ടി-20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ കളിക്കില്ലെന്ന നിലപാട് പാകിസ്ഥാന്‍ തിരുത്തുമെന്ന് ഇന്ത്യന്‍ ലെജന്‍ഡ് സുനില്‍ ഗവാസ്‌കര്‍. വിമര്‍ശനങ്ങളുയരുന്ന സാഹചര്യത്തില്‍ ഈ നിലപാട് തിരുത്താന്‍ പാകിസ്ഥാന്‍ തയ്യാറാകുമെന്നും ഇതില്‍ വലിയ പുതുമയൊന്നുമില്ലെന്നും ഗവാസ്‌കര്‍ പറഞ്ഞു.
പാകിസ്ഥാന്‍ താരങ്ങളെയടക്കം ഉദാഹരിച്ചുകൊണ്ടാണ് ഗവാസ്‌കര്‍ ഇക്കാര്യം പരിഹാസരൂപേണ പറഞ്ഞത്. പാക് താരങ്ങള്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയും എന്നാല്‍ അധികം വൈകാതെ നിലപാട് തിരുത്തി കളിക്കളത്തിലേക്ക് മടങ്ങിയെത്താറുണ്ടെന്നും, സമാനമായി പാകിസ്ഥാന്‍ മത്സരം കളിക്കാന്‍ തയ്യാറാകുമെന്നുമാണ് ഗവാസ്‌കര്‍ പറഞ്ഞത്.
‘എനിക്ക് തോന്നുന്നത്, അടുത്ത നാലഞ്ച് ദിവസങ്ങളില്‍, ലോകമെമ്പാടുനിന്നും മുന്‍ പാക് താരങ്ങളില്‍ നിന്നുപോലും വിമര്‍ശനങ്ങളുയരുന്ന സാഹചര്യത്തില്‍ പാകിസ്ഥാന്‍ തങ്ങളുടെ നിലപാട് തിരുത്താന്‍ തന്നെയാണ് സാധ്യത.
ഇതിലെന്താണ് പുതുമ? നമുക്കറിയാവുന്നതാണ് പാക് താരങ്ങള്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയും നാല് ദിവസങ്ങള്‍ക്കിപ്പുറം വിരമിക്കല്‍ പിന്‍വലിച്ച് കളിക്കാനിറങ്ങുകയും ചെയ്യും. ചോദിച്ചാല്‍ പറയും ആരാധകര്‍ കളിക്കളത്തില്‍ തുടരാനാവശ്യപ്പെട്ടെന്ന്.
ഇത് ചിലപ്പോള്‍ ആവര്‍ത്തിച്ചെന്ന് വരാം. സ്വന്തം തീരുമാനങ്ങളില്‍ നിന്ന് യൂ ടേണ്‍ എടുക്കുന്നതില്‍ എന്താണ് പ്രശ്‌നം? എനിക്കറിയാവുന്നിടത്തോളം ഒരു പ്രശ്‌നവുമില്ല.
വിരമിക്കല്‍ പ്രഖ്യാപിക്കുകയും അതില്‍ നിന്ന് തിരിച്ചുവരികയും ചെയ്ത പാകിസ്ഥാന്‍ താരങ്ങള്‍ തന്നെ നിങ്ങള്‍ക്ക് മുമ്പില്‍ മാതൃക സൃഷ്ടിച്ചിട്ടുണ്ട്. 15ന് മുമ്പ് അതുപോലെ എന്തെങ്കിലും പ്രതീക്ഷിക്കാം,’ ഗവാസ്‌കര്‍ സ്‌പോര്‍ട്‌സ് തക്കിനോട് പറഞ്ഞു.
കൃത്യമായ കാരങ്ങളില്ലാതെയാണ് മത്സരം ബഹിഷ്‌കരിക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചതെങ്കില്‍ ഐ.സി.സി നടപടിയെടുക്കണമെന്നും ഗവാസ്‌കര്‍ പറഞ്ഞു.
ലോകകപ്പില്‍ നിന്നും ബംഗ്ലാദേശിനെ പുറത്താക്കിയതിന്റെ പ്രതിഷേധമെന്നോണമാണ് പാകിസ്ഥാന്‍ ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരായ മത്സരത്തില്‍ നിന്നും പിന്മാറിയത്. ഫെബ്രുവരി 15ന് കൊളംബോയിലെ ആര്‍. പ്രേമദാസ സ്‌റ്റേഡിയത്തിലാണ് മത്സരം.
ഇന്ത്യയ്‌ക്കെതിരെ കളത്തിലിറങ്ങില്ല എന്ന തീരുമാനം പാകിസ്ഥാന് വലിയ തിരിച്ചടിയാകും സമ്മാനിക്കുക. പോയിന്റ് നഷ്ടപ്പെടുന്നത് മാത്രമല്ല ടീമിന്റെ നെറ്റ് റണ്‍ റേറ്റിനെയും സാരമായി ബാധിക്കും. 20 ഓവറും ബാറ്റ് ചെയ്ത് ഒറ്റ റണ്‍സ് പോലും നേടാന്‍ സാധിച്ചില്ല എന്നാണ് ടെക്‌നിക്കലി വാക്കോവര്‍ പരിഗണിക്കപ്പെടുക. ഇത് നെറ്റ് റണ്‍ റേറ്റിലും സാരമായി ബാധിക്കും.
രണ്ട് ടീമുകള്‍ക്ക് ഒരേ പോയിന്റ് വരുന്ന സാഹചര്യത്തില്‍ അടുത്ത ഘട്ടത്തിലേക്ക് ഏത് ടീം പ്രവേശിക്കും എന നിര്‍ണയിക്കുന്നതിലടക്കം നെറ്റ് റണ്‍ റേറ്റിന് വലിയ പങ്കാണുള്ളത്. ഈ സാഹചര്യത്തിലാണ് പാകിസ്ഥാന്റെ ഭാഗ്യപരീക്ഷണം എന്നതും ശ്രദ്ധേയമാണ്.
പാകിസ്ഥാന്റെ ഈ പിന്മാറ്റം ചെറിയ തോതിലെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനും തിരിച്ചടിയാകും. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റവന്യൂ ജെനറേറ്റ് ചെയ്യുന്ന മത്സരമാണ് ഇത് എന്നതുതന്നെയാണ് കാരണവും.