അമ്മ എന്നെ ഗര്‍ഭം ധരിച്ചപ്പോള്‍ അത് അലസിപ്പിക്കാന്‍ പല നാടന്‍ പ്രയോഗങ്ങളും ചെയ്തു; ചേച്ചിമാര്‍ എന്നെ കൊല്ലാന്‍ തീരുമാനിച്ചിരുന്നു; ബാല്യകാലത്തെ കുറിച്ച് സുരഭി ലക്ഷ്മി
തന്റെ ബാല്യകാലത്തെ കുറിച്ച് സംസാരിക്കുകയാണ് നടി സുരഭി ലക്ഷ്മി. താന്‍ കുടുംബത്തിലെ നാലാമത്തെ കുട്ടിയാണെന്നും തന്നെ ഗര്‍ഭിണിയായപ്പോള്‍ അത് അലസിപ്പിക്കാന്‍ അമ്മ പല നാടന്‍ പ്രയോഗങ്ങളും ചെയ്തിരുന്നുവെന്ന് സുരഭി ലക്ഷ്മി പറയുന്നു. ചെറുപ്പത്തില്‍ താന്‍ വളരെ വികൃതിയായിരുന്നുവെന്നും അങ്ങനെ തന്റെ രണ്ട് സഹോദിമാര്‍ തന്നെ കൊല്ലാന്‍ പ്ലാന്‍ ചെയ്തിരുന്നുവെന്നും സുരഭി തമാശ രൂപത്തില്‍ പറഞ്ഞു. ഐ ആം വിത്ത് ധന്യ വര്‍മയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘എന്റെ കുടുംബത്തിലെ നാലാമത്തെ കുട്ടിയായിരുന്നു ഞാന്‍. അന്ന് ഞങ്ങളുടെ ചുറ്റുമുള്ള ആര്‍ക്കും നാല് കുട്ടികള്‍ ഉണ്ടായിരുന്നില്ല. എന്റെ അച്ഛന്‍ സൗദി അറേബ്യയില്‍ ജോലി ചെയ്യുകയായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ എന്നെ സൗദി കുട്ടി എന്നാണ് വിളിച്ചിരുന്നത്. എന്നെ അമ്മ ഗര്‍ഭം ധരിച്ചപ്പോള്‍ ഗര്‍ഭധാരണം തടയാന്‍ എന്റെ അമ്മ എല്ലാത്തരം പരമ്പരാഗത രീതിയും പരീക്ഷിച്ചു നോക്കിയിരുന്നു.
ഗര്‍ഭം അലസിപ്പിക്കാന്‍ അമ്മ പല നാടന്‍ പ്രയോഗങ്ങളും ചെയ്തു. എല്ലാ ദിവസവും അരി ഇടിക്കും, ദിവസവും തോട്ടില്‍ ചാടുക പോലും ചെയ്തു! ഒരു ഗര്‍ഭിണിയായ സ്ത്രീ ചെയ്യാന്‍ പാടില്ലാത്തതെല്ലാം അമ്മ ചെയ്തിരുന്നു. എന്നാല്‍ ഏഴ് മാസത്തിനുശേഷം എനിക്ക് എന്തെങ്കിലും പ്രശ്നമുണ്ടാകുമോ എന്ന ആശങ്ക അമ്മക്ക് വരാന്‍ തുടങ്ങി. അതോടെ അമ്മക്ക് അന്ന് ചെയ്തതിലെല്ലാം കുറ്റബോധം തോന്നിത്തുടങ്ങി. പിന്നെ ഞാന്‍ ഉണ്ടായിക്കഴിഞ്ഞപ്പോള്‍ അമ്മ എന്നെ വളരെയധികം സ്‌നേഹിച്ചു. ഇപ്പോഴും സ്‌നേഹിക്കുന്നു.
ഞാന്‍ ഭയങ്കര വികൃതിയായിരുന്നു. ഒരു കാര്യമില്ലെങ്കിലും ചുമ്മാ കരഞ്ഞുകൊണ്ടിരിക്കും. എന്റെ മൂത്ത സഹോദരിമാര്‍ക്ക് പഠിക്കാന്‍ പോലും കഴിയില്ലായിരുന്നു. കാരണം ഞാന്‍ അവരുടെ പുസ്തകങ്ങള്‍ വരെ കീറിമുറിക്കും. ഒരാള്‍ ആറാം ക്ലാസിലും മറ്റേയാള്‍ എട്ടാം ക്ലാസിലും ആയിരുന്നു.
അവര്‍ എന്നെ കൊല്ലുന്നതിനെക്കുറിച്ച് വരെ ആലോചിച്ചിരുന്നു. ഞങ്ങളുടെ വീടിനടുത്തുള്ള ഒരു ചെറിയ സ്ഥലത്തേക്ക് അവര്‍ എന്നെ കൊണ്ടുപോയി. ‘ഇപ്പോള്‍ നമ്മള്‍ അവളെ കൊല്ലണോ?’ എന്ന് ഒരാള്‍ ചോദിച്ചു. അപ്പോള്‍ മറ്റെയാള്‍ പറഞ്ഞു, ‘നാളെ വരെ കാത്തിരിക്കാം’ എന്ന്. ഇപ്പോഴും ഞങ്ങള്‍ അതിനെക്കുറിച്ച് പറഞ്ഞ് ചിരിക്കും,’ സുരഭി ലക്ഷ്മി പറയുന്നു.