എഡിറ്റര്‍
എഡിറ്റര്‍
‘നിങ്ങള്‍ യാത്ര മുടക്കാനാണോ ശ്രമിക്കുന്നത്’? ; കര്‍ണാടക സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി
എഡിറ്റര്‍
Thursday 3rd August 2017 8:50pm

ന്യൂദല്‍ഹി: മഅ്ദനിയുടെ കേരളത്തിലേക്കുള്ള വരവിനെ തടയാന്‍ ശ്രമിച്ച കര്‍ണാടക സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. സര്‍ക്കാര്‍ നിശ്ചയിച്ച ഭീമമായ യാത്രചെലവിനെ ജസ്റ്റിസ് ബോബ്‌ഡേ ശക്തമായി എതിര്‍ത്തു.

കഴിഞ്ഞ തവണ കോടതി ജാമ്യം അനുവദിച്ചപ്പോള്‍ 18000 രൂപ ചെലവിലും അതിനു മുന്‍പ് ജസ്റ്റിസ് ചെലമേശ്വര്‍ മഅ്ദനിക്ക് മാതാവിനെ കാണാന്‍ ജാമ്യം അനുവദിച്ചപ്പോള്‍ യാതൊരു സുരക്ഷചെലവും ഈടാക്കിയില്ലായിരുന്നെന്നും മഅ്ദനിയുടെ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി.

കേരളം മഅ്ദനിയുടെ സുരക്ഷാചെലവ് വഹിക്കാന്‍ തയ്യാറാണെന്ന് പ്രശാന്ത് ഭൂഷണ്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അത് വേണ്ടെന്ന നിലപാടിലായിരുന്നു കോടതി.

‘മഅ്ദനിയുടെ കേസ് നടക്കുന്നത് കര്‍ണാടകയിലാണ്, കേരളത്തിന്റെ സുരക്ഷ ആവശ്യമില്ല. കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ മാത്രം കേരളം ഇക്കാര്യത്തില്‍ ഇടപെട്ടാല്‍ മതി.’


Also Read:പട്ടാള ബങ്കറുകള്‍ ചാണകം കൊണ്ട് നിര്‍മിക്കണം;കാന്‍സറിന് ഗോമൂത്രത്തേക്കാള്‍ നല്ല മരുന്ന് വേറെയില്ല; പുതിയ കണ്ടുപിടുത്തങ്ങളുമായി ആര്‍.എസ്.എസ് നേതാവ്


ഇതിനകം മഅ്ദനിയുടെ ചെലവിനായി കര്‍ണാടക സര്‍ക്കാര്‍ 6 കോടി ചെലവാക്കിയെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അത് നിങ്ങളുടെ ജോലിയാണെന്നായിരുന്നു കോടതിയുടെ പ്രതികരണം.

കര്‍ണാടക സര്‍ക്കാര്‍ മന:പൂര്‍വം യാത്ര തടസപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന വാദത്തെ ശക്തിപ്പെടുത്തുന്നതാണ് ഇന്ന് കേസില്‍ കോടതി നടത്തിയ നിരീക്ഷണങ്ങള്‍.

പൊലീസ് ചെയ്യുന്ന പണിക്ക സര്‍ക്കാരല്ലേ ശമ്പളം കൊടുക്കേണ്ടതെന്നും ജസ്റ്റിസ് ബോബ്‌ഡേ കര്‍ണാടകത്തിന്റെ അഭിഭാഷകനോട് ചോദിച്ചു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന കുറച്ചുകൂടെ ഗൗരവപൂര്‍ണമായ നടപടികള്‍ പ്രതീക്ഷിക്കുന്നതായും കോടതി നിരീക്ഷിച്ചു.

കര്‍ണാടക സര്‍ക്കാരിന് വേണ്ടി അഡ്വ. അരിസ്‌റ്റോട്ടില്‍ ഹാജരായി. ജസ്റ്റിസ് ബോബ്‌ഡേയും ജസ്റ്റിസ് നാഗേശ്വരറാവുമാണ് ഹര്‍ജിയില്‍ വാദം കേട്ടത്.

Advertisement