എമ്പുരാന്‍ എന്ന ചിത്രത്തിന്റെ നന്ദി കാര്‍ഡില്‍ നിന്ന് തന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. താന്‍ ആ സിനിമയുടെ ഭാഗമാകാന്‍ താത്പര്യപ്പെടുന്നില്ലെന്നും അതിനാലാണ് തന്റെ പേര് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നും സുരേഷ് ഗോപി പറയുന്നു.
ആ സിനിമയില്‍ തന്റേ പേര് ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ നിര്‍മാതാവായ ഗോകുലം ഗോപാലനെ വിളിച്ച് അത് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടെന്നും അതിന് ശേഷമാണ് സിനിമയില്‍ പ്രശ്‌നമുണ്ടെന്ന് അവര്‍ക്ക് തോന്നിയതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. മനോരമ ന്യൂസ് മേക്കര്‍ പുരസ്‌കാരം ലഭിച്ച ശേഷം നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.
‘ഈ സിനിമ ഇത്രയും വിവാദമായത് പാര്‍ലമെന്റിലെ ഒരു ചര്‍ച്ചയോടെയാണ്. വഖഫ് വിഷയത്തെക്കുറിച്ച് സംസാരിക്കുന്നതിനിടക്ക് ജോണ്‍ ബ്രിട്ടാസ് എന്നെ മുന്ന എന്ന് വിളിച്ചു. അതോടെ എല്ലാവരും വിഷയം മാറ്റി. എന്നെ എന്തുകൊണ്ടാണ് മുന്നയെന്ന് വിളിച്ചത് എനിക്കറിയില്ല. കാരണം എമ്പുരാനിലെ മുന്ന ആരാണെന്ന് എനിക്കറിയില്ല. ആ സിനിമ ഇതുവരെ കണ്ടിട്ടില്ല, ഇനി കാണുകയുമില്ല എന്നതാണ് എന്റെ തീരുമാനം. ആ സിനിമ റീ സെന്‍സര്‍ ചെയ്യണമെന്ന് ഞാനോ എന്റെ ഗവണ്മെന്റോ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല.
നിര്‍മാതാവായ ശ്രീ. ഗോകുലം ഗോപാലന്റെയും മോഹന്‍ലാലിന്റെയും തീരുമാനമാണത്. ആ സിനിമയുടെ ഷൂട്ടിന് ചില പെര്‍മിഷന്‍ മാത്രമേ ഞാന്‍ വാങ്ങിക്കൊടുത്തിട്ടുള്ളൂ. പള്ളിപ്പുറം CRPF ക്യാമ്പിലെ ഷൂട്ട് അന്ന് നടന്നില്ലായിരുന്നെങ്കില്‍ ഈ സിനിമ റിലീസാകില്ലായിരുന്നു. അത്രയും ആര്‍ട്ടിസ്റ്റുകളുടെ ഡേറ്റ് വെറുതേ പോകുമെന്ന് പറഞ്ഞപ്പോള്‍ അന്ന് രാത്രി അമിത് ഷായുടെ അടുത്ത് നിന്ന് പെര്‍മിഷന്‍ വാങ്ങുകയായിരുന്നു,’ സുരേഷ് ഗോപി പറഞ്ഞു.
ആ ഒരു സഹായം കാരണമായിരിക്കാം തന്റെ പേര് സിനിമയില്‍ ഉള്‍പ്പെടുത്തിയതെന്ന് താരം പറയുന്നു. എന്നാല്‍ താന്‍ വിളിച്ച് സംസാരിച്ചതിന് ശേഷമാകാം അണിയറപ്രവര്‍ത്തകര്‍ക്ക് സിനിമയില്‍ പ്രശ്‌നമുണ്ടെന്ന് മനസിലായതെന്നും അവര്‍ തന്നെ ഇടപെട്ട് റീ സെന്‍സറിന് അപേക്ഷിച്ചതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
‘എമ്പുരാന്‍ വിവാദമായ സമയത്ത് എനിക്കെതിരെയും ആരോപണങ്ങള്‍ വന്നിരുന്നു. ആ ആരോപണങ്ങളുടെ മുനയൊടിക്കുകയല്ല, ആ അമ്പ് തന്നെ ഒടിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ സിനിമയെക്കുറിച്ച് ഇപ്പോള്‍ അതിന്റെ സംവിധായകന്‍ പൃഥ്വിരാജ് സംസാരിച്ചതോടുകൂടി എല്ലാവര്‍ക്കും വ്യക്തത വന്നു,’ സുരേഷ് ഗോപി പറഞ്ഞു.
Content Highlight: Suresh Gopi reacts to the controversies related to Empuraan movie