ന്യൂദല്‍ഹി: വൃന്ദാവനത്തിലെ ശ്രീ ബങ്കെ ബിഹാരി ക്ഷേത്രത്തിന്റെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കാന്‍ ഇടക്കാല സമിതി രൂപീകരിച്ച് സുപ്രീം കോടതി. ക്ഷേത്രത്തിനായി ട്രസ്റ്റ് രൂപീകരിക്കാന്‍ സംസ്ഥാനത്തിന് അനുമതി നല്‍കുന്ന ഓര്‍ഡിനന്‍സിലെ വ്യവസ്ഥകളും സ്റ്റേ ചെയ്തു. വിരമിച്ച അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള 12 അംഗ സമിതിയെയാണ് രൂപികരിച്ചത്. ക്ഷേത്ര നിയന്ത്രണം സംസ്ഥാനത്തിന് നല്‍കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ബങ്കെ ബിഹാരി ക്ഷേത്ര ട്രസ്റ്റ് ഓര്‍ഡിനന്‍സിന്റെ പ്രവര്‍ത്തനത്തില്‍ ഹൈക്കോടതി വിധി പറയുന്നതുവരെ ഈ സമിതി പ്രവര്‍ത്തിക്കും.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഓര്‍ഡിനന്‍സിനെതിരായ ഹരജിയിലെ കാര്യങ്ങള്‍ പരിഗണിക്കാന്‍ കുറച്ച് സമയം എടുക്കുമെന്ന് കോടതിക്ക് മനസിലായെന്നും അതുകൊണ്ടാണ് പ്രത്യേക സമിതിയെ നിയമിക്കുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
ജസ്റ്റിസ് കുമാറിന് പ്രതിമാസം രണ്ട് ലക്ഷം രൂപയും കമ്മിറ്റി അംഗമായ മുന്‍ ജഡ്ജി മുകേഷ് മിശ്രയ്ക്ക് പ്രതിമാസം ഒരു ലക്ഷം രൂപയും ക്ഷേത്ര ഫണ്ടില്‍ നിന്ന് ലഭിക്കും.
മഥുരയില്‍ നിന്നാണ് പാനല്‍ പ്രവര്‍ത്തിക്കുക, ജില്ലാ ഭരണകൂടം ഓഫീസ് സ്ഥലം സൗജന്യമായി നല്‍കും. സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത ഗോസ്വാമികള്‍ക്കും സേവായത്തിനും ആരാധന നടത്താനും പ്രസാദം നല്‍കാനും കഴിയുമെങ്കിലും മാനേജ്മെന്റില്‍ ഇടപെടാന്‍ സാധിക്കില്ല.
സുപ്രീം കോടതി നിര്‍ദേശിച്ച സമിതിയില്‍ ജില്ലാ/ സിവില്‍ ജഡ്ജി, ജില്ലാ മജിസ്ട്രേറ്റ്, എസ്.എസ്.പി, മുനിസിപ്പല്‍ കമ്മീഷണര്‍, മഥുര-വൃന്ദാവന്‍ വികസന അതോറിറ്റിയുടെ വൈസ് ചെയര്‍മാന്‍, ആര്‍ക്കിടെക്റ്റ്, എ.എസ്.ഐ പ്രതിനിധി, രണ്ട് ഗോസ്വാമി ഗ്രൂപ്പുകളില്‍ നിന്നുമുള്ള രണ്ട് അംഗങ്ങള്‍ എന്നിവര്‍ ആയിരിക്കും ഉണ്ടാകുക.