ലോകത്തിലെ ഏറ്റവും കൃത്യമായ ഇന്‍ഫര്‍മേഷന്‍ സോഴ്‌സായി ട്വിറ്ററിനെ മാറ്റണമെന്ന് മസ്‌ക്, ആര്‍ക്ക് കൃത്യമായതെന്ന് ഡോര്‍സി; ഇലോണ്‍ മസ്‌ക്- ജാക്ക് ഡോര്‍സി പോര് രൂക്ഷം
World News
ലോകത്തിലെ ഏറ്റവും കൃത്യമായ ഇന്‍ഫര്‍മേഷന്‍ സോഴ്‌സായി ട്വിറ്ററിനെ മാറ്റണമെന്ന് മസ്‌ക്, ആര്‍ക്ക് കൃത്യമായതെന്ന് ഡോര്‍സി; ഇലോണ്‍ മസ്‌ക്- ജാക്ക് ഡോര്‍സി പോര് രൂക്ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th November 2022, 10:34 am

കാലിഫോര്‍ണിയ: ട്വിറ്ററിന്റെ പുതിയ മേധാവി ഇലോണ്‍ മസ്‌കും (Elon Musk) ട്വിറ്ററിന്റെ സഹ സ്ഥാപകനും മുന്‍ സി.ഇ.ഒയുമായ ജാക്ക് ഡോര്‍സിയും (Jack Dorsey) തമ്മിലുള്ള പോര് രൂക്ഷമാകുന്നു. ട്വിറ്ററിലൂടെ തന്നെയാണ് ഇരുവരുടെയും വാക്‌പോര് തുടരുന്നത്.

ട്വിറ്റര്‍ പ്ലാറ്റ്‌ഫോമിന്റെ കൃത്യതയും വിശ്വാസ്യതയും സംബന്ധിച്ച ഇലോണ്‍ മസ്‌കിന്റെ ഒരു ട്വീറ്റിനാണ് ഇപ്പോള്‍ ജാക്ക് ഡോര്‍സി കമന്റ് ചെയ്തിരിക്കുന്നത്.

”ലോകത്തിലെ ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും കൃത്യവും വിശ്വസനീയവുമായ ഇന്‍ഫര്‍മേഷന്‍ സോഴ്‌സായി ട്വിറ്റര്‍ മാറേണ്ടതുണ്ട്. അതാണ് ഞങ്ങളുടെ ദൗത്യം,” എന്നായിരുന്നു ഇലോണ്‍ മസ്‌ക് ട്വിറ്ററില്‍ കുറിച്ചത്.

ഇതിനാണ് ജാക്ക് ഡോര്‍സി കമന്റില്‍ മറുപടി പറഞ്ഞത്. ആര്‍ക്ക് കൃത്യമായത് ? (accurate to who?) എന്നാണ് ഡോര്‍സി ചോദിച്ചത്.

ട്വിറ്ററില്‍ നിന്നും ആയിരക്കണക്കിന് തൊഴിലാളികളെ കൂട്ടമായി പിരിച്ചുവിടുന്ന ഇലോണ്‍ മസ്‌കിന്റെ നടപടിയിലും ട്വിറ്ററിന്റെ ഇന്നത്തെ അവസ്ഥയിലും ഉപയോക്താക്കളോട് മാപ്പുചോദിച്ചുകൊണ്ടും ജാക്ക് ഡോര്‍സി കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു.

”ട്വിറ്ററില്‍ ഇന്നുള്ളവരും മുമ്പുണ്ടായിരുന്നവരും വളരെ ശക്തരാണ്. സമയം എത്ര മോശമായാലും അവര്‍ എന്തെങ്കിലുമൊക്കെ വഴി കണ്ടുപിടിക്കും.

പലര്‍ക്കും എന്നോട് ദേഷ്യമുണ്ടെന്ന് ഞാന്‍ മനസിലാക്കുന്നു. തൊഴിലാളികളെല്ലാം ഇന്നെത്തി നില്‍ക്കുന്ന ഈ അവസ്ഥയുടെ ഉത്തരവാദിത്തം എനിക്കുണ്ട്. കമ്പനിയെ ഞാന്‍ വളരെ വേഗത്തില്‍ വളര്‍ത്തി. ഞാനതിന് മാപ്പു ചോദിക്കുന്നു,” ജാക്ക് ട്വീറ്റ് ചെയ്തു.

”ട്വിറ്ററില്‍ ഇതുവരെ ജോലി ചെയ്തിട്ടുള്ള എല്ലാവരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു, എല്ലാവരോടും സ്നേഹം,” മറ്റൊരു ട്വീറ്റില്‍ ജാക്ക് ഡോര്‍സി പറഞ്ഞു.

‘ചെലവുചുരുക്കല്‍’ നയത്തിന്റെ ഭാഗമായി Twitter Inc. എന്ന സോഷ്യല്‍ മീഡിയ കമ്പനിയിലെ പകുതിയിലധികം തൊഴിലാളികളെയും (3700ഓളം) ഒഴിവാക്കാനാണ് മസ്‌കിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതില്‍ പ്രതിഷേധിച്ച് പുതിയ സമൂഹമാധ്യമ പ്ലാറ്റ്‌ഫോം തുടങ്ങാന്‍ ജാക്ക് ഡോര്‍സി പദ്ധതിയിടുന്നതായുള്ള റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവന്നിരുന്നു. ബ്ലൂ സ്‌കൈ (Bluesky) എന്ന പുതിയ ആപ്പ് പരീക്ഷണ ഘട്ടത്തിലാണെന്നാണ് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ആപ്പ് ബീറ്റ ടെസ്റ്റിങ് സ്റ്റേജിലാണ്.

ഇലോണ്‍ മസ്‌കിനോടുള്ള വിയോജിപ്പാണ് ഡോര്‍സിയുടെ നീക്കത്തിന് പിന്നിലെന്നാണ് സൂചന. മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നതിനോട് കടുത്ത വിയോജിപ്പുണ്ടായിരുന്നയാളായിരുന്നു ജാക്ക് ഡോര്‍സി.

Content Highlight: Jack Dorsey- Elon Musk verbal battle continues in Twitter