ഞാൻ മരിച്ചാൽ ആകാശത്തേക്ക് വെടിവെക്കുമെന്ന് പറഞ്ഞപ്പോൾ അത് കാണാൻ അമ്മയുണ്ടാവില്ലല്ലോ എന്നതായിരുന്നു അമ്മയുടെ വിഷമം: സുരഭി ലക്ഷ്മി
Entertainment news
ഞാൻ മരിച്ചാൽ ആകാശത്തേക്ക് വെടിവെക്കുമെന്ന് പറഞ്ഞപ്പോൾ അത് കാണാൻ അമ്മയുണ്ടാവില്ലല്ലോ എന്നതായിരുന്നു അമ്മയുടെ വിഷമം: സുരഭി ലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 5th July 2022, 9:41 am

റിലീസാവാനിരിക്കുന്ന കുറി സിനിമയുടെ ക്യാരക്ടർ പോസ്റ്ററിലെ സുരഭിയുടെ മുഖം സിനിമ ഗ്രൂപ്പുകളിൽ ഏറെ ചർച്ചയായിരുന്നു. വിഷ്ണു ഉണ്ണി കൃഷ്ണനും സുരഭിയും ഒന്നിച്ചെത്തുന്ന ഈ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കുന്ന തിരക്കിലാണ് നടി. അതിന്റെ ഭാഗമായി ഇന്ത്യഗ്ലിറ്റ്‌സ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ രസകരമായ ചില അനുഭവങ്ങൾ പങ്കുവെക്കുകയാണ് സുരഭി.

ഒരിക്കൽ ശവശരീരം കത്തിക്കുന്ന ഒരു ചേച്ചിയെ കണ്ടപ്പോൾ എന്റെ പേരും വീടും ചോദിച്ചു കോഴിക്കോടാണെന്ന് അറിഞ്ഞപ്പോൾ ബോഡി ചേച്ചിക്കു കിട്ടില്ലെന്ന് നിരാശപ്പെട്ടു. നാഷണൽ അവാർഡ് കിട്ടിയതുകൊണ്ട് ഞാൻ മരിക്കുമ്പോൾ ആകാശത്തേക്ക് വെടിവെക്കുമെന്ന് പറഞ്ഞപ്പോൾ അത് കാണാൻ അമ്മ കാണില്ലല്ലോ എന്നായിരുന്നു അമ്മയുടെ മറുപടി. ഇക്കാര്യങ്ങളെ കുറിച്ചാണ് സുരഭി സംസാരിക്കുന്നത്.

‘തൃക്കാക്കരയിൽ ബോഡി കത്തിക്കുന്ന സലീന എന്നൊരു ചേച്ചിയുണ്ടായിരുന്നു. ഒരിക്കൽ ചേച്ചിയുടെ അടുത്ത് പോയ സമയത്ത് ഞാൻ പറഞ്ഞു, ചേച്ചി… ഞാൻ ഒരു സിനിമ ചെയ്യുന്നതുമായി ബന്ധപ്പെട്ട് വന്നതാണ്. എന്നോട് ചോദിച്ചു എന്താ മോളുടെ പേര്, ഞാൻ പറഞ്ഞു സുരഭി എന്നാണ്. പിന്നീട് വീട് എവിടെയാണെന്ന് ചോദിച്ചു. അപ്പോൾ ഞാൻ കോഴിക്കോടെന്ന് പറഞ്ഞു. അത് കേട്ടതും ചേച്ചി, കോഴിക്കോട്…അല്ലേ. അപ്പോൾ എനിക്കുള്ളതല്ലെന്ന് നിരാശയോടെ പറഞ്ഞു.

അത് കേട്ടതും ഞാൻ ഒന്ന് ഞെട്ടി. പിന്നെ ചേച്ചിയോട് പറഞ്ഞു, അഥവാ ചേച്ചി മരിക്കുന്നതിന് മുമ്പാണ് ഞാൻ മരിക്കുന്നതെങ്കിൽ ചേച്ചിയെ തന്നെ വിളിപ്പിക്കാം. ചേച്ചി തന്നെ ആ ക്രിയ ചെയ്യണം. ചേച്ചിക്കുള്ളത് തന്നെയാണ് ഞാൻ എന്ന് പറഞ്ഞിട്ടാണ് ഇറങ്ങിയത്. നാഷണൽ അവാർഡ് കിട്ടി കഴിഞ്ഞാൽ എത്രയോ റൗണ്ട് ആകാശത്തേക്ക് വെടിവെക്കും എന്ന് പറഞ്ഞ സമയത്ത് എന്റെ അമ്മ പറഞ്ഞു അയ്യോ അത് കാണാൻ ഞാൻ ഉണ്ടാവില്ലല്ലോ എന്ന്. അമ്മ നിഷ്കളങ്കമായി പറഞ്ഞതാണ്. നിങ്ങൾ മരിക്കുന്നതിന് മുമ്പാണ് ഞാൻ മരിക്കുന്നതെങ്കിൽ നിങ്ങൾക്ക് അത് കാണാമെന്ന് ഞാൻ അമ്മയെ കളിയാക്കി,’ സുരഭി പറഞ്ഞു.

Content Highlight: Surabhi Lakshmi share her mother’s reaction when talking about her death