മുന്നാക്ക സംവരണം ശരിവെച്ച് സുപ്രീംകോടതി; നിലവില്‍ സംവരണം ലഭിക്കുന്ന പിന്നാക്കക്കാരെ ഒഴിവാക്കുന്നത് ശരിയല്ലെന്ന് ജസ്റ്റിസ് രവീന്ദ്ര ഭട്ട്
national news
മുന്നാക്ക സംവരണം ശരിവെച്ച് സുപ്രീംകോടതി; നിലവില്‍ സംവരണം ലഭിക്കുന്ന പിന്നാക്കക്കാരെ ഒഴിവാക്കുന്നത് ശരിയല്ലെന്ന് ജസ്റ്റിസ് രവീന്ദ്ര ഭട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th November 2022, 11:19 am

ന്യൂദല്‍ഹി: മുന്നാക്ക സംവരണം ശരിവെച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് യു.യു. ലളിത് ഉള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ മൂന്ന് ജഡ്ജിമാരും സംവരണത്തെയും 103ാം ഭരണഘടനാ ഭേദഗതിയെയും പൂര്‍ണമായും ശരിവെച്ചു.

മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം ഭരണഘടനാപരമാണെന്നാണ് ബെഞ്ചിന്റെ നിരീക്ഷണം. സംവരണ വിഷയത്തില്‍ നാല് വിധികളാണ് ബെഞ്ച് പുറപ്പെടുവിച്ചത്.

മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കെ നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കുന്നത് ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഹരജി പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതി നിര്‍ണായക വിധി പുറപ്പെടുവിച്ചത്.

അല്‍പസമയം മുമ്പായിരുന്നു മുന്നാക്ക സംവരണം ഭരണഘടനാപരമാണോ അല്ലയോ എന്ന് തീരുമാനിക്കാന്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ വിധിപ്രസ്താവം തുടങ്ങിയത്.

ആദ്യം വിധി പറഞ്ഞ ജസ്റ്റിസ് ദിനേശ് മഹേശ്വരിയും ജസ്റ്റിസ് ബേലാ ത്രിവേദിയും സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനത്തെ ശരിവെച്ചു. സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധമല്ലെന്നും വിവേചനപരമല്ലെന്നുമാണ് ജസ്റ്റിസ് ബേലാ ത്രിവേദി നിരീക്ഷിച്ചത്.

പിന്നാക്ക വിഭാഗങ്ങളെ ഒഴിവാക്കുന്നത് ഭരണഘടനാ വിരുദ്ധമല്ല, നിലവില്‍ സംവരണമുള്ളവരെ ഒഴിവാക്കിയതും അംഗീകരിക്കുന്നുവെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരിയും ജസ്റ്റിസ് ബേലാ ത്രിവേദി എന്നിവര്‍ നിരീക്ഷിച്ചു.

എന്നാല്‍ ജസ്റ്റിസ് രവീന്ദ്ര ഭട്ട് ഭിന്ന വിധിയാണ് പുറപ്പെടുവിച്ചത്. സാമ്പത്തിക സംവരണത്തോട് വിയോജിപ്പില്ലെന്നും എന്നാല്‍ നിലവില്‍ സംവരണം ലഭിക്കുന്നവരെ ഒഴിവാക്കിയതിനോട് വിയോജിപ്പുണ്ടെന്നുമാണ് ജസ്റ്റിസ് രവീന്ദ്ര ഭട്ട് തന്റെ വിധി പ്രസ്താവത്തില്‍ പറഞ്ഞത്.

സമത്വമെന്ന ആശയത്തെ ലംഘിക്കുന്നതാണ് 103ാം ഭരണഘടനാ ഭേദഗതിയെന്നും, നിലവില്‍ സംവരണം ലഭിക്കുന്ന പിന്നാക്കക്കാരെ ഒഴിവാക്കുന്നത് ശരിയല്ലെന്നും ജസ്റ്റിസ് രവീന്ദ്ര ഭട്ട് പറഞ്ഞു.

സംവരണ വ്യവസ്ഥയില്‍ മാറ്റങ്ങള്‍ ആലോചിക്കേണ്ട സമയമാണിതെന്നും ബെഞ്ച് നിരീക്ഷിച്ചു.

ചീഫ് ജസ്റ്റിസ് യു.യു. ലളിതിന്റെ അവസാന പ്രവര്‍ത്തിദിവസമായ ഇന്ന് തന്നെയാണ് വിധി പ്രഖ്യാപനവും വന്നത്. തൊഴില്‍, വിദ്യാഭ്യാസ മേഖലയില്‍ 10 ശതമാനം മുന്നാക്ക സംവരണം അനുവദിച്ചുകൊണ്ടുള്ള ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്ത ഹരജികളിന്മേല്‍ ഇന്ന് രാവിലെ 10.30നായിരുന്നു വിധി പ്രസ്താവം ആരംഭിച്ചത്.

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നതിനായിരുന്നു ഭരണഘടനയുടെ 103ാം ഭേദഗതി കൊണ്ടുവന്നത്. ഇതിനെതിരായാണ് കോടതിയില്‍ ഹരജികള്‍ എത്തിയത്.

ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റുന്നതാണോ മുന്നാക്ക സംവരണം സംബന്ധിച്ച 103ാം ഭേദഗതിയെന്നായിരുന്നു ബെഞ്ച് പരിശോധിച്ചത്.

2019 ജനുവരിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം അനുവദിച്ചതിനെതിരെ സമര്‍പ്പിക്കപ്പെട്ട 39 ഹരജികളായിരുന്നു കോടതി പരിഗണിച്ചത്.

Content Highlight: Supreme Court upholds constitutional validity of 10 percent reservation to economically weaker sections