തിരിച്ചുവരാന്‍ ഞാന്‍ എവിടെപ്പോയി; കഥ പറയാന്‍ വിളിക്കുന്നവര്‍ ആദ്യം ഒരു ആമുഖമൊക്കെ ഇട്ടാണ് ഇപ്പോള്‍ സംസാരിക്കുന്നത്; സിനിമാ വിശേഷങ്ങള്‍ പറഞ്ഞ് മിയ
Entertainment news
തിരിച്ചുവരാന്‍ ഞാന്‍ എവിടെപ്പോയി; കഥ പറയാന്‍ വിളിക്കുന്നവര്‍ ആദ്യം ഒരു ആമുഖമൊക്കെ ഇട്ടാണ് ഇപ്പോള്‍ സംസാരിക്കുന്നത്; സിനിമാ വിശേഷങ്ങള്‍ പറഞ്ഞ് മിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 16th May 2022, 11:28 am

തിരിച്ചുവരാന്‍ താന്‍ സിനിമയില്‍ നിന്നും എവിടേക്കും പോയിട്ടില്ലെന്നും സാധാരണ ജോലിയില്‍ നിന്നും എല്ലാവരും എടുക്കുന്ന പ്രസവാവധി മാത്രമാണ് താനും എടുത്തതെന്നും പറയുകയാണ് നടി മിയ.

തന്റെ പുതിയ ചിത്രമായ പ്രൈസ് ഓഫ് പൊലീസിന്റെ പൂജ ചടങ്ങില്‍ പങ്കെടുത്ത സമയത്ത് മൂവി മാന്‍ ബ്രോഡ്കാസ്റ്റിങ്ങിന് നല്‍കിയ പ്രതികരണത്തില്‍ സംസാരിക്കുകയായിരുന്നു താരം.

”തിരിച്ചുവരാന്‍ ഞാന്‍ എവിടെപ്പോയി. എല്ലാവരും ഡെലിവറിക്ക് വേണ്ടി ലീവ് എടുക്കുന്നത് മാത്രമേ ഞാനും എടുത്തുള്ളൂ. അല്ലാത്ത സമയത്തൊക്കെ ഞാന്‍ ഇവിടെത്തന്നെ ഉണ്ടായിരുന്നു.

ഇനി സിനിമയിലേക്ക് തിരിച്ചുവരുമോ എന്ന ചോദ്യം തന്നെയായിരുന്നു ഈ സമയത്ത് കൂടുതല്‍ കേട്ടത്. കഥ പറയാന്‍ വിളിക്കുന്ന ആളുകള്‍ ആദ്യം ഒരു ആമുഖം ഒക്കെ ഇട്ടാണ് സംസാരിക്കുന്നത്. ഹലോ, സുഖമല്ലേ, കുഞ്ഞ് എന്ത് പറയുന്നു, ഇപ്പോള്‍ സിനിമ ചെയ്യുന്നുണ്ടോ, ചെയ്യാന്‍ പ്ലാന്‍ ഉണ്ടോ തിരിച്ച് വരുന്നുണ്ടോ എന്നൊക്കെ ചോദിക്കും.

ഇത് ഇങ്ങനെ പയ്യെ തുടങ്ങി വരുമ്പോഴേ എനിക്ക് മനസ്സിലാകും, സിനിമയിലേക്ക് ഞാന്‍ തിരിച്ചുവരുന്നുണ്ടോ എന്ന് അറിയാനാണ് ഈ ചോദ്യം എന്ന്. പക്ഷെ, അതിന്റെ ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ബാങ്കിങ്ങ് ആയാലും ടീച്ചിങ്ങ് ആയാലും അങ്ങനെ എല്ലാ ഫീല്‍ഡിലും അവര്‍ പ്രസവത്തിന്റെ ലീവ് എടുത്ത് തിരിച്ച് ജോലിയിലേക്ക് പോകും. എന്റെ കാര്യത്തിലും അത്രയും എടുക്കാനേ ഞാനും ആഗ്രഹിച്ചുള്ളൂ.

ആവശ്യമുള്ള ലീവ് ഞാന്‍ എടുത്തു. കുഞ്ഞിന് ആവശ്യമുള്ള, എക്‌സ്‌ക്ലൂസീവ് ആയി കൊടുക്കേണ്ട ഒരു ടൈം ഞാന്‍ കൊടുത്തു. ബാക്കി എന്റെ ജോലി പയ്യെപ്പയ്യെ ഞാന്‍ സ്റ്റാര്‍ട്ട് ചെയ്തു. ഇപ്പോള്‍ തമിഴില്‍ തൃഷ ലീഡ് റോളില്‍ എത്തുന്ന, ദ റോഡ് എന്ന ഒരു മൂവി ഞാന്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. മലയാളത്തില്‍ പ്രൈസ് ഓഫ് പൊലീസ് എന്ന മൂവിയാണ് ചെയ്യുന്നത്,” മിയ പറഞ്ഞു.

സിനിമയില്‍ നിന്നും ഈ ബ്രേക്ക് എടുക്കുന്നതിന് മുമ്പ് മിയ ചെയ്തതില്‍ ശ്രദ്ധേയമായ വേഷമായിരുന്നു ഡ്രൈവിങ്ങ് ലൈസന്‍സ് എന്ന ചിത്രത്തിലെ എല്‍സ കുരുവിള എന്ന കഥാപാത്രം. സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയായുള്ള ഈ വേഷത്തിലൂടെ തനിക്ക് കോമഡി റോളുകളും ഇണങ്ങുമെന്ന് താരം തെളിയിച്ചിരുന്നു.

Content Highlight: Actress Miya about her break from movies due to pregnancy and about her coming back