പൊതുമരാമത്ത് വകുപ്പും മന്ത്രിയും ക്രൂശിക്കപ്പെടാന്‍ കാരണമെന്ത്?
DISCOURSE
പൊതുമരാമത്ത് വകുപ്പും മന്ത്രിയും ക്രൂശിക്കപ്പെടാന്‍ കാരണമെന്ത്?
ശ്രീകാന്ത് പി.കെ
Wednesday, 17th August 2022, 10:11 pm
വര്‍ഷം പതിനായിരം കോടിയുടെയെങ്കിലും അഴിമതിയാണ് കേരളത്തിലെ പൊതുമരാമത്ത് വകുപ്പിലെ ഇത്തരം കോണ്‍ട്രാക്റ്റര്‍- ഉദ്യോഗസ്ഥ - രാഷ്ട്രീയ നെക്‌സസിന്റെ ഫലമായി നടന്നു കൊണ്ടിരുന്നത്. ആ സാമ്പത്തിക സ്രോതസ്സടയുമ്പോള്‍ തിരിച്ചു പിടിക്കാനുള്ള പ്രവര്‍ത്തികള്‍ക്ക് അവര്‍ നല്‍കുന്ന കൊളാറ്ററല്‍ സപ്പോര്‍ട്ടാണ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഈ അടുത്ത ദിവസങ്ങളില്‍ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിവാദകേന്ദ്രങ്ങളില്‍ ഒന്നായിരുന്നു കേരള പൊതുമരാമത്ത് വകുപ്പും വകുപ്പ് മന്ത്രിയും. മഴക്കാലത്തിനു മുമ്പുതന്നെ സംസ്ഥാന പൊതുമരാമത്ത് വകുപ്പിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ള ചില ‘പ്രത്യേക’ വാര്‍ത്തകള്‍ വാര്‍ത്താ ചാനലുകളുടെ ഓണ്‍ലൈന്‍ മീഡിയങ്ങളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടാണ് തുടക്കം.

മഴ തുടങ്ങിയതോടുകൂടി അത് അതിശക്തമായ വിമര്‍ശനവും പിന്നീട് നിയമസഭാ സമ്മേളനത്തോടുകൂടി ട്രോളുകളും പരിഹാസങ്ങളുമായി അക്രമ സ്വഭാവത്തിലേക്ക് വരികയും ചെയ്തു. ഏറ്റവും അവസാനം ഒരു മലയാള സിനിമയുടെ പോസ്റ്ററിലെ പരസ്യവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പൊതുമരാമത്ത് വകുപ്പിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് ഒരു പുതിയ മാനം നല്‍കി.

പൊതുമരാമത്തു വകുപ്പിന്റെ കഴിഞ്ഞ വര്‍ഷക്കാലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഒരു ഗവേഷണ താത്പര്യത്തോടെ പഠനം നടത്തിയ ആളെന്ന നിലയില്‍ക്കൂടി ഈ വിമര്‍ശനങ്ങള്‍ക്ക് കാരണമായ ചില സവിശേഷ കാരണങ്ങള്‍ നിരീക്ഷിക്കാന്‍ ശ്രമിക്കുകയാണ്.

സാധാരണ നിലയില്‍ ഒരു മുന്നണി ഭരിക്കുമ്പോള്‍ ആ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളെ കുറിച്ചുള്ള രാഷ്ട്രീയ വിമര്‍ശനങ്ങള്‍ സ്വാഭാവികമാണ്. പ്രതിപക്ഷമെന്ന നിലയില്‍ ഓരോ വകുപ്പിലെയും കുറ്റങ്ങളും കുറവുകളും പല പദ്ധതികളോടുള്ള വിമര്‍ശനങ്ങളും ഉന്നയിക്കപ്പെടുകയും അത് മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യും. കഴിഞ്ഞ കൊവിഡ് കാലത്ത് ആ തരത്തില്‍ ആരോഗ്യ വകുപ്പായിരുന്നു ശ്രദ്ധിക്കപ്പെട്ടിരുന്നത്.

എന്നാല്‍ ഒന്നാം പിണറായി സര്‍ക്കാരിലെ കാലത്തിന്റെ പ്രത്യേകത കൂടി പരിഗണിച്ച് ഏറ്റവും ക്രിയാത്മകമായ പ്രകടനം കാഴ്ചവെച്ച വകുപ്പെന്ന നിലയില്‍ ആരോഗ്യ വകുപ്പും വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറും പോസിറ്റിവായ ക്രിട്ടിക്കുകള്‍ കൊണ്ടാണ് ജനശ്രദ്ധയിലേക്ക് വന്നത്. രണ്ടാം പിണറായി സര്‍ക്കാരിലേക്കുള്ള വാതില്‍ സുഗമമാക്കിയതില്‍ ഒരു പങ്ക് ആരോഗ്യവകുപ്പിനുമുണ്ട്.

എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാരില്‍, ആ തരത്തില്‍ വകുപ്പിലെ ക്രിയാത്മകമായ പ്രകടനങ്ങള്‍ കൊണ്ട് പോസിറ്റിവ് ഇമ്പാക്ടിലൂടെ ജനങ്ങളിലെത്തേണ്ടിയിരുന്ന ഒരു വകുപ്പായ പൊതുമരാമത്ത് വകുപ്പും വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസും ഈ ദിനങ്ങളില്‍ അതിനു നേരെ വിപരീതമായ വാര്‍ത്തകള്‍ കൊണ്ടാണ് വാര്‍ത്തകളില്‍ നിറയുന്നത്.

സര്‍ക്കാരിന്റെ ആദ്യ കാലത്ത് ഏറ്റവും മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന വകുപ്പെന്നും വകുപ്പ് മന്ത്രിയെന്നും പേരെടുത്ത അതെ വകുപ്പും മന്ത്രിയും പെട്ടെന്നൊരു സമയം മുതല്‍ അതിനു നേരെ വിപരീതമായ അവസ്ഥയിലേക്ക് പ്ലോട്ട് ചെയ്യപ്പെടുന്നതിനു കാരണമെന്താണ് ?

ഏറ്റവും ലളിതമായി പറഞ്ഞാല്‍ അതൊരു പൊതുബോധ നിര്‍മ്മാണത്തിന്റെ ഭാഗമാണ്.

രണ്ടാം പിണറായി സര്‍ക്കാരില്‍ പി.എ. മുഹമ്മദ് റിയാസ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷമുയര്‍ന്ന വിമര്‍ശനങ്ങളെ നേരിടാനെന്നവണ്ണം അതുവരെയില്ലാത്ത ചില തീരുമാനങ്ങളും നടപ്പുരീതികള്‍ മാറ്റിക്കൊണ്ടുള്ള ഒരു ഓപ്പറേഷന്‍ പ്രൊസീജിയറുമാണ് കൈക്കൊണ്ടത്.

കേരളത്തിലെ അഴിമതിയുടെ കൂത്തരങ്ങായി വിശേഷിപ്പിക്കുന്ന ‘വെള്ളാന’ എന്ന ചീത്തപ്പേരുള്ള പൊതുമരാമത്ത് വകുപ്പിനെ ഒരു പ്രൊഫഷണല്‍ ബോഡിയായി മാറ്റുക എന്നതാണ് ആ പ്രവര്‍ത്തി എന്ന് എളുപ്പത്തില്‍ മനസിലാക്കാം. പ്രായം യുവതയിലുള്ള വകുപ്പ് മന്ത്രിക്ക് കൂടുതല്‍ ധനാത്മകമായി ഒരു ആധുനിക പ്രൊഫഷണല്‍ ബോഡിയായി പൊതുമരാമത്ത് വകുപ്പിനെ മാറ്റിയെടുക്കുക എന്നത് ഒട്ടുമേ എളുപ്പമുള്ള ഒരു ജോലിയുമല്ല.

ഒരു സ്വകാര്യ കോര്‍പ്പറേറ്റ് എങ്ങനെയാണോ കലണ്ടര്‍ അനുസരിച്ചു പ്രവര്‍ത്തനങ്ങള്‍ തീര്‍ക്കുന്നത് ഏതാണ്ട് ആ നിലയില്‍ വകുപ്പിലെ എല്ലാ ജോലികള്‍ക്കും ക്രമീകരണമുണ്ടാക്കുക എന്നതായിരുന്നു മന്ത്രിയായ ശേഷം അദ്ദേഹം ചെയ്ത ആദ്യത്തെ തീരുമാനം. വിവാദമായ സിനിമാ പോസ്റ്റര്‍ സമയത്ത് മാധ്യമങ്ങളോട് പ്രതികരിച്ചപ്പോള്‍ മന്ത്രി പറഞ്ഞ വാചകമാണ് ‘ കേരളമുണ്ടായ കാലം മുതലുള്ള പ്രശ്‌നമാണ് റോഡുകളെ കുറിച്ചുള്ള പ്രശ്‌നമെന്നത്’.

അങ്ങനെ കേരളത്തിന്റെ കുപ്രസിദ്ധമായ റോഡ് ശോചനീയാവസ്ഥയുടെ മൂലകാരണത്തെ കണ്ടുപിടിക്കുകയും അത് ശരിയാക്കുകയും ചെയ്യുക എന്നതാണ് അടിസ്ഥാനപരമായി ആവശ്യമായ കാര്യം. റോഡ് നിര്‍മ്മിക്കപ്പെട്ട് ആഴ്ചകള്‍ക്കുള്ളില്‍ കുണ്ടും കുഴിയുമായി തകര്‍ന്നു പോകുന്ന റോഡുകള്‍ എന്ന സ്ഥിതി വിശേഷം മാറ്റുക എന്ന അടിയന്തര ഉദ്ദേശത്തോടെയാണ് കേരള പൊതുമരാമത്തു വകുപ്പ് ഡി.എല്‍.പി ( DLP – Defect Liability Period) അഥവാ പരിപാലന കാലാവധി ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങിയത്.

പ്രതിപക്ഷത്തെ നേതാക്കളില്‍ നിന്നടക്കം നല്ല പിന്തുണ ലഭിച്ച ഈ പരിപാടി പക്ഷേ മറ്റൊരു കൂട്ടരുടെ വലിയൊരു സാമ്പത്തിക സ്രോതത്തിന്റെ അസ്ഥിരവാരം ഇളക്കുന്ന പണിയായിരുന്നു.

 

ഡി.എല്‍.പി ബോര്‍ഡുകള്‍ ഇല്ലാതാക്കിയ കോടികളുടെ അഴിമതിപ്പണം.

ഡി.എല്‍.പി ബോര്‍ഡുകള്‍ സ്ഥാപിക്കുക വഴി സംസ്ഥാന പി.ഡബ്ല്യു.ഡിക്ക് കീഴിലുള്ള ഓരോ റോഡുകളുടെയും ഒരു എക്‌സ്പയറി ഡേറ്റ് പൊതുജങ്ങള്‍ക്ക് കൂടി മനസിലായിത്തുടങ്ങി. റോഡ് നിര്‍മിച്ച കരാറുകാരന്റെയും അസിസ്റ്റന്റ് എഞ്ചിനീയറുടെയും വിവരങ്ങളും ഫോണ്‍ നമ്പറും പൊതുമരാമത്ത് വകുപ്പ് വകുപ്പിന്റെ ടോള്‍ ഫ്രീ നമ്പറും കൂടി നല്‍കുക വഴി റോഡിലെ ഏത് തകരാറിനും പൊതുജനത്തിന് നേരിട്ട് പരാതി നല്‍കാമെന്ന അവസ്ഥ വന്നു.

 

പരിപാലന കാലാവധി തീരും വരെ ആ റോഡുമായി ബന്ധപ്പെട്ട എല്ലാ തകരാറും റോഡ് നിര്‍മിച്ച കോണ്‍ട്രാക്ടര്‍മാരുടെ ഉത്തരവാദിത്തമാണ്. ആ കാലാവധിക്കുള്ളില്‍ ആ റോഡുമായി ബന്ധപ്പെട്ട എന്ത് മരാമത്ത് ജോലികളും അവര്‍ ചെയ്തുതീര്‍ക്കണം.

കാലമത്രയും നടന്നിരുന്ന സമ്പ്രദായം ഇത്തരം കുഴികള്‍ രൂപപ്പെട്ട റോഡുകള്‍ കോണ്‍ട്രാകടര്‍മാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തിരിഞ്ഞു നോക്കാതിരിക്കുകയും ആ റോഡിലൂടെ യാത്ര മുഴുവനായും ദുസ്സഹമായി മാറുമ്പോള്‍ പുതിയ വര്‍ക്കായി വലിയ തുകയ്ക്ക് കോണ്‍ട്രാക്ട് ലഭിച്ചു വീണ്ടും റീടാറിങ് ചെയ്യുകയുമാണ് ചെയ്യാറ്.

ഈ കോണ്‍ട്രാക്ടര്‍ – ഉദ്യോഗസ്ഥ- രാഷ്ട്രീയ ലോബി ഇതുവഴി കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടത്തിക്കൊണ്ടിരുന്നത്. ആ സാമ്പത്തിക സ്രോതസ്സിനാണ് ഇപ്പോള്‍ മൂക്കുകയറിട്ടത്. അതേ ലോബിയുടെ നെക്‌സസ് തന്നെയാണ് ഇപ്പോഴുള്ള ഈ വിവാദങ്ങളുടെ ബുദ്ധിശക്തിയുമെന്നത് ശക്തിയുക്തം തന്നെ സംശയിക്കേണ്ടിയിരിക്കുന്നു.

കേരളത്തിലെ മുന്‍നിര വാര്‍ത്താമാധ്യമങ്ങളും ചില ഓണ്‍ലൈന്‍ – യൂട്യൂബ് ചാനലുകളും പെട്ടെന്ന് പൊതുമരാമത്ത് വകുപ്പിനെതിരെ സാധാരണമെന്ന് തോന്നിക്കുന്ന വാര്‍ത്തകള്‍ ചെയ്തുകൊണ്ടിരിക്കുന്നുണ്ട്.

കേരളത്തില്‍ റോഡുകള്‍ പലവിധമുണ്ടെന്നും ദേശീയ പാത, കോര്‍പ്പറേഷന്‍ – മുനിസിപ്പാലിറ്റി- പഞ്ചായത്ത് റോഡുകള്‍, അതിന് പുറമെ ഫോറസ്റ്റ് വകുപ്പ്, ജലസേചന വകുപ്പ്, വൈദ്യുതി വകുപ്പ്, തുറമുഖ വകുപ്പ് ,റെയില്‍വേ അങ്ങനെ വിവിധ ഡിപ്പാര്‍ട്‌മെന്റുകളുടെ അധീനതയിലും റോഡുകളുണ്ടെന്നും അതില്‍ ഒന്ന് മാത്രമാണ് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളെന്നും ഈ മാധ്യമങ്ങള്‍ പറയാതെ, ഇതിലേത് റോഡുകളിലെ തകരാറിനും പൊതുമരാമത്ത് വകുപ്പിലേക്ക് കണക്ട് ചെയ്യുന്ന പൊതുബോധം സൃഷ്ടിക്കുന്നത് കൃത്യമായും ഫണ്ട് ചെയ്യപ്പെട്ട വാര്‍ത്തകളുടെ അജണ്ടയാണ്.

രണ്ട് ദിവസം മുന്നേ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയായിരുന്നു ആലപ്പുഴയില്‍ ബൈക്ക് അപകടത്തില്‍ ഒരു യുവാവ് കൊല്ലപ്പെട്ട വാര്‍ത്ത. റോഡിലേക്കു കയറ്റി പാര്‍ക് ചെയ്തിരുന്ന ബസിനെ കണ്ടു വെട്ടിക്കാന്‍ ശ്രമിച്ച യുവാവ് നിയന്ത്രണം നഷ്ടപ്പെട്ടു ലോറിക്കടിയിലേക്ക് പോയാണ് കൊല്ലപ്പെട്ടത്.

ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പക്ഷെ മലയാളത്തിലെ ദൃശ്യമാധ്യമങ്ങള്‍ ആവര്‍ത്തിച്ചു റിപ്പോര്‍ട്ട് ചെയ്തത് റോഡിലെ കുഴി കണ്ട് വെട്ടിച്ച് അപകടത്തില്‍പ്പെട്ടു എന്നാണ്. മനോരമ ന്യൂസ് ഒരുപടി കൂടി കടന്നു റോഡിലെ കുഴിയില്‍ വീണു യുവാവിന് ദാരുണാന്ത്യം എന്ന വൈകാരികതയെ ഉത്തേജിപ്പിക്കുന്ന ടാബ്ലോയിഡ് വാര്‍ത്തയും നല്‍കി.

പൊതുമാരാമത്ത് വകുപ്പിന് കീഴിലെ റോഡുകള്‍ക്കെതിരെ പൊതുബോധമുത്പ്പാദിപ്പിക്കാന്‍ അജണ്ടകള്‍ക്ക് പുറമെ ചെയ്യുന്ന വാര്‍ത്തകളാണിതെന്ന് എളുപ്പത്തില്‍ മനസിലാക്കിയെടുക്കാം. കേരളത്തിലെ എല്ലാ മുഖ്യധാരാ ദൃശ്യമാധ്യമങ്ങളും തന്നെ പണമോ പരസ്യമോ വാങ്ങി വാര്‍ത്തകള്‍ നല്‍കാറുണ്ട്.

അടുത്തിടെ ഏഷ്യാനെറ്റ് ന്യൂസില്‍ നിന്ന് പുറത്തായ ഒരു മാധ്യമപ്രവര്‍ത്തകനുമായി മറ്റൊരു മാധ്യമം നടത്തിയ അഭിമുഖത്തില്‍ ബിഷപ്പ് ഫ്രാങ്കോ വിവാദ സമയത് അദ്ദേഹം പ്രൊഡ്യൂസ് ചെയ്ത സ്റ്റോറി നല്‍കാതിരിക്കാന്‍, പരസ്യം ലഭിക്കില്ലന്ന കാരണം പറഞ്ഞ് ഇടപെടല്‍ ഉണ്ടായി എന്ന് പറയുന്നുണ്ട്.

മലയാളത്തിലെ അനേകം വരിക്കാരുള്ള ഒരു പ്രമുഖ യൂട്യൂബര്‍ക്ക് പൊതുമരാമത്ത് വകുപ്പിനെ പരിഹസിച്ചു കൊണ്ട് വീഡിയോ നിര്‍മിക്കാന്‍ വീഡിയോ ഒന്നിന് പത്ത് ലക്ഷം വരെ ഓഫര്‍ ചെയ്യപ്പെട്ടു ആളുകള്‍ സമീപിച്ചു എന്ന് അദ്ദേഹം ഡിപ്പാര്‍ട്‌മെന്റിനെ അറിയിച്ചു എന്നൊരു വാര്‍ത്ത കേട്ടിരുന്നു. അത്രയും സംഘടിതമായി പ്രവര്‍ത്തിക്കുന്ന ഒരു വലിയ നെക്‌സാണ് ഈ അഴിമതി പണത്തിന്‍റെ ഉപഭോതാക്കള്‍.

വര്‍ഷം പതിനായിരം കോടിയുടെയെങ്കിലും അഴിമതിയാണ് കേരളത്തിലെ പൊതുമരാമത്ത് വകുപ്പിലെ ഇത്തരം കോണ്‍ട്രാക്റ്റര്‍- ഉദ്യോഗസ്ഥ – രാഷ്ട്രീയ നെക്‌സസിന്റെ ഫലമായി നടന്നു കൊണ്ടിരുന്നത്. ആ സാമ്പത്തിക സ്രോതസ്സടയുമ്പോള്‍ തിരിച്ചു പിടിക്കാനുള്ള പ്രവര്‍ത്തികള്‍ക്ക് അവര്‍ നല്‍കുന്ന കൊളാറ്ററല്‍ സപ്പോര്‍ട്ടാണ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ആദ്യം പറഞ്ഞത്തിന്റെ തുടര്‍ച്ചയായി വകുപ്പിലെ മറ്റൊരു ഇടപെടല്‍ കൂടി ഇതിനു കാരണമാണ്. രണ്ടാഴ്ച കൂടുമ്പോള്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി മുതല്‍ താഴോട്ടുള്ള ഉദ്യോഗസ്ഥര്‍ നേരിട്ട് പങ്കെടുത്തുകൊണ്ട് ഓരോ ജില്ലയിലെയും ഓരോ മണ്ഡലത്തിലെയും റോഡുകളും, തകരാറുള്ള റോഡുകളുമൊക്കെ പരിശോധിക്കുന്ന ഒരു ഡീറ്റയില്‍ഡ് മീറ്റിങ് മന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കാറുണ്ട്. ഇതിന്റെ ഫലമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന തകരാറുകള്‍ മന്ത്രിയുടെ ഓഫീസില്‍ നിന്ന് തുടര്‍ പരിശോധനയ്ക്ക് വിധേയമാക്കും.

മൂന്ന് മാസത്തിലൊരിക്കല്‍ ഒരു ജില്ലയ്ക്ക് ഒരു ദിവസമെന്ന നിലയില്‍ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലെ ജനപ്രതിനിധികള്‍ കൂടി ഈ ഉദ്യോഗസ്ഥരുടെ കൂടെ മീറ്റിങ്ങില്‍ പങ്കെടുക്കുകയും അവരുടെ പരാതികളും ആവശ്യങ്ങളും അറിയിക്കുകയും ചെയ്യും. മറ്റ് വകുപ്പുകളുടെ മന്ത്രിമാര്‍ പോലും എം.എല്‍.എ എന്ന നിലയില്‍ ഈ യോഗത്തില്‍ പങ്കെടുക്കുന്നത് കൗതുകകരവും എന്നാല്‍ വളരെയധികം ആശാവഹവുമായ സംഗതിയാണ്.

ഈ യോഗത്തില്‍ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് പുറമെ കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, കിഫ്ബി, കെ.ആര്‍.എഫ്.ബി, ആര്‍.ബി.ഡി.സി.കെ തുടങ്ങിയ മറ്റ് കോര്‍പ്പറേഷനുകളുടെയും ഡിപ്പാര്‍ട്‌മെന്റുകളിലെയും ഉദ്യോഗസ്ഥര്‍ കൂടി പങ്കെടുത്ത് സംയോജിതമായ ഒരു പ്രശ്‌നപരിഹാരം നിര്‍ദ്ദേശിക്കപ്പെടുകയും അതിനുള്ള തീയതി ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് വാങ്ങുകയും മന്ത്രിയുടെ ഓഫീസ് നിരന്തരമായി ഫോളോ അപ്പുകള്‍ നടത്തുകയും ചെയ്യുന്നു.

ഇതിന്റെ ഫലമായി അഴിമതിക്കുള്ള വലിയ സാധ്യതകള്‍ അടയുന്നു എന്നുമാത്രമല്ല, അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് പുറമെ നടപ്പുരീതി ശീലിച്ച ഉദ്യോഗസ്ഥര്‍ വരെ പ്രൊഫഷണല്‍ രീതിയില്‍ പണിയെടുക്കേണ്ടി വരികയും അവരും വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെയും വകുപ്പ് മന്ത്രിയെയും ശത്രുക്കളായി കാണുന്ന മനോഭാവവും വന്നു.

കോമ്പോസിറ്റ് ടെണ്ടര്‍ അടക്കുന്ന അഴിമതിയുടെ മറ്റൊരു വാതില്‍.

കോമ്പോസിറ്റ് ടെണ്ടര്‍ വഴി സംസ്ഥാന സര്‍ക്കാര്‍ കെട്ടിടങ്ങളുടെ നിര്‍മാണരംഗത്ത് നിലനില്‍ക്കുന്ന മെല്ലെപ്പോക്കിന് അറുതി വരുത്താന്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ വന്ന മറ്റൊരു നടപടിയും അഴിമതിക്കുള്ള വലിയൊരു വാതായനം അടയ്ക്കുകയാണ് ചെയ്തത്. കോമ്പോസിറ്റ് ടെണ്ടര്‍ (സംയുക്തക്കരാര്‍) വ്യവസ്ഥയാണ് ഇതിനായി നടപ്പാക്കുന്നത്.

ഇതിന്റെ ഭാഗമായി പൊതുമരാമത്ത് ചട്ടങ്ങളില്‍ ഭേദഗതി വരുത്തി. ഇതോടെ കെട്ടിടനിര്‍മാണം, ഇലക്ട്രിക്കല്‍ ജോലികള്‍ തുടങ്ങിയവ ഒരു കരാറുകാരന്‍ തന്നെ ചെയ്യേണ്ടി വരുമെന്നതാണ് പ്രധാന മാറ്റം. സിവില്‍ വര്‍ക്കും ഇലക്ട്രിക് വര്‍ക്കും പ്രത്യേക ടെണ്ടര്‍ ചെയ്ത് നടപ്പിലാക്കുന്നതു മൂലം കെട്ടിടങ്ങള്‍ പൂര്‍ത്തീകരിക്കുന്നത് വളരെയധികം നീണ്ടുപോകുന്നതിനാണ് ഇതോടെ അറുതി വരുന്നത്.

കോമ്പോസിറ്റ് ടെന്‍ഡറില്‍ എല്ലാ ജോലികളും ഒരു കരാറുകാരനില്‍ വരുന്നതോടെ കെട്ടിടനിര്‍മാണത്തിനൊപ്പം വൈദ്യുതിവിതരണ ജോലികളും തുടക്കത്തിലേ ആരംഭിക്കാനാകും. രണ്ടു ജോലികളും ഒരുമിച്ചുചെയ്യാനാകുന്നത് സാമ്പത്തികനേട്ടത്തിനും സാധിക്കും. സാധാരണ നിലയില്‍ നമ്മുടെ വീടും നമ്മളൊക്കെ അങ്ങനെ ആണല്ലോ ചെയ്യാറുള്ളത്. കൂടാതെ നിലവിലെ സിവില്‍, ഇലക്ട്രിക്കല്‍ കരാറുകാര്‍ക്ക് പുതുതായി കോമ്പോസിറ്റ് കാറ്റഗറിയിലും രജിസ്റ്റര്‍ ചെയ്യാനാകും.

കേന്ദ്ര പൊതുമരാമത്ത് വകുപ്പ് വര്‍ഷങ്ങളായി കോമ്പോസിറ്റ് ടെണ്ടര്‍ വ്യവസ്ഥയാണ് നടപ്പാക്കുന്നത്. കോമ്പോസിറ്റ് ടെണ്ടര്‍ കൊണ്ടുവരാന്‍ 2008ല്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ആ ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ കരാറുകാരുടെ സംഘടന കോടതിയെ സമീപിച്ചു. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ 2008ലെ ഉത്തരവില്‍ മാറ്റങ്ങള്‍ വരുത്തി 2011ല്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. തുടര്‍ന്നും കരാറുകാരുടെ സംഘടനകള്‍ കോടതിയെ സമീപിച്ചു.

2020ല്‍ കെട്ടിട നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ണമായും കോമ്പോസിറ്റ് ടെണ്ടറിലൂടെ നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ആ അവസരത്തിലും സംഘടനകള്‍ ഉത്തരവ് നടപ്പിലാക്കുന്നതിനെതിരെ കോടതിയെ സമീപിച്ചു. എന്നാല്‍ 2021 ഫെബ്രുവരി മാസം മൂന്നിന് ഹൈക്കോടതി പരാതിക്കാര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ വസ്തുതാപരമല്ലെന്ന് കണ്ട് ഈ വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് വിധി പറഞ്ഞു.

ഇത് വന്‍കിട കരാറുകാര്‍ക്ക് മാത്രമാണ് ഗുണമാവുകയെന്നും തങ്ങള്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. എന്നാല്‍ കോമ്പോസിറ്റ് ടെണ്ടര്‍ നടപടിയില്‍ സിവില്‍ കരാറുകാര്‍ക്കൊപ്പം ഇലക്ട്രിക്കല്‍ കരാറുകാര്‍ക്കും പങ്കെടുക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ക്കാണ് പ്രാധാന്യമെങ്കില്‍ ഇവരിലൂടെ മാത്രമേ കരാറില്‍ പങ്കെടുക്കാനും കഴിയൂ.

ഈ സാഹചര്യത്തില്‍ വിവേചനമുണ്ടെന്ന വാദം അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. നിലവില്‍ കെട്ടിടങ്ങളുടെ സിവില്‍ വര്‍ക്ക് പൂര്‍ത്തീകരിച്ച ശേഷം മാത്രമാണ് പലപ്പോഴും ഇലക്ട്രിക്കല്‍ /ഇലക്ട്രോണിക് പ്രവൃത്തികള്‍ക്കുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി ടെണ്ടറിലേക്ക് കടക്കുന്നുള്ളൂ. ഇതിന്റെ പ്രശ്‌നം പൂര്‍ത്തീകരണ കാലാവധി ഗണ്യമായി വര്‍ധിക്കാന്‍ കാരണമാകുന്നു.

കൂടാതെ പൂര്‍ത്തീകരിച്ച കെട്ടിടങ്ങളില്‍ ഇലക്ട്രിക് പ്രവര്‍ത്തികള്‍ നടത്താന്‍ വീണ്ടും വീണ്ടും കുത്തിപ്പൊളിക്കേണ്ടതായും വരുന്നു. ഇവയെല്ലാം ഒഴിവാക്കി പ്രവര്‍ത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ച് കെട്ടിടങ്ങളുടെ ഉപയോഗം ജനങ്ങള്‍ക്ക് വളരെ വേഗത്തില്‍ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് കോമ്പോസിറ്റ് ടെണ്ടര്‍ നടപ്പാക്കുന്നത്.

ഈയൊരു തീരുമാനവും കരാറുകാരെയും അവരുടെ കൈക്കൂലി പണം കൈപ്പറ്റി കൊഴുത്ത ഉദ്യോഗസ്ഥലോബിയെയും കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലം കൊണ്ട് പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ച നടപടികളുടെ ഭാഗമായി ഒരു വലിയ സംഘത്തിന്റെ കൊള്ളവരുമാനമായ സാമ്പത്തിക സ്രോതസ്സിനാണ് പിടി വീണിരിക്കുന്നത്.

വെള്ളാനയായി അറിയപ്പെട്ടിരുന്ന ഒരു വകുപ്പിനെ മാറ്റിയെടുക്കാനുള്ള പദ്ധതികള്‍ ഒരു തരത്തിലും നടത്തിക്കില്ല എന്ന അജണ്ടയുടെ പുറത്ത് ആ വെള്ളാനയെ ചൂഷണം ചെയ്ത് ജീവിച്ച ഒരു വലിയ നെക്‌സസ് പണമിറക്കി തന്നെ നടത്തുന്ന പൊതുബോധ നിര്‍മാണത്തിന്റെ ചില ഭാഗങ്ങള്‍ മാത്രമാണ് ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നത്.

ട്രോളുകളായും, പത്രമുത്തശ്ശിമാരുടെ കാര്‍ട്ടൂണുകളായും, ദൃശ്യമാധ്യമങ്ങളിളെ ഇടവിട്ടുള്ള വാര്‍ത്തകളാണ് അവരൊരു പൊതുബോധം നിര്‍മിച്ചെടുക്കുകയാണ്. വകുപ്പുമായി പുലബന്ധം പോലുമില്ലെങ്കിലും ഇതിന്റെയൊക്കെ കേന്ദ്രകഥാപാത്രതിലേക്ക് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും അവരോധിക്കപ്പെടുന്നു.

ഈ കഥ ഇനിയും തുടരും. വരും ദിവസങ്ങളില്‍ ഇതിലും വലിയ മാര്‍ക്കറ്റിങ് നടമാടാനാണ് സാധ്യത.

 

Content Highlight: Sreekanth PK about PWD Minister PA Muhammed Riyas and Kerala PWD Department