പെണ്‍കുട്ടിയുടെ വസ്ത്രമാണ് പീഡനത്തിന് കാരണമെന്ന് പറയുന്നവര്‍ക്കുള്ള ഉത്തരം ആശാന്‍ പണ്ടേ എഴുതിവെച്ചിട്ടുണ്ട്; സിവിക് ചന്ദ്രനെതിരായ കേസിലെ വിധിയില്‍ സുനില്‍ പി. ഇളയിടം
Kerala News
പെണ്‍കുട്ടിയുടെ വസ്ത്രമാണ് പീഡനത്തിന് കാരണമെന്ന് പറയുന്നവര്‍ക്കുള്ള ഉത്തരം ആശാന്‍ പണ്ടേ എഴുതിവെച്ചിട്ടുണ്ട്; സിവിക് ചന്ദ്രനെതിരായ കേസിലെ വിധിയില്‍ സുനില്‍ പി. ഇളയിടം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th August 2022, 8:02 am

കോഴിക്കോട്: ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് അനുകൂലമായും പരാതിക്കാരിക്കെതിരായുമുള്ള കോഴിക്കോട് സെഷന്‍സ് കോടതിയുടെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് എഴുത്തുകാരനും ചിന്തകനുമായ സുനില്‍ പി. ഇളയിടം.

പരാതിക്കാരി ധരിച്ചത് ലൈംഗിക പ്രകോപനമുണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രമായിരുന്നെന്നും അതിനാല്‍ പീഡനപരാതി നിലനില്‍ക്കില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. ഇതിന്മേലാണ് സുനില്‍ പി. ഇളയിടത്തിന്റെ പ്രതികരണം.

പെണ്‍കുട്ടി മോശമായി വസ്ത്രം ധരിച്ചതുകൊണ്ടാണ് കയറിപ്പിടിച്ചതെന്ന് പറയുന്നവര്‍ക്കുള്ള ഉത്തരം കുമാരനാശാന്‍ പണ്ടേ എഴുതിവെച്ചിട്ടുണ്ട് എന്നാണ് സുനില്‍ പി. ഇളയിടം പറഞ്ഞത്.

എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗാലറിയില്‍ നടക്കുന്ന നേമം പുഷ്പരാജിന്റെ ഡിസ്റ്റോപിയ കലാ പ്രദര്‍ശനത്തോടനുബന്ധിച്ച് നടത്തിയ പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”പടുരാക്ഷസ ചക്രവര്‍ത്തിയെന്‍ ഉടല്‍ മോഹിച്ചത് ഞാന്‍ പിഴച്ചതോ,’ എന്ന് ആശാന്‍ എഴുതിയത് 1916ലാണ്. അത് ഇന്നത്തെ കാലത്ത് കൂടുതല്‍ തെളിഞ്ഞുവരുന്നു. ബലാത്സംഗം ചെയ്യപ്പെട്ടത് പെണ്‍കുട്ടിയുടെ കുറ്റമാണ് എന്ന നിലയിലാണ് ഇന്ന് വ്യാഖ്യാനം.

ഈ ചിത്രപ്രദര്‍ശനത്തിലും നീതിയെ വിഷയമാക്കി ഒരു ചിത്രം കണ്ടു. അറിവ് നീതിബോധമായില്ലെങ്കില്‍ പിന്നെ എന്തുകാര്യം?,” ഇളയിടം പറഞ്ഞു.

കലയില്‍ പൊളിറ്റിക്കല്‍ കറക്ട്‌നെസ് കൂടിയേ തീരൂ എന്ന് പറയാനാവില്ല. ചങ്ങമ്പുഴ കവിതയില്‍ അന്ന് നടന്ന സ്വാതന്ത്ര്യസമരം കാണാനാവില്ല. പക്ഷെ കവി നാട്ടുഭാഷയുടെ വിപ്ലവം സൃഷ്ടിച്ചു.

ഗാന്ധിക്ക് കല ഇഷ്ടമായിരുന്നില്ല. പക്ഷെ അദ്ദേഹത്തെ പോലെ ഇന്ത്യന്‍ കലാരൂപങ്ങളെ സ്വാധീനിച്ച മറ്റൊരു വ്യക്തിയില്ല. വലിയ കല എന്നാല്‍ പുതിയ ഭാഷ സൃഷ്ടിക്കലാണ്. ആശാനും ബഷീറും സ്വന്തം ഭാഷ ചമച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാഹിത്യ അക്കാദമി സെക്രട്ടറി അശോകന്‍ ചരുവിലും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

അതേസമയം, കഴിഞ്ഞദിവസമായിരുന്നു സിവിക് കേസിലെ വിവാദ വിധി പുറപ്പെടുവിച്ചത്. ലൈംഗികാകര്‍ഷണമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ സെക്ഷ്വല്‍ ഹരാസ്‌മെന്റിനുള്ള ഐ.പി.സി 354എ വകുപ്പ് നിലനില്‍ക്കില്ല, എന്നായിരുന്നു കോഴിക്കോട് സെഷന്‍സ് കോടതി വിധിച്ചത്.

കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ്. കൃഷ്ണകുമാറാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച് കൊണ്ടുള്ള കോഴിക്കോട് സെഷന്‍സ് കോടതിയുടെ 12-8-2022 ഉത്തരവിലാണ് ഈ വിചിത്ര വാദം.

കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡനക്കേസിലും സിവിക് ചന്ദ്രന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

Content Highlight: Sunil P. Ilayidom reaction on the Kozhikode session court verdict on the rape case against Civic Chandran