ന്യൂദല്‍ഹി: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വി.സി നിയമനത്തില്‍ റിട്ട. ജഡ്ജി സുധാന്‍ഷു ധൂലിയയെ സെര്‍ച്ച് കമ്മിറ്റി ചെയര്‍പേഴ്‌സണായി നിയമിച്ച് സുപ്രീം കോടതി. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
ന്യൂദല്‍ഹി: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വി.സി നിയമനത്തില്‍ റിട്ട. ജഡ്ജി സുധാന്‍ഷു ധൂലിയയെ സെര്‍ച്ച് കമ്മിറ്റി ചെയര്‍പേഴ്‌സണായി നിയമിച്ച് സുപ്രീം കോടതി. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
സ്ഥിരം വിസി നിയമനത്തിനായി സംസ്ഥാന സര്‍ക്കാരും ചാന്‍സലറും നല്‍കിയ പട്ടികയുടെ അടിസ്ഥാനത്തില്‍ കമ്മറ്റി രൂപീകരിക്കുമെന്നും കോടതി വ്യക്തമാക്കി.
കൂടാതെ ചാന്‍സലറുടെയും സംസ്ഥാനത്തിന്റെയും രണ്ട് നോമിനികളെ വീതം ഉള്‍പ്പെടുത്തിയായിരിക്കും സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കുകയെന്നും സമിതിയില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്നത് ചെയര്‍മാന്റെ വിവേചനാധികാരമായിരിക്കും കോടതി പറഞ്ഞു.
രണ്ടാഴ്ചക്കുള്ളില്‍ സമിതി രൂപീകരിക്കണമെന്നാണ് നിര്‍ദേശം. തുടര്‍ന്ന് ഒരു മാസത്തിനുള്ളില്‍ നടപടികളിലെ പുരോഗതി അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു. സെര്‍ച്ച് കമ്മറ്റിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കണമെന്നാണ് ഉത്തരവിലെ മറ്റൊരു പ്രധാന നിര്‍ദേശം. ശേഷം കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ചാന്‍സലര്‍ക്ക് കൈമാറുകയും വേണം. കമ്മിറ്റിയില്‍ യു.ജി.സിയുടെ നോമിനി ഉണ്ടാകില്ല.
വി.സി നിയമനവുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുന്നതിനായി ബംഗാള്‍ മോഡല്‍ നടപ്പാക്കണമെന്നാണ് കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.
ഇന്ന് (തിങ്കള്‍) സര്‍ക്കാരും ചാന്‍സലറും സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള അംഗങ്ങളുടെ പട്ടിക സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഐ.ഐ.ടി, എന്‍.ഐ.ടി ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെ എട്ട് പേരുടെ പട്ടികയാണ് ഗവര്‍ണര്‍ സുപ്രീം കോടതിക്ക് കൈമാറിയത്. പത്ത് പേര്‍ അടങ്ങുന്ന പട്ടികയാണ് സംസ്ഥാന സര്‍ക്കാര്‍ കൈമാറിയിരുന്നത്.
നേരത്തെ താത്കാലിക വി.സി നിയമനത്തില്‍ ചാന്‍സലര്‍ നല്‍കിയ ഹരജി ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചും സിംഗിള്‍ ബെഞ്ചും തള്ളിയിരുന്നു. താത്കാലികമായി വി.സിമാരെ നിയമിച്ച നടപടി നിയമപരമല്ലെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് ചാന്‍സലര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
പിന്നാലെ താത്കാലിക വി.സി നിയമനം സര്‍ക്കാര്‍ പട്ടികയില്‍ നിന്നാകണമെന്ന ഹൈക്കോടതി വിധിക്കെതിരെ ചാന്‍സലര്‍ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു.
Content Highlight: Supreme Court appoints retired judge Sudhanshu Dhulia as chairperson of search committee for appointment of VC