എന്റെ പൊന്നു അണ്ണാ, ഇനി ഞാന്‍ ആ കുടുംബത്തിന്റെ സ്വത്തുക്കളെക്കുറിച്ച് മാത്രം അറിഞ്ഞാല്‍ മതി; രസകരമായ മറുപടിയുമായി സുരാജ്
Entertainment news
എന്റെ പൊന്നു അണ്ണാ, ഇനി ഞാന്‍ ആ കുടുംബത്തിന്റെ സ്വത്തുക്കളെക്കുറിച്ച് മാത്രം അറിഞ്ഞാല്‍ മതി; രസകരമായ മറുപടിയുമായി സുരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 16th May 2022, 12:21 pm

ഇന്ദ്രജിത്തിനെയും സുരാജ് വെഞ്ഞാറമൂടിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി എം. പത്മകുമാര്‍ അണിയിച്ചൊരുക്കിയ പത്താം വളവ് എന്ന സിനിമ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിനിടെ പൃഥ്വിരാജിനും ഇന്ദ്രജിത്തിനുമൊപ്പം സിനിമ ചെയ്തതിനെക്കുറിച്ച് സംസാരിക്കവെ സുരാജ് പറഞ്ഞ ഒരു മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

പൃഥ്വിരാജിന്റെ കൂടെയും ഇന്ദ്രജിത്തിന്റെയും കൂടെ അഭിനയിച്ചിട്ടുണ്ടല്ലോ, രണ്ട് പേരുടെയും സിനിമയിലേക്കുള്ള ഓഫര്‍ ഒരേ സമയം വന്നാല്‍ ഏത് സെലക്ട് ചെയ്യും എന്ന ചോദ്യത്തിനാണ് സുരാജ് രസകരമായി മറുപടി നല്‍കിയത്.

”എന്റെ പൊന്നു അണ്ണാ, അനിയനും ചേട്ടനുമൊപ്പം ഞാന്‍ അഭിനയിച്ചു. ഇപ്പോള്‍, ആ കുടുംബത്തില്‍ സ്വത്തുക്കള്‍ എങ്ങനെയാണ് എന്ന് മാത്രം അറിഞ്ഞാല്‍ മതി.

നമ്മളെ കാര്യം നമ്മള്‍ തീരുമാനിക്കും. ആ ഡേറ്റ് ഒക്കെ കൃത്യമായി നമ്മള്‍ തീരുമാനിക്കും. നമ്മള്‍ അത് ചെയ്യും,” സുരാജ് പറഞ്ഞു.

അതിഥി രവി, സ്വാസിക, സുധീര്‍ കരമന, അജ്മല്‍ അമീര്‍, ബിനു അടിമാലി, എന്നിവരാണ് പത്താം വളവില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ചെയ്തിരിക്കുന്നത്.

പത്താം വളവ് സിനിമയുടെ റിലീസിന് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു പൃഥ്വിരാജിനൊപ്പം സുരാജ് കേന്ദ്ര കഥാപാത്രമായെത്തിയ ജന ഗണ മന റിലീസ് ചെയ്തത്.

ചിത്രം തിയേറ്ററുകളില്‍ മികച്ച കളക്ഷന്‍ നേടിക്കൊണ്ട് ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ഡിജോ ജോസ് ആന്റണിയായിരുന്നു ജന ഗണ മന സംവിധാനം ചെയ്തത്.

Content Highlight: Suraj Venjaramood about acting with Indrajith and Prithviraj