ഗവര്‍ണര്‍ക്കെതിരായ കേരളത്തിന്റെ ഹരജി; കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്
national news
ഗവര്‍ണര്‍ക്കെതിരായ കേരളത്തിന്റെ ഹരജി; കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th November 2023, 3:17 pm

ന്യൂദല്‍ഹി: ഗവര്‍ണര്‍ക്കെതിരായ കേരള സര്‍ക്കാരിന്റെ ഹരജിയില്‍ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്. ഏഴുമാസം മുതല്‍ 2 വര്‍ഷം വരെ കാലവധിയിലുള്ള എട്ട് ബില്ലുകള്‍ തീര്‍പ്പാക്കാനുള്ള ഗവര്‍ണറുടെ കാലതാമസത്തിന് എതിരായാണ് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, മനോജ് മിശ്ര, എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

‘ജനങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്ന തരത്തില്‍’ നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കുന്നതില്‍ കാലതാമസം വരുത്തിയെന്ന് കാണിച്ചാണ് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

കേരള നിയമസഭ പാസാക്കിയ എട്ടു ബില്ലുകളില്‍ ഗവര്‍ണര്‍ കാലതാമസം വരുത്തിയെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. കൂടാതെ വൈകിച്ച ബില്ലുകളില്‍ പലതും പൊതു താത്പര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതും നീതിനിഷേധിക്കപ്പെട്ടവരുടെ ഉന്നമനങ്ങള്‍ക്ക് വേണ്ടിയുള്ളതുമാണെന്ന് സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.

‘ഗവര്‍ണര്‍ക്ക് അയച്ച ബില്ലുകളില്‍ മൂന്നെണ്ണം രണ്ട് വര്‍ഷമായി ഗവര്‍ണറുടെ പക്കലുണ്ട്. മറ്റ് മൂന്ന് ബില്ലുകള്‍ ഒരു വര്‍ഷത്തിലേറെയായി ഗവര്‍ണറുടെ പക്കലാണ്,’ സര്‍ക്കാര്‍ പറഞ്ഞു.

ഗവര്‍ണറുടെ പെരുമാറ്റം പ്രകടമാക്കുന്നത്, സംസ്ഥാനത്തെ ജനങ്ങളുടെ അവകാശങ്ങളെ പരാജയപ്പെടുത്തുന്നതിനൊപ്പം നിയമവാഴ്ചയും ജനാധിപത്യ സദ്ഭരണവും ഉള്‍പ്പെടെയുള്ള ഭരണഘടനയുടെ അടിസ്ഥാനഘടകങ്ങളെ അട്ടിമറിക്കാാണ്,’ ഹരജിയില്‍ കേരള സര്‍ക്കാര്‍ പറഞ്ഞു.

ഹരജി പരിഗണിച്ച സുപ്രീംകോടതി ഗവര്‍ണറുടെ ചീഫ് സെക്രട്ടറിക്കും കേന്ദ്രസര്‍ക്കാറിനും നോട്ടീസ് അയച്ചു. വെള്ളിയാഴ്ച കോടതി അടുത്ത വാദം കേള്‍ക്കും.

 

content highlight : Supreme Court’s notice to Centre over Kerala govt’s plea against governor