ഗസയില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ കൂടി കൊല്ലപ്പെട്ടു; ഇതുവരെ ജീവന്‍ നഷ്ടമായത് 48 മാധ്യമപ്രവര്‍ത്തകര്‍ക്ക്
World News
ഗസയില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ കൂടി കൊല്ലപ്പെട്ടു; ഇതുവരെ ജീവന്‍ നഷ്ടമായത് 48 മാധ്യമപ്രവര്‍ത്തകര്‍ക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th November 2023, 3:00 pm

ജറുസലേം: ഗസയിലെ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ രണ്ട് മാധ്യമപ്രവര്‍ത്തകരും ഒരു മാധ്യമസ്ഥാപനത്തിന്റെ തലവനും കൊല്ലപ്പെട്ടു. ബുറെയ്ജ് അഭയാര്‍ത്ഥി ക്യാമ്പില്‍ ഉണ്ടായിരുന്ന സാരി മന്‍സൂര്‍, ഹാസോന സലിം എന്നിവരെയാണ് ഇസ്രഈല്‍ സൈന്യം കൊലപ്പെടുത്തിയത്.

ഇതുവരെ സ്ഥിരീകരിച്ച കണക്കുകള്‍ പ്രകാരം കൊല്ലപ്പെട്ടവരുടെ എണ്ണം 48 ആയി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ മാത്രം മരണപ്പെട്ടത് ആറ് മാധ്യമപ്രവര്‍ത്തകര്‍ ആണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗസയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയില്ലെന്ന് ഇസ്രഈല്‍ കഴിഞ്ഞമാസം അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളായ റോയിട്ടേഴ്‌സിനോടും ഏജന്‍സി ഓഫ് ഫ്രാന്‍സ് പ്രസ്സിനോടും പറഞ്ഞിരുന്നു.

അന്താരാഷ്ട്രവാര്‍ത്ത ഏജന്‍സിയുടെ ഓഫീസുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ എല്ലാ പത്രപ്രവര്‍ത്തകര്‍ക്കും ആശങ്കാജനകമായ സന്ദേശമാണ് നല്‍കുന്നതെന്ന് ഏജന്‍സി ഓഫ് ഫ്രാന്‍സ് പ്രസ് മേധാവി ഫാബ്രിസ് ഫ്രൈസ് ചൂണ്ടിക്കാട്ടിയിരുന്നു.

2001ന് ശേഷം മാധ്യമ മേഖലയില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണത്തിനേക്കാള്‍ കൂടുതലാണ് ഇസ്രഈല്‍ – ഫലസ്തീന്‍ സംഘര്‍ഷത്തില്‍ നഷ്ടമായതെന്ന് ആഗോള മാധ്യമ സ്വാതന്ത്ര്യ സംഘടനായ കമ്മിറ്റി ടു പ്രൊട്ടക്ട് ജേര്‍ണലിസ്റ്സ് (സി.പി.ജെ) ഒരു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 5,000ത്തിലധികം കുട്ടികള്‍ ഉള്‍പ്പെടെ കുറഞ്ഞത് 12,300 ഫലസ്തീനികളുടെ ജീവന്‍ ഇത് ഇതുവരെ നഷ്ട്ടപെട്ടിട്ടുണ്ട്. 29,800 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

Content Highlight: The number of journalists killed in the Israeli attack has reached 48