത്തി. ഞങ്ങളെയെല്ലാം ഞെട്ടിക്കുന്ന രീതിയിലുള്ള ഒരു ഡ്രസിലായിരിക്കും അദ്ദേഹം വരുകയെന്നാണ് പ്രതീക്ഷിച്ചത്. പ്രതീക്ഷകളുടെ ആക്കംകൂട്ടി ഏതാനും നിമിഷങ്ങള്‍ക്കകം ഒരു കോണ്ടസ കാര്‍ വന്നുനിന്നു. എല്ലാവരുടെയും നോട്ടം ഡോറിലേക്കലായി.
എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് ഒരു വെള്ളമുണ്ടും പൂക്കളുടെ ഡിസൈനുള്ള ഒരു സാധാരണ ഷര്‍ട്ടും ധരിച്ച് മമ്മൂക്ക ഇറങ്ങി. പക്ഷേ, അപ്പോഴും അദ്ദേഹത്തിന് ചുറ്റും ഒരു ഓറ ഉണ്ടായിരുന്നു. വേദിയില്‍ ആദ്യം സംസാരിച്ചത് ഭാരതിരാജയായിരുന്നു.
അദ്ദേഹം സംസാരം അവസാനിപ്പിച്ച നിമിഷം ഞങ്ങള്‍ റെഡിയായി. മമ്മൂക്ക പറഞ്ഞ ആദ്യ വാക്കിന് ഞങ്ങള്‍ എഴുന്നേറ്റ് കൈയടിച്ചു. ആ കൈയടി ഇന്നും ഓരോതവണ മമ്മൂക്കയെ കാണുമ്പോഴും ഹൃദയത്തില്‍ മുഴങ്ങും,’ സുരേഷ് കൃഷ്ണ പറയുന്നു.
Content Highlight: Suresh Krishna Talks About Mammootty