എനിക്കും നടനാകാന്‍ കഴിയുമെന്ന കോണ്‍ഫിഡന്‍സ് വന്നത് ആ നടന്റെ ഇന്റര്‍വ്യൂ കണ്ടതിന് ശേഷം, ഇന്‍സ്പിറേഷനാണ് അദ്ദേഹം: സുരാജ് വെഞ്ഞാറമൂട്
Entertainment
എനിക്കും നടനാകാന്‍ കഴിയുമെന്ന കോണ്‍ഫിഡന്‍സ് വന്നത് ആ നടന്റെ ഇന്റര്‍വ്യൂ കണ്ടതിന് ശേഷം, ഇന്‍സ്പിറേഷനാണ് അദ്ദേഹം: സുരാജ് വെഞ്ഞാറമൂട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 19th March 2025, 10:42 pm

മിമിക്രിയില്‍ നിന്ന് സിനിമയിലേക്കെത്തിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. കോമഡി റോളുകളില്‍ നിന്ന് ക്യാരക്ടര്‍ റോളുകളിലേക്കുള്ള സുരാജിന്റെ മാറ്റം എല്ലാവരെയും അമ്പരപ്പിക്കുന്നതായിരുന്നു. മികച്ച നടനുള്ള ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടിയ സുരാജ് ഈയടുത്ത് ചെയ്ത സിനിമകളിലെല്ലാം പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.

മലയാളത്തിന് പുറമെ സുരാജ് വെഞ്ഞാറമൂട് തമിഴിലും തന്റെ സാന്നിധ്യമറിയിച്ചിരിക്കുകയാണ്. ചിത്തക്ക് ശേഷം എസ്.യു അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന വീര ധീര സൂരനിലൂടെയാണ് സുരാജ് തന്റെ തമിഴ് എന്‍ട്രി നടത്തുന്നത്. വിക്രം നായകനാകുന്ന ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്.

ചിത്രത്തിലെ നായകനായ വിക്രമിനെക്കുറിച്ച് സംസാരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. ചെറുപ്പത്തില്‍ താനും വിക്രമിനെപ്പോലെ അഭിനയത്തോട് പാഷനുള്ള ആളായിരുന്നെന്ന് സുരാജ് പറഞ്ഞു. എന്നാല്‍ തന്റെ അച്ഛനും സഹോദരനും പട്ടാളത്തിലായതിനാല്‍ തനിക്കും പട്ടാളത്തില്‍ ചേരാന്‍ പ്രഷറുണ്ടായിരുന്നെന്നും എന്നാല്‍ തനിക്ക് മിമിക്രി ചെയ്യാനും അഭിനയിക്കാനുമായിരുന്നു ഇഷ്ടമെന്നും സുരാജ് വെഞ്ഞാറമൂട് കൂട്ടിച്ചേര്‍ത്തു.

തന്നെപ്പോലെ വിക്രമും ഒരു വലിയ അപകടം നേരിട്ടെന്നും സിനിമയില്‍ അഭിനയിക്കണമെന്ന ദൃഢനിശ്ചയം കൊണ്ട് സിനിമയിലേക്കെത്തിയ നടനാണ് വിക്രമെന്നും സുരാജ് പറഞ്ഞു. അദ്ദേഹത്തിന്റെ ഇന്‍ര്‍വ്യൂസ് പണ്ട് കാണാറുണ്ടായിരുന്നെന്നും തനിക്ക് അതൊക്കെ വലിയ പ്രചോദനമായിരുന്നെന്നും സുരാജ് വെഞ്ഞാറമൂട് കൂട്ടിച്ചേര്‍ത്തു. വീര ധീര സൂരന്റെ പ്രൊമോഷനില്‍ സംസാരിക്കുകയായിരുന്നു സുരാജ് വെഞ്ഞാറമൂട്.

‘വിക്രം സാറിനെപ്പോലെയായിരുന്നു ഞാനും. അദ്ദേഹത്തിനെപ്പോലെ പണ്ടുതൊട്ടേ അഭിനയത്തോട് താത്പര്യമുണ്ടായിരുന്നു. എന്റെ വീട്ടിലെ സ്ഥിതി കുറച്ച് വ്യത്യസ്തമായിരുന്നു. അച്ഛനും ചേട്ടനും മിലിട്ടറിയായിരുന്നു. ഞാനാണെങ്കില്‍ മിമിക്രിയും. വിക്രം സാറിനെപ്പോലെ എനിക്കും ചെറുപ്പത്തില്‍ വലിയൊരു ആക്‌സിഡന്റ് നേരിടേണ്ടി വന്നിട്ടുണ്ട്.

കാല് മുറിച്ച് കളയേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുപോലും അതിനെ വകവെക്കാതെ ആത്മവിശ്വാസം കൊണ്ട് അതിനെയെല്ലാം മറികടന്ന നടനാണ് അദ്ദേഹം. ഈ കഥയെല്ലാം അദ്ദേഹം ഇന്റര്‍വ്യൂവില്‍ പറഞ്ഞിട്ടുണ്ട്. അതൊക്കെ കണ്ടിട്ടാണ് എനിക്കും നടനാകാന്‍ കഴിയുമെന്ന കോണ്‍ഫിഡന്‍സ് വന്നത്. ശരിക്കും വലിയൊരു ഇന്‍സ്പിറേഷനാണ് അദ്ദേഹം,’ സുരാജ് വെഞ്ഞാറമൂട് പറയുന്നു.

Content Highlight: Suraj Venjaramoodu saying Vikram inspired him for cinema