ന്യൂദല്‍ഹി: രേണുകസ്വാമി വധക്കേസില്‍ കന്നഡ നടന്‍ ദര്‍ശന്‍ തൂഗുദീപയ്ക്ക് കര്‍ണാടക ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കി സുപ്രീം കോടതി. ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചിരുന്നത്.
നടന്‍ ഉടനടി കീഴടങ്ങണമെന്ന് ഉത്തരവിടുകയും ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ സംസ്ഥാന അധികാരികള്‍ക്ക് ബെഞ്ച് നിര്‍ദേശം നല്‍കുകയും ചെയ്തു.
ജയിലിനുള്ളില്‍ നടന്‍ തന്റെ സ്വാധീനം ദുരുപയോഗം ചെയ്യുന്നതിന്റെ ഏതെങ്കിലും ഫോട്ടോയോ, ദൃശ്യമോ പുറത്തുവന്നാല്‍ അധികാരികള്‍ കോടതിയെ സമീപിക്കേണ്ടിവരുമെന്നും ജസ്റ്റിസ് പര്‍ദിവാല മുന്നറിയിപ്പ് നല്‍കി.
രേണുകസ്വാമി എന്ന ആരാധകനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് 2024 ഡിസംബര്‍ 13നാണ് ദര്‍ശന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് വന്നത്.
സഹപ്രതികളായ പ്രദൂഷ് റാവു, ജഗ്ഗു അനു കുമാര്‍, ലക്ഷ്മണ്‍ എം, നാഗരാജു കെ എന്നിവര്‍ക്കും ജാമ്യം അനുവദിച്ചിരുന്നു. ഇത് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
പ്രതി എത്ര വലിയവനാണെങ്കിലും നിയമത്തിന് അതീതനല്ലെന്നും നിയമം അനുസരിക്കുക എന്നത് ഔദാര്യമല്ലെന്നും ജസ്റ്റിസ് പര്‍ദിവാല പറഞ്ഞു. ഇയാള്‍ക്ക് കസ്റ്റഡിയില്‍ എന്തെങ്കിലും തരത്തിലുള്ള പ്രത്യേക പരിഗണന നല്‍കരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
അതേസമയം വിചാരണ കോടതിയുടെ മാത്രം അധികാരപരിധിയിലുള്ള കൊലപാതക കേസിലെ വസ്തുതകള്‍ വിശദമായി പരിശോധിച്ചതിന് ശേഷമാണ് ജാമ്യം അനുവദിച്ചതെന്നാണ് ഹൈക്കോടതിയുടെ ഭാഗം.
ദര്‍ശന്റെ കാമുകി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതായി ആരോപിച്ച് 33 വയസ്സുള്ള രേണുകസ്വാമിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു കൊന്നുവെന്നാണ് നടനെതിരായ കേസ്.
2024 ജൂണില്‍ രേണുകസ്വാമിയേ ബെംഗളൂരുവിലെ ഒരു ഷെഡില്‍ മൂന്ന് ദിവസം തടവിലാക്കി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് മൃതദേഹം അഴുക്കുചാലില്‍ നിന്നാണ് കണ്ടെടുത്തതെന്ന് പൊലീസ് പറയുന്നത്.
ഇത്ര ഗൗരവമേറിയ കേസില്‍ ജാമ്യം അനുവദിക്കുന്നതിന് മുമ്പ് വിവേകപൂര്‍വ്വം ചിന്തിച്ചിട്ടുണ്ടോ എന്നും സുപ്രീം കോടതി ഹൈക്കോടതിയോട് ചോദിച്ചു.
Content highlight: Supreme Court cancels Kannada actor Darshan’s bail in Renukaswamy murder case