മിമിക്രിയിലൂടെ സിനിമയില്‍ വന്ന് കോമഡി വേഷങ്ങളിലൂടെ മലയാളികളെ ഏറെ ചിരിപ്പിച്ച നടനാണ് സുരാജ് വെഞ്ഞാറമൂട്. ആദ്യകാലങ്ങളിൽ കോമഡി കഥാപാത്രങ്ങളാണ് സുരാജ് ചെയ്തിരുന്നതെങ്കിലും പിന്നീട് വളരെ സീരിയസ് ആയിട്ടുള്ള കഥാപാത്രങ്ങളും സുരാജ് ചെയ്തുതുടങ്ങി. ഇപ്പോൾ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി എന്നീ സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് സുരാജ്.
തനിക്ക് ഏറെ അഭിനന്ദനം നേടിത്തന്ന കഥാപാത്രങ്ങളാണ് ഭാസ്‌കര പൊതുവാളും, എൽദോയുമെന്നും ഭാസ്കര പൊതുവാളിന് വേണ്ടിയാണ് കരിയറിൽ ഏറ്റവും കൂടുതൽ സമയം മേക്കപ്പ് ചെയ്തതെന്നും സുരാജ് പറയുന്നു.
തൻ്റെ മുഖത്ത് പരീക്ഷണങ്ങൾ നടത്തിയെന്നും മേക്കപ്പ് പൂർത്തിയാക്കിയപ്പോൾ മരിച്ചുപോയ അച്ഛൻ്റെ രൂപമായിരുന്നു തനിക്കെന്നും അദ്ദേഹം പറയുന്നു.
ആ രൂപം വല്ലാത്തൊരു ഫീലാണ് തനിക്ക് നൽകിയതെന്നും ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് അമ്മയെ വിളിച്ചെന്നും പറഞ്ഞു. തന്നെ കണ്ടപ്പോൾ അച്ഛനെപ്പോലെയിരിക്കുന്നു എന്നാണ് അമ്മ പറഞ്ഞതെന്നും സുരാജ് കൂട്ടിച്ചേർത്തു. സ്റ്റാർ & സ്റ്റൈൽ മാഗസിനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഏറെ അഭിനന്ദനം നേടിത്തന്ന കഥാപാത്രങ്ങളാണ് ഭാസ്‌കര പൊതുവാളും എൽദോയും. അഭിനയ ജീവിതത്തിൽ ആഹ്ലാദം നൽകിയ രണ്ട് വേഷങ്ങൾ. ഭാസ്കര പൊതുവാളിന് വേണ്ടിയാണ് കരിയറിൽ ഏറ്റവും കൂടുതൽ സമയം മേക്കപ്പ് ചെയ്‌തത്.
രാവിലെ മുതൽ രാത്രിവരെ മേക്കപ്പ്മാൻ്റെ മുന്നിൽ ഇരുന്നു. എൻ്റെ മുഖത്ത് അവർ മാറിമാറി പരീക്ഷണങ്ങൾ നടത്തി. മുടി വടിച്ചുകളഞ്ഞും പുതുതായി വെച്ചുപിടിപ്പിച്ചും നിറം കൊടുത്തുമെല്ലാം രൂപം കൊടുത്തു.
മേക്കപ്പ് പൂർത്തിയാക്കി കണ്ണാടിക്ക് മുൻപിൽ ചെന്നപ്പോൾ മരിച്ചുപോയ അച്ഛൻ്റെ രൂപമായിരുന്നു എനിക്ക്. അച്ഛൻ വിട്ടുപിരിഞ്ഞിട്ട് അന്നേക്ക് ഏകദേശം ഒരു വർഷമാകുന്നേയുള്ളൂ. അവസാനകാലത്തെ അച്ഛൻ്റെ രൂപം അതുപോലെയായിരുന്നു.
ഭാസ്കര പൊതുവാളിൻ്റെ രൂപം വല്ലാത്തൊരു ഫീലാണ് നൽകിയത്. ഷൂട്ടിങ് തുടങ്ങും മുമ്പ് ചാരുകസേരയിൽ നീണ്ടുനിവർന്നു കിടന്ന് ചേച്ചിയെ വീഡിയോ കോളിൽ വിളിച്ച് ഫോൺ അമ്മക്ക് നൽകാൻ പറഞ്ഞു. എന്റെ രൂപം കണ്ട് ശബ്ദമിടറിക്കൊണ്ട്, “മക്കളേ, അച്ഛനെപ്പോലെ തന്നെയിരിക്കുന്നെടാ” എന്നാണ് അമ്മ പറഞ്ഞത്,’ സുരാജ് വെഞ്ഞാറമൂട് പറയുന്നു.
Content Highlight: Suraj Venjaramoodu says he looks like his father who died to see me in that movie