'സമുദായച്ചുവയുള്ള രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണം'; മുസ്‌ലിം ലീഗിനെതിരെയുള്ള ഹരജിയില്‍ സുപ്രീം കോടതി നോട്ടീസ്
Kerala News
'സമുദായച്ചുവയുള്ള രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണം'; മുസ്‌ലിം ലീഗിനെതിരെയുള്ള ഹരജിയില്‍ സുപ്രീം കോടതി നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th September 2022, 9:49 am

ന്യൂദല്‍ഹി: പേരിലോ ചിഹ്നത്തിലോ സമുദായച്ചുവയുള്ള രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന റിട്ട് ഹരജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്. കേന്ദ്ര സര്‍ക്കാരിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് നോട്ടീസ് അയച്ചത്. നാല് ആഴ്ച്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.

മതാടിസ്ഥാനത്തിലോ പ്രീണനം വഴിയോ വോട്ട് തേടുന്നത് വിലക്കുന്ന ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകള്‍ ഈ വിഷയത്തില്‍ ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് സയ്യദ് വാസിം റിസ്വി ആണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്.

ഈ ഹരജിയുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസുമാരായ എം.ആര്‍. ഷാ, കൃഷ്ണ മുരാരി എന്നിവര്‍ അടങ്ങിയ ബെഞ്ച് കേന്ദ്ര സര്‍ക്കാരിനും, തെരഞ്ഞടുപ്പ് കമ്മീഷനും നോട്ടിസ് അയച്ചത്.

ജനപ്രാതിനിധ്യ നിയമത്തിലെ 29(എ), 123(3) (3എ) എന്നീ വകുപ്പുകള്‍ പ്രകാരം മതപരമായ ചിഹ്നമോ പോരോ ഉപയോഗിച്ച് സ്ഥാനാര്‍ത്ഥികള്‍ വോട്ട് തേടാന്‍ പാടില്ല. എന്നാല്‍ മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള ചില സംസ്ഥാന പാര്‍ട്ടികള്‍ മതത്തിന്റെ പേരാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനാല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്, ഹിന്ദു ഏകതാ ദള്‍ തുടങ്ങിയ പാര്‍ട്ടികളെ നിരോദിക്കണമെന്നാണ് ഹരജിക്കാരന്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ സ്ഥാനാര്‍ത്ഥിക്ക് മാത്രമല്ലെ ബാധകമെന്ന് കോടതി ചോദിച്ചു. ഇതിന് മറുപടിയായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വ്യവസ്ഥ ബാധകമാണെന്ന ഹരജിക്കാരന്റെ അഭിഭാഷകന്‍ ഗൗരവ് ഭാട്ടിയ പറഞ്ഞു.

ചില പാര്‍ട്ടികള്‍ ചന്ദ്രക്കലയും നക്ഷത്രവും പാര്‍ട്ടി പതാകയില്‍ ഉപയോഗിക്കുന്നു. ചില പാര്‍ട്ടികളുടെ പേരിന് സമുദായച്ചുവയാണ്. മതനിരപേക്ഷതയാണ് രാജ്യത്തിന്റെ അടിസ്ഥാന സ്വഭാവമെന്ന് എസ്.ആര്‍. ബൊമ്മെ കേസില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ഹരജിക്കാരന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

കേരളത്തില്‍ നിന്ന് മുസ്‌ലിം ലീഗിന് ലോകസഭയിലും രാജ്യസഭയിലും അംഗങ്ങളുണ്ട്. അവരുടെ തെരഞ്ഞെടുപ്പ് പ്രചരണം പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നും ഹരജിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചു.

കേന്ദ്ര സര്‍ക്കാരിനോടും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോടും ഒക്ടോബര്‍ 18നകം മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാനാണ് സുപ്രീം കോടതി നിര്‍ദേശം.

അതേസമയം, ഹരജിക്കാരന്‍ പരാമര്‍ശിക്കുന്ന മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കേസില്‍ കക്ഷി ചേരാന്‍ സുപ്രീം കോടതി അനുമതി നല്‍കി.

Content Highlight: Supreme court notice to election commission on petition to ban Muslim League Party